UPDATES

ട്രെന്‍ഡിങ്ങ്

“വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്” – ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കുമെന്ന അഭ്യൂഹത്തില്‍ കാശ്മീരി നേതാക്കളോട് ഗവര്‍ണര്‍

ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും യാത്ര വെട്ടിച്ചുരുക്കി മടങ്ങാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ 35 എ സംബന്ധിച്ച അപവാദങ്ങളില്‍ വിശ്വസിക്കരുത് എന്നും ശാന്തരായിരിക്കണമെന്നും തന്നെ കാണാനെത്തിയെ കാശ്മീരി നേതാക്കളോട് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി, ഷാ ഫൈസല്‍, സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരാണ് കാശ്മീര്‍ താഴ്‌വരയിലെ ജനങ്ങള്‍ക്കുള്ള ആശങ്ക അറിയിക്കാന്‍ ഗവര്‍ണറെ കണ്ടത്. കാശ്മീരിലേയ്ക്ക് 35,000 സൈനികരെ കൂടുതലായി അയച്ചതും അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കിയതും ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് അമര്‍നാഥ് തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും യാത്ര വെട്ടിച്ചുരുക്കി മടങ്ങാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട് എന്ന് ഗവര്‍ണര്‍, നേതാക്കളെ അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് അനാവശ്യമായ ഭീതി പരത്താന്‍ ശ്രമിക്കുകയാണ് എന്ന് ഗവര്‍ണര്‍ ആരോപിച്ചു. സുരക്ഷാപ്രശ്‌നത്തെ അനാവശ്യമായ കാര്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് – ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആര്‍ട്ടിക്കിള്‍ 35 എ, പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എന്നിവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായുള്ള ആശങ്കകള്‍ ശക്തമാണ് എന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.

അതേസമയം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റ്ുകള്‍ക്കും മടങ്ങാന്‍ നല്‍കിയ നിര്‍ദ്ദേശം ശ്രീനഗറിലടക്കം സ്ംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. എടിഎമ്മുകളിലും പെട്രോള്‍ പമ്പുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും വലിയ തിരക്കാണ്. സാധനങ്ങള്‍ സംഭരിച്ച് വക്കാന്‍ ആളുകള്‍ ധൃതി കൂട്ടുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാനായി പാകിസ്താന്‍ ആര്‍മി ഭീകരര്‍ക്ക് നല്‍കി എന്ന് ആരോപിക്കപ്പെടുന്ന ലാന്‍ഡ് മൈനും സ്‌നിപ്പര്‍ റൈഫിളും ആര്‍മിയും ജമ്മു കാശ്മീര്‍ പൊലീസും പ്രദര്‍ശിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞാണ് തീര്‍ത്ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഗുല്‍മാര്‍ഗ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്തിന് ഒഴിപ്പിക്കുന്നു എന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍