UPDATES

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന്റെ വിധി ഇന്ന്, എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഉടന്‍

രാജി വച്ചതിനാല്‍ ഇവര്‍ക്ക് വിപ്പ് ബാധകമല്ല എന്ന് ബിജെപി വാദിക്കുമ്പോള്‍, സ്പീക്കര്‍ ഇതുവരെ രാജി അംഗീകരിക്കാത്തതിനാല്‍ വിപ്പ് ബാധകമാണ് എന്ന് കോണ്‍ഗ്രസ് പറയുന്നു.

രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പിന്തുണ പിന്‍വലിച്ചതോടെ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീഴുമോ നിലനില്‍ക്കുമോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കും. രാജി വച്ച എംഎല്‍എമാരെ പിന്തിരിപ്പിക്കാനും അനുനയിപ്പിക്കാനുമുള്ള കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുകയാണെങ്കില്‍ പാര്‍ട്ടി വിപ്പ് നിര്‍ണായകമായിരിക്കും. വിപ്പ് ലംഘിക്കുന്നവരെ കൂറുമാറ്റത്തിന്റെ പരിധിയില്‍പ്പെടുത്തി അയോഗ്യരാക്കാന്‍ കഴിയും.

രാജി വച്ചതിനാല്‍ ഇവര്‍ക്ക് വിപ്പ് ബാധകമല്ല എന്ന് ബിജെപി വാദിക്കുമ്പോള്‍, സ്പീക്കര്‍ ഇതുവരെ രാജി അംഗീകരിക്കാത്തതിനാല്‍ വിപ്പ് ബാധകമാണ് എന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം രാജി വയ്ക്കുന്നവര്‍ക്ക് വിപ്പ് നല്‍കിയിട്ട് ഒരു കാര്യവുമില്ല എന്ന് അഡ്വക്കറ്റ് ജനറല്‍ ബിവി ആചാര്യ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. രാജി വച്ച കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും 13 എംഎല്‍എമാര്‍ മുംബൈയിലും ഗോവയിലും പൂനെയിലുമായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗം ഇന്ന് ചേരുന്നുണ്ട്. എന്നാല്‍ ബംഗളൂരുവിലേയ്ക്ക് ഇപ്പോള്‍ തിരിച്ചുവരാന്‍ ഉദ്ദശിക്കുന്നില്ല എന്നും രാജി പിന്‍വലിക്കില്ല എന്നും എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം കിട്ടാത്തതിന് ഇടഞ്ഞ വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയൊഴികെയുള്ള കോണ്‍ഗ്രസ്, ജെഡിഎസ് മന്ത്രിമാരെല്ലാം രാജി വച്ചത്. കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാം എന്ന നിര്‍ദ്ദേശം എച്ച്ഡി ദേവഗൗഡ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലും എംഎല്‍എമാര്‍ വഴങ്ങുന്നില്ല.

69 കോണ്‍ഗ്രസ് എംഎല്‍എമാരും 34 ജെഡിഎസ് എംഎല്‍എമാരും ഒരു ബി എസ് പി എംഎല്‍എയുമാണ് നിലവില്‍ സര്‍ക്കാരിനെ പിന്തുണ നല്‍കുന്നത്. മൊത്തം 104 എംഎല്‍എമാര്‍. രണ്ട് സ്വതന്ത്രന്മാരുടെ (മന്ത്രിസ്ഥാനം രാജി വച്ച എച്ച് നാഗേഷും ആര്‍ ശങ്കറും) പിന്തുണയടക്കം ബിജെപിക്ക് 107 പേരുടെ പിന്തുണയായി. 225 അംഗ നിയമസഭയില്‍ 11 സീറ്റുകള്‍ ഒഴിഞ്ഞുകിടുക്കുകയാണ്. നിലവില്‍ മൊത്തം അംഗസഖ്യ 211 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 106 സീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍