UPDATES

വായിച്ചോ‌

കാശ്മീര്‍: അംബേദ്കറിന്റേത് എന്ന് പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ധരിച്ചത് അംബേദ്കര്‍ പറയാത്ത കാര്യം

കാശ്മീര്‍ പ്രശ്‌നത്തില്‍ ബിജെപിക്കും സംഘപരിവാറിനുമുള്ള നിലപാടില്‍ നിന്ന് തീര്‍ത്തും വിരുദ്ധമായ നിലപാടാണ് ഡോ.അംബേദ്കറിനുണ്ടായിരുന്നത് എന്നാണ് അദ്ദേഹം എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിനെ എതിര്‍ത്തുകൊണ്ട് അംബേദ്കര്‍ പറഞ്ഞു എന്ന് പറയുന്ന പ്രസ്താവന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞ ദിവസം ഉദ്ധരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്നാണ് ദ വയര്‍ വസ്തുതാപരിശോധനയില്‍ കണ്ടെത്തിയത്.

കാശ്മീരി നേതാവ് ഷെയ്ഖ് അബ്ദുള്ളയോട് അംബേദ്കര്‍ ഇങ്ങനെ പറഞ്ഞു എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത് – “മിസ്റ്റര്‍ അബ്ദുള്ള, ഇന്ത്യ കാശ്മീരിനെ പ്രതിരോധിച്ച്, നിങ്ങളുടെ അതിര്‍ത്തി സംരക്ഷിച്ച് സുരക്ഷ കാക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യ നിങ്ങള്‍ക്ക് റോഡ് ഉണ്ടാക്കിത്തരണം, ഭക്ഷ്യധാന്യങ്ങള്‍ നല്‍കണം, എന്നിട്ടും നിങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുകയും വേണം. കാശ്മീരികള്‍ക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ തുല്യ പദവി നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കാശ്മീരില്‍ മറ്റ് ഇന്ത്യക്കാര്‍ക്ക് അവകാശങ്ങള്‍ പാടില്ലെന്ന് നിങ്ങള്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങളെ അംഗീകരിക്കുകയെന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യത്തെ വഞ്ചിക്കലാണ്. നിയമമന്ത്രി എന്ന നിലയില്‍ ഇത് ഒരിക്കലും ഞാന്‍ അംഗീകരിക്കില്ല. എന്റെ രാജ്യത്തിന്റെ താല്‍പര്യങ്ങളെ വഞ്ചിക്കാന്‍ എനിക്ക് കഴിയില്ല”. 
ഇക്കാര്യം 2016ല്‍ പുറത്തിറങ്ങിയ Dr. B.R Ambedkar: Framing of Indian Constitution എന്ന എസ് എന്‍ ബൂസിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട് എന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. എന്നാല്‍ അംബേദ്കര്‍ ഇങ്ങനെ പറഞ്ഞതായി യാതൊരു രേഖയുമില്ല. 2004ല്‍ ആര്‍എസ്എസ് നേതാവ് ബല്‍രാജ് മധോക് ആണ് വാസ്തവത്തില്‍ അംബേദ്കര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ആദ്യം പറയുന്നത്.

കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന, അംബേദ്കറിന്റെ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍, കത്തുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കളക്ടീവ് വര്‍ക്‌സിന്റെ 17 വോള്യങ്ങളില്‍ എവിടെയും ഇത്തരമൊരു കാര്യം പറയുന്നില്ല. ഈ 17 വോള്യങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടായിരിക്കാം ഈ ഉദ്ധരണി ഇപ്പോള്‍ വന്നിരിക്കുന്നത് എന്ന് മുന്‍ റെവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ ബുസി, ദ വയറിനോട് പറഞ്ഞു. ജമ്മുവില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവായ ബല്‍രാജ് മധോക്, ആര്‍ട്ടിക്കിള്‍ 370ക്കെതിരെ നിരന്തര പ്രചാരണം നടത്തിവരുന്നയാളാണ്. ആര്‍ട്ടിക്കിള്‍ 370യുമായി ബന്ധപ്പെട്ട് അംബേദ്കറിന് വിയോജിപ്പുകളുണ്ടായിരുന്നു. 1953ല്‍ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ അംബേദ്കര്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാത്തതിലാണ് അംബേദ്കര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്നാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ബിജെപിക്കും സംഘപരിവാറിനുമുള്ള നിലപാടില്‍ നിന്ന് തീര്‍ത്തും വിരുദ്ധമായ നിലപാടാണ് ഡോ.അംബേദ്കറിനുണ്ടായിരുന്നത് എന്നാണ് അദ്ദേഹം എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ജമ്മു കാശ്മീരില്‍ ജനഹിതപരിശോധന നടത്തും എന്ന ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സഷനിലെ വ്യവസ്ഥ പാലിക്കണം എന്ന നിലപാടായിരുന്നു അംബേദ്കറിനുണ്ടായിരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാശ്മീര്‍ താഴ് വരയിലെ ജനങ്ങള്‍ ഹിതപരിശോധനയില്‍ ആവശ്യപ്പെടുന്നത് കാശ്മീര്‍ പാകിസ്താനില്‍ ചേരണമെന്നാണ് എങ്കില്‍ അങ്ങനെ സംഭവിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നു. കാശ്മീര്‍ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടത് ഇന്ത്യയുടെ പ്രതിരോധ ചിലവ് കുറയ്്ക്കാന്‍ അനിവാര്യമാണ് എന്ന് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു.

അതേസമയം രാഷ്ട്രീയ വിവാദങ്ങളില്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രസ്താവനകള്‍ നടത്താതിരിക്കുക എന്ന് ഇതുവരെയുള്ളവര്‍ പിന്തുടര്‍ന്ന് പോന്ന കീഴ്‌വഴക്കം ലംഘിച്ചാണ് വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന.

വായനയ്ക്ക്: Factcheck: Venkaiah Naidu Used Fake Quote to Claim Ambedkar Opposed Article 370

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍