UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരിനെ വിഭജിച്ചത് ‘രാജ്യതാല്‍പര്യം’: സര്‍ക്കാരിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ; രാഹുല്‍ ഗാന്ധിയുടെ നിലപാട് തള്ളി; കോണ്‍ഗ്രസില്‍ രൂക്ഷ ഭിന്നത

ഇത് രാജ്യത്തിന്റെ പൊതുതാല്‍പര്യമാണ് എന്നും താന്‍ ഇതിനെ പിന്തുണക്കുന്നതായും ജ്യോതിരാദിത്യ ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീര്‍ വിഭജന ബില്ലില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ന് ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയപ്പോള്‍ ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ടാണ് നേരത്തെ പടിഞ്ഞാറന്‍ യുപിയുടെ ചുമതല വഹിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശില്‍ നിന്നുള്ള നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്. ഇത് രാജ്യത്തിന്റെ പൊതുതാല്‍പര്യമാണ് എന്നും താന്‍ ഇതിനെ പിന്തുണക്കുന്നതായും ജ്യോതിരാദിത്യ ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീര്‍, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റി ഇവയെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കിയ നടപടിയെ പിന്തുണക്കുന്നു. ഭരണഘടനപരമായ നടപടിക്രമങ്ങള്‍ ശരിയായി പാലിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങളൊന്നും വരുമായിരുന്നില്ല. എന്നിരുന്നാലും ഇത് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യമാണ്. ഞാന്‍ ഇതിനെ പിന്തുണക്കുന്നു – ജ്യോതിരാദിത്യ ട്വീറ്റില്‍ പറയുന്നു.

ഏകപക്ഷീയമായി ജമ്മു കാശ്മീരിനെ വെട്ടിമുറിച്ചതുകൊണ്ടോ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലലടച്ചതുകൊണ്ടോ ഭരണഘടന ലംഘിച്ചുകൊണ്ടോ ദേശീയ ഐക്യമുണ്ടാക്കാന്‍ കഴിയില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഈ രാജ്യമുണ്ടാക്കിയത് ജനങ്ങളാണ്. ഭൂമിയല്ല രാജ്യം. ഭരണത്തിന്റെ ഈ ദുരുപയോഗം രാജ്യത്തിന്റെ ദേശീയ സുരക്ഷയെ അപായപ്പെടുത്തുന്നതാണ് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാജ്യസഭ പ്രതിപക്ഷ നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ ഗുലാം നബി ആസാദ് ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം യുപിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ് ബില്ലിനെ പിന്തുണച്ചു. കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമല്ല എന്നും അന്താരാഷ്ട്രവിഷയമാണ് എന്നുമുള്ള ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസിനകത്ത് കാശ്മീര്‍ വിഷയത്തിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയും ആശയക്കുഴപ്പവും വ്യക്തമാക്കുന്നതായി നേതാക്കളുടെ പരസ്പര വിരുദ്ധ പ്രസ്താവനകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍