2018ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ശിവകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 840 കോടി രൂപയുടെ സ്വത്തുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കും 317 ബാങ്ക് അക്കൗണ്ടുകളുണ്ട് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 200 കോടി രൂപ തട്ടിയിട്ടുണ്ട്. ശിവകുമാറിനും കുടുംബത്തിനുമായി അനധികൃത സ്വത്ത് ആയി 800 കോടിയിലധികം രൂപയുണ്ട് എന്നും ഇ ഡി ആരോപിക്കുന്നു. 22 വയസുള്ള മകളുടെ പേരില്‍ പോലും 108 കോടി രൂപയുടെ സ്വത്തുണ്ട് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. അതേസമയം 2018ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ശിവകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 840 കോടി രൂപയുടെ സ്വത്തുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.
അഞ്ച് ദിവസത്തേയ്ക്ക് കൂടി ശിവകുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സമെന്റിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ആണ് ഹാജരായത്. ശിവകുമാര്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്നും സഹകരിക്കുന്നില്ലെന്നും നടരാജ് പറഞ്ഞു. നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കാന്‍ ശിവകുമാറിന് കഴിഞ്ഞിട്ടില്ല എന്നും ഇ ഡി അഭിഭാഷകന്‍ വാദിച്ചു.
അതേസമയം ശിവകുമാറിന്റെ ആരോഗ്യനില മോശമാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി അറിയിച്ചു. ശിവകുമാറിനെ ഇതുവരെ 100 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടുണ്ട്. ഇന്നലെ അദ്ദേഹം ഹോസ്പിറ്റലിലായിരുന്നു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണ്. 200 / 140 എന്ന നിലയില്‍. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ശിവകുമാര്‍ കസ്റ്റഡിയിലാണ്. ഇന്ന് പത്താമത്തെ ദിവസമാണ്. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റണം. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണം – സിംഗ്‌വി ആവശ്യപ്പെട്ടു. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.