UPDATES

ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു – കുപ്രസിദ്ധമായ പൊതുസുരക്ഷാ നിയമം ചുമത്തി

വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്ന കുപ്രസിദ്ധ നിയമമാണിത്.

വീട്ടുതടങ്കലിലുള്ള ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കുപ്രസിദ്ധമായ പൊതുസുരക്ഷാ നിയമം (പബ്ലിക് സേഫ്റ്റി ആക്ട്) ചുമത്തി അറസ്റ്റ് ചെയ്തു. വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ വ്യക്തികളെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്ന കുപ്രസിദ്ധ നിയമമാണിത്. ലോക്‌സഭ എംപിയാണ് ഫാറൂഖ് അബ്ദുള്ള.

ഫാറൂഖ് അബ്ദുള്ളയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈക്കോ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ വൈക്കോയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. ചെന്നൈയില്‍ സെപ്റ്റംബര്‍ 15ന് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ളയെ അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടും കൂടിയാണ് വൈക്കോ ഹര്‍ജി നല്‍കിയിരുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും പ്രതികരണം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് വൈക്കോ സുപ്രീം കോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് അഞ്ച് മുതല്‍ ഫാറൂഖ് അബ്ദുള്ള തടവിലാണ് എങ്കിലും ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഓഗസ്റ്റ് ആറിന് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ നുണ പറഞ്ഞു എന്നാണ് ഫാറൂഖ് അബ്ദുള്ള ഇതിനോട് പ്രതികരിച്ചത്. ഫാറൂഖ് അബ്ദുള്ളയെ കാണാന്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതി രണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ക്ക് അനുമതി നല്‍കിയതോടെ അമിത് ഷായുടെ വാദം തെറ്റാണ് എന്ന് വ്യക്തമായിരുന്നു.

ഓഗസ്റ്റ് അഞ്ചിന്, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്ന പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഒമര്‍ അബ്ദുള്ളയുടെ ഓഫീസിലെത്തി ഫാറൂഖിനേയും ഒമറിനേയും കണ്ടിരുന്നു എന്ന വിവരം ദ ഹിന്ദുവിലെ സുഹാസിനി ഹൈദര്‍ പുറത്തുവിട്ടിരുന്നു. ഫാറൂഖ് അബ്ദുള്ളയെ എന്തുകൊണ്ട് പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് സുഹാസിനി ഹൈദര്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനായ ഫാറൂഖ് അബ്ദുള്ള ഓഗസ്റ്റ് അഞ്ചിന്, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് മുതല്‍ വീട്ടുതടങ്കലിലാണ്. മുന്‍ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി തുടങ്ങിയവരും ഇപ്പോളും തടവിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍