UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താന്റെ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ ആര്‍മി; അഞ്ച് പേരെ വധിച്ചു

അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും കരസേന വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

ജമ്മു കാശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (BAT) നടത്തിയ അധിനിവേശ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജൂലായ് 31ന് കേരന്‍ സെക്ടറിലാണ് ബാറ്റ് ആക്രമണ ശ്രമം നടത്തിയത്. അഞ്ച് നുഴഞ്ഞുകയറ്റക്കാരെ വധിച്ചതായും കരസേന വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ബാറ്റ് ആക്രമണ ശ്രമം നടത്തിയതായി ആര്‍മി പറയുന്നു. ഇന്ത്യ ബോഫോഴ്‌സ് പീരങ്കികള്‍ കൊണ്ട് പ്രത്യാക്രമണം നടത്തി.

പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ ഭീകരപ്രവര്‍ത്തകരും ഉണ്ട് എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്. കൊല്ലപ്പെട്ടത് പാക് സൈനികരോ ഭീകരരോ ആകാം. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബലാകോട്ടിലടക്കം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് നുഴഞ്ഞുകയറ്റം കുറഞ്ഞിരുന്നതായി സൈന്യം പറയുന്നു. പാകിസ്താനി സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളായ നാല് പേരുടെ മൃതദേഹം കണ്ടെത്തിയതായി ആര്‍മി വൃത്തങ്ങള്‍ പറയുന്നു.

ALSO READ: ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?

സുരക്ഷാഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അമര്‍നാഥ് തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും യാത്ര വെട്ടിച്ചുരുക്കി സംസ്ഥാനത്ത് നിന്ന് മടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരര്‍ക്ക് പാക് സൈന്യം നല്‍കിയ ആയുധങ്ങള്‍ പിടിച്ചെടുത്തതായി ആര്‍മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎസ് നിര്‍മ്മിത സ്‌നിപ്പര്‍ റൈഫിള്‍, ഐഇഡികള്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസസ്), പാകിസ്താന്‍ ഓര്‍ഡന്‍സ് ഫാക്ടറി നിര്‍മ്മിച്ച കുഴി ബോംബ് തുടങ്ങിയവയാണ് കണ്ടെത്തിയത്. 35,000 അര്‍ദ്ധ സൈനികരെ കൂടുതലായി കാശ്മീര്‍ താഴ്‌വരയില്‍ വിന്യസിക്കുകയും ചെയ്തു.

അതേസമയം ആര്‍ട്ടിക്കില്‍ 35 എ, 370 എന്നിവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന ആശങ്ക കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. താഴ്‌വരയിലെ ജനങ്ങള്‍ക്കുള്ള ആശങ്ക നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ഈ വകുപ്പുകള്‍ പിന്‍വലിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ല എന്നാണ് ഗവര്‍ണറുടെ വിശദീകരണം. എന്നാല്‍ ഗവര്‍ണറല്ല ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയേണ്ടത് എന്നും കേന്ദ്ര സര്‍ക്കാര്‍ ആണ് എന്നും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍