UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യുവില്‍ വീണ്ടും ഇടത് മുന്നേറ്റം, ബാപ്സ സഖ്യത്തിനും നേട്ടം, എബിവിപി തറപറ്റുന്നു; ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷം

3000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐയുടെ ഐഷി ഘോഷ് വോട്ടിന് ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ബാപ്‌സ – ഫ്രറ്റേണിറ്റി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജിതേന്ദ്ര സുനയാണ്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണയും മേധാവിത്തം ഇടത് സഖ്യത്തിന് തന്നെയെന്ന് സൂചന. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ലെഫ്റ്റ് യൂണിറ്റി മുന്നിട്ട് നില്‍ക്കുകയാണ്. എസ്എഫ്‌ഐ, ഡിഎസ്എഫ്, ഐസ, എഐഎസ്എഫ് എന്നീ നാല് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്നതാണ് ലെഫ്റ്റ് യൂണിറ്റി.

3000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐയുടെ ഐഷി ഘോഷ് 700 വോട്ടിന് ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ബാപ്‌സ (ബിര്‍സ – അംബേദ്കര്‍-ഫൂലെ-സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) – ഫ്രറ്റേണിറ്റി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജിതേന്ദ്ര സുനയാണ്. ഐഷി ഘോഷിന് 1363 വോട്ടും ജിതേന്ദ്ര സുനയ്ക്ക് 663 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള എബിവിപി സ്ഥാനാര്‍ത്ഥി മനീഷ് ജാംഗിദിന് 478 വോട്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡിഎസ്എഫിന്റെ സാകേത്
മൂണ്‍ 1427 വോട്ടിന് ലീഡ് ചെയ്യുന്നു. 2011 വോട്ട് സാകേത് മൂണിനും 597 വോട്ട് രണ്ടാം സ്ഥാനത്തുള്ള എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്നിഹോത്രിയ്ക്കും ലഭിച്ചു. നോട്ടയാണ് മൂന്നാം സ്ഥാനത്ത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഐസയുടെ സതീഷ് ചന്ദ്ര യാദവ് 704 വോട്ടിന് ലീഡ് ചെയ്യുന്നു. സതീഷ് ചന്ദ്ര യാദവിന് 1443 വോട്ടും രണ്ടാം സ്ഥാനത്തുള്ള ബാപ്‌സ – ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥി വസീം ആര്‍എസിന് 739 വോട്ടുമാണ് കിട്ടിയത്. 597 വോട്ടുമായി എബിവിപി മൂന്നാം സ്ഥാനത്താണ്.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എഐഎസ്എഫിന്റെ എം ഡി ഡാനിഷ് 1202 വോട്ടിന് ലീഡ് ചെയ്യുന്നു. 1904 വോട്ട് ഡാനിഷിനും 702 വോട്ട് രണ്ടാം സ്ഥാനത്തുള്ള എബിവിപിയിലെ സുമന്തകുമാര്‍ സാഹുവിനും കിട്ടി. നോട്ടയാണ് മൂന്നാം സ്ഥാനത്ത്. ജനറല്‍ സീറ്റുകള്‍ക്ക് പുറമെ ജെഎന്‍യുവിലെ മിക്ക സ്‌കൂളുകളിലും ഇടത് വിദ്യാര്‍ത്ഥി സഖ്യം മുന്നിലാണ്.

അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം 17ന് കോടതി വിധി വന്നതിന് ശേഷമേ ഉണ്ടാകൂ. ഫലപ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സര്‍വകലാശാലയിലെ അന്‍ഷുമാന്‍ ദുബെ, അമിത് കുമാര്‍ ദ്വിവേദി എന്നീ രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ 55 ല്‍ നിന്ന് 46 ആയി കുറച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഒരു ഹര്‍ജി. ഈ തീരുമാനം ലിങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തിരഞ്ഞെടുപ്പ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ഇലക്ഷന്‍ കമ്മിറ്റിയാണ് നടത്തുന്നത്. ഇത് നടത്തിപ്പി ചുമതല അഡ്മിനിസ്‌ട്രേഷന്റെ കീഴിലേയ്ക്ക് വരണം എന്ന ആവശ്യമാണ് അധികൃതര്‍ക്കുള്ളത്. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടില്ല.

2016ലാണ് ഇടത് വിദ്യാര്‍ത്ഥി സഖ്യം നിലവില്‍ വന്നത്. ഇതിന് ശേഷം ആദ്യമായാണ് എസ്എഫ്‌ഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്‌ഐ പ്രതിനിധി ജെഎന്‍യു പ്രസിഡന്റ് സ്ഥാനത്തെത്താന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്.

Read Azhimukham: ജനങ്ങളുടെ കൈയില്‍ പണമില്ല; സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തോടെയെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍