UPDATES

ട്രെന്‍ഡിങ്ങ്

“കനയ്യ കുമാറിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു” – ബിജെപി എംപിയുടെ ഭാര്യ പറയുന്നു

വീഡിയോയും ഓഡിയോയും വ്യാജമാണ്. അത് നടന്നത് എന്റെ ഹോസ്റ്റലിന് മുന്നിലാണ്. കനയ്യ അവിടെ ഉണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ക്കെല്ലാമറിയാം.

2016 ഫെബ്രുവരി ഒമ്പതിന് ഡല്‍ഹി ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയുടെ ഭാഗമായി ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നേതൃത്വം നല്‍കി എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് ബിജെപി എംപിയുടെ ഭാര്യ. ബിജെപിയുടെ ലഡാക് ലോക്‌സഭ എംപി ജാംയാങ് സെറിങ് നംഗ്യാലിന്റെ ഭാര്യ സോനം വാങ്‌മോയാണ് കനയ്യ യാതൊരു കുറ്റവും ചെയ്തിട്ടില്ല എന്ന് പറയുന്നത്. പ്രസ്തുത സംഭവം നടക്കുമ്പോള്‍ ജെഎന്‍യു ക്യാപസില്‍ പഠിക്കുകയായിരുന്നു സോനം വാങ്‌മോ. ഒരു ന്യൂസ് ചാനലിനോടാണ് സോനം ഇക്കാര്യം പറഞ്ഞത്.

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായിരുന്ന കാശ്മീര്‍ സ്വദേശി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസമായ ഫെബ്രുവരി ഒമ്പതിന് കാശ്മീരി വിദ്യാര്‍ത്ഥികളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ആരോപണമുയര്‍ന്നത്. അതേസമയം കനയ്യ ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല എന്ന് സോനം പറയുന്നു.

വീഡിയോയും ഓഡിയോയും വ്യാജമാണ്. അത് നടന്നത് എന്റെ ഹോസ്റ്റലിന് മുന്നിലാണ്. കനയ്യ അവിടെ ഉണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ക്കെല്ലാമറിയാം. വിദ്യാര്‍ത്ഥി നേതാവായത് കൊണ്ട് മാത്രമാണ് കനയ്യയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവായ ബിജെപി എംപി, ഇത് പറയുന്ന സമയത്ത് സോനത്തിനടുത്ത് ഇരിപ്പുണ്ടായിരുന്നു.

2016 ഫെബ്രുവരി ഒമ്പതിന്റെ സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ അടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ വയ്ക്കുകയും ചെയ്തു. കനയ്യ കുമാറിനെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപി അനുകൂലികളായ അഭിഭാഷകര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേസമയം കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ച സീ ന്യൂസിന്റെ വീഡിയോ ടേപ്പ് വ്യാജമാണ് എന്ന് പിന്നീട് തെളിഞ്ഞിരുന്നു.

‘ടുക്‌ഡെ ടുക്‌ഡെ ഗാംഗ്’ എന്നാണ് ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാക്കളേയും മോദി സര്‍ക്കാരിന്റെ വിമര്‍ശകരായ മറ്റ് പൊതുപ്രവര്‍ത്തകരേയും കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ജെഎന്‍യുവിലെ പൊലീസ് നടപടികളുടെ സമയത്ത്, വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ലഷ്‌കര്‍ ഇ തയിബയുമായി ബന്ധമുണ്ട് എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍