വിശ്വാസവോട്ട് ഒഴിവാക്കി രാജി വയ്ക്കാനാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടേയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റേയും തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കമാരസ്വാമി ഇന്ന് രാജി വച്ചേക്കും. വൈകീട്ട് ഏഴ് മണിക്ക് ഗവര്‍ണറെ കാണും. ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയേക്കുമെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്നു തന്നെ ബലിയാടാക്കരുതെന്നും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തോട് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വിശ്വാസവോട്ട് ഒഴിവാക്കി രാജി വയ്ക്കാനാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടേയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റേയും തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് ഒരു മാസത്തിലധികമായുള്ള കര്‍ണാടകയിലെ ഭരണ രാഷ്ട്രീയ പ്രതിസന്ധി ഇതോടെ അവസാനിക്കുമോ എന്നാണ് അറിയാനുള്ളത്.
രാജി വച്ച 15 വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടില്‍ പങ്കെടുക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇവരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച പ്രശ്നം സ്പീക്കറുടെ പരിഗണനയില്‍ തുടരുകയാണ്. ഇന്ന് തന്നെ വിശ്വാസവോട്ട് നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമി മന്ത്രിസഭയില്‍ നിന്ന് രാജി വച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എംഎല്‍എമാരെ രാജി വയ്പ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ പിന്നില്‍ തങ്ങളാണ് എന്ന് ബിജെപി സമ്മതിച്ചാല്‍ ആ നിമിഷം മന്ത്രിസഭ രാജി വയ്ക്കാന്‍ തയ്യാറാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ഇന്ന് പറഞ്ഞിരുന്നു.
വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി രാവിലെ സ്പീക്കറെ കണ്ടിരുന്നെങ്കിലും ഈ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. തിങ്കളാഴ്ച ചർച്ചകൾ പൂർത്തിയാക്കി വോട്ടെടുപ്പിലേക്ക് നീങ്ങാമെന്നായിരുന്നു നേരത്തെ കുമാര സ്വാമി അറിയിച്ചത്. ഇതിൽ ഉറച്ച് നിൽക്കണമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ, സഭയിൽ ഹാജരാകാത്ത വിമതർക്കടക്കം എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ച അനാവശ്യമായി നീട്ടരുത്, ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് വേണം ആവശ്യപ്പെട്ട് ബിജെപി എം എൽ എമാർ സ്പീക്കറെ കണ്ടിരുന്നു. ചർച്ച അനാവശ്യമായി നീട്ടി വോട്ടെടുപ്പ് മാറ്റിവെക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണം എന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷേ വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്നുള്ള ബിജെപി അംഗങ്ങളുടെ ആവശ്യം തള്ളി.