UPDATES

ട്രെന്‍ഡിങ്ങ്

എംഎല്‍എമാര്‍ക്ക് മണ്ഡലങ്ങളില്‍ പോകേണ്ടതുണ്ട്, ഇന്ന് വിശ്വാസ വോട്ടിന് സമയമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി, അംഗീകരിച്ച് സ്പീക്കര്‍

20 എംഎല്‍എമാര്‍ ഇനിയും സംസാരിക്കാനുണ്ട് എന്നും ഇവര്‍ സംസാരിച്ച് കഴിഞ്ഞ് വോട്ടെടുപ്പിലേയ്ക്ക് പോകാമെന്നുമാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നും നടക്കില്ല. ഇനി തിങ്കളാഴ്ചയേ വിശ്വാസവോട്ടിന് സാധ്യതയുള്ളൂ. പരമാവധി സമയം നീട്ടിക്കൊണ്ടുപോവുക എന്നത് തന്നെയാണ് കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന്റെ ഉദ്ദേശം. ഇന്ന് വൈകീട്ട് ആറ് മണിക്കകം വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല് കത്ത് നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നകം ഭൂരിപക്ഷം തെളിയിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ ഗവര്‍ണര്‍ നല്‍കിയ കത്തിന് പിന്നാലെ രണ്ടാമത്തെ കത്തും മുഖ്യമന്ത്രിയും സര്‍ക്കാരും സ്പീക്കറും അവഗണിച്ചിരിക്കുകയാണ്.

എംഎല്‍എമാര്‍ക്ക് മണ്ഡലങ്ങളില്‍ പോകേണ്ടതിനാല്‍ ഇന്ന് വിശ്വാസ വോട്ട് നടത്താനാകില്ലെന്നും തിങ്കളാഴ്ചയെ വിശ്വാസവോട്ട് നടത്താനാകൂ എന്നുമാണ് മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി പറഞ്ഞത്. സ്പീക്കര്‍ ഇത് അംഗീകരിച്ചു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രം വിശ്വാസ വോട്ടെടുപ്പിലേയ്ക്ക് നീങ്ങുക എന്ന ഭരണപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്. 20 എംഎല്‍എമാര്‍ ഇനിയും സംസാരിക്കാനുണ്ട് എന്നും ഇവര്‍ സംസാരിച്ച് കഴിഞ്ഞ് വോട്ടെടുപ്പിലേയ്ക്ക് പോകാമെന്നുമാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.

ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. വിശ്വാസ വോട്ടെടുപ്പ് നടത്താത്ത സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി ഇന്നലെ ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളിലാണ് ഉറങ്ങിയത്. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം തങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട് എന്നും എപ്പോള്‍ നടത്തണം എന്ന് തീരുമാനിക്കേണ്ടത് സ്പീക്കര്‍ ആണെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നു. വിശ്വാസ വോട്ട് ഇത്ര സമയത്തിനുള്ളില്‍ നടത്തണം എന്ന് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്ന് കാണിച്ച് കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുടേയും ഗവര്‍ണറുടേയും അടുത്ത നീക്കം നിര്‍ണായകമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍