UPDATES

കാശ്മീരില്‍ കുഴപ്പമുണ്ടാകില്ല എന്ന് ഗവര്‍ണറല്ല, കേന്ദ്രം പറയട്ടെ: ഒമര്‍ അബ്ദുള്ള

കാശ്മീരിന്റെ കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഇത് പറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – ഒമര്‍ അബ്ദുള്ള പറഞ്ഞു.

ജമ്മു കാശ്മീരില്‍ ആശങ്കപ്പടേണ്ട സാഹചര്യമില്ല എന്ന് ഗവര്‍ണര്‍ പറഞ്ഞതുകൊണ്ട് ആയില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ പറയട്ടെ എന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണം. സംസ്ഥാനത്തിന്റെ പ്രത്യേക സ്വയംഭരണാവകാശമടക്കം പറയണം – ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ ശ്രീനഗറില്‍ രാജ് ഭവനില്‍ സന്ദര്‍ശിച്ച ശേഷം ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യക പദവി എടുത്തുകളയില്ല എന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയിട്ടുണ്ട് എന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കില്ല എന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഗവര്‍ണറല്ല കാശ്മീരിന്റെ കാര്യത്തില്‍ അവസാന വാക്ക് പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ഇത് പറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്നലെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആര്‍ക്കിള്‍ 370യും 35 എയും പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായുള്ള അഭ്യൂഹങ്ങളില്‍ ആശങ്ക അറിയിച്ചിരുന്നു. ഈ നേതാക്കള്‍ക്കും കാശ്മീരിന് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും നല്‍കുന്ന ഈ വകുപ്പുകള്‍ റദ്ദാക്കുന്ന നീക്കങ്ങളുണ്ടാകില്ല എന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിരുന്നു.

35,000ത്തോളം അര്‍ദ്ധസൈനികരെ കാശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചത് ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കുമ്പോളുണ്ടാകുന്ന ശക്തമായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഒതുക്കാന്‍ ലക്ഷ്യമിട്ടാണ് എന്ന അഭ്യൂഹങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ ശക്തമാണ്. അതേസമയം ഇത് വ്യാജപ്രചാരണമാണ് എന്നും ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നുമാണ് ഇന്നലെ തന്നെ കണ്ട നേതാക്കളോട് ഗവര്‍ണര്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍