UPDATES

ട്രെന്‍ഡിങ്ങ്

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, കോടതിയെ വിമര്‍ശിക്കാം; ഭൂരിപക്ഷ മേധാവിത്ത വാദം നിയമമാക്കാനാകില്ല: ജസ്റ്റിസ് ദീപക് ഗുപ്ത

എതിര്‍ക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന പ്രവണതയാണ് കാണുന്നത് എന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല എന്ന് സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ദീപക് ഗുപ്ത. അഹമ്മദാബാദില്‍ പ്രളീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആന്‍ഡ് ലക്ചര്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ “Law of sedition in India and Freedom of Expression” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ക്കുന്നവരേയും വിമര്‍ശിക്കുന്നവരേയും രാജ്യദ്രോഹികളായും ദേശവിരുദ്ധരായും മുദ്ര കുത്തുന്ന പ്രവണതയാണ് കാണുന്നത് എന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

രാജ്യദ്രോഹ നിയമം ബ്രീട്ടീഷ് കൊളോണിയല്‍ ഭരണകൂടം നിര്‍മ്മിച്ചതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റ് എതിര്‍ ശബ്ദങ്ങളോടും വിമര്‍ശനങ്ങളോടും സഹിഷ്ണുത കാണിച്ചിരുന്നില്ല. അഹമ്മദാബാദ് പൊലീസ് മഹാത്മ ഗാന്ധിക്കെതിരെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ള കാര്യം ജസ്റ്റിസ് ഗുപ്ത ഓര്‍മ്മിപ്പിച്ചു. ഒരാള്‍ അക്രമം നടത്തുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത പക്ഷം അയാള്‍ ഏതെങ്കിലും വ്യക്തിയോടോ സംവിധാനത്തോടോ കൂറോ അടുപ്പമോ പുലര്‍ത്താത്തത് നിയപരമായി തെറ്റല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഭൂരിപക്ഷമേധാവിത്ത വാദം നിയമമാക്കാന്‍ കഴിയില്ല. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട് എന്ന് കരുതി ന്യൂനപക്ഷാഭിപ്രായങ്ങളെ കേള്‍ക്കാതിരിക്കാനാവില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരുപോലെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ എല്ലാവരുടേയും ശബ്ദമായി പ്രവര്‍ത്തിക്കുന്നു എന്ന് അര്‍ത്ഥമില്ല. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഒരു പാര്‍ട്ടി പ്രസിഡന്റ് അദ്ദേഹത്തിന്റെ നേതാവിനെ രാജ്യവുമായി തുല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു (ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ബറുവയുടെ പ്രസംഗം).

രാജ്യത്തെ പൊലീസ് സേനകളെ ജസ്റ്റിസ് ഗുപ്ത രൂക്ഷമായി വിമര്‍ശിച്ചു. ക്രമസമാധാന തകര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍ പൊലീസ് സേനയില്‍ ആവശ്യമുള്ള ആള്‍ബലമില്ല എന്നായിരിക്കും മറുപടി. കൊലപാതക കേസുകളിലും ബലാത്സംഗം കേസുകളിലും കുട്ടികളെ പീഡിപ്പിക്കുന്ന പോക്‌സോ നിയമ പരിധിയില്‍ വരുന്ന കേസുകളിലും പൊലീസ് അന്വേഷണവും നടപടികളും ഇഴഞ്ഞുനീങ്ങും. എന്നാല്‍ രാജ്യദ്രോഹ കേസുകളില്‍, സെക്ഷന്‍ 153 എ പ്രകാരമുള്ള കേസുകളിലും അതുപോലെ സുപ്രീം കോടതി ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കി റദ്ദാക്കിയ ഐടി നിയമത്തിലെ സെക്ഷന്‍ 66 എയിലും മറ്റും കേസെടുക്കാനും നടപടികള്‍ക്കും പൊലീസിന് വലിയ ഉത്സാഹമാണ്. അപ്പോള്‍ ആളില്ലെന്ന പ്രശ്‌നമൊന്നും പൊലീസ് പറയില്ല. ഈ രാജ്യത്ത് പണവും അധികാരവുമുള്ളവര്‍ക്ക് ഒന്നും ഇതില്ലാത്ത സാധാരണക്കാര്‍ക്കായി മറ്റൊന്നും എന്ന തരത്തില്‍ രണ്ട് നിയമ വ്യവസ്ഥകളുണ്ടോ എന്ന് നിങ്ങള്‍ പറയണം. ഇത് അനുവദിക്കാനാവില്ല – ദീപക് ഗുപ്ത പറഞ്ഞു.

വായനയ്ക്ക്: Criticism of government not sedition, majoritarianism cannot be the law: Justice Deepak Gupta

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍