UPDATES

രാജസ്ഥാനില്‍ ബി എസ് പിയുടെ ആകെയുള്ള ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ പോലും നശിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ രീതി – മായാവതി കുറ്റപ്പെടുത്തി.

രാജസ്ഥാനില്‍ ബി എസ് പിക്ക് ആകെയുള്ള ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന് രാജസ്ഥാനില്‍ പിന്തുണ നല്‍കിയിരുന്ന ബി എസ് പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരാണ് ബി എസ് പി വിട്ട് കോണ്‍ഗ്രസിലേയ്ക്ക് പോയത്. ഇതോടെ 200 അംഗ സഭയില്‍ കോണ്‍ഗ്രസിന് 106 അംഗങ്ങളായി.

അതേസമയം എംഎല്‍എമാര്‍ കോണ്‍ഗ്രസിലേയ്ക്ക് പോയതിന്റെ രോഷം മായാവതി ട്വിറ്ററില്‍ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് എക്കാലവും അംബേദ്കറേയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തേയും എതിര്‍ത്തിരുന്നു. ഇതുകൊണ്ടാണ് രാജ്യത്തിന്റെ ആദ്യത്തെ നിയമ മന്ത്രിയായിരുന്ന അംബേദ്കറിന് രാജി വയ്‌ക്കേണ്ടി വന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഒരിക്കലും ഭാരത രത്‌ന നല്‍കിയില്ല. അത് ദു:ഖകരവും ലജ്ജാകരവുമാണ്. പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ പോലും നശിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ രീതി – മായാവതി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ബന്ധപ്പെട്ടിരുന്ന ബി എസ് പി എംഎല്‍എമാര്‍, നിയമസഭ സ്പീക്കര്‍ സി പി ജോഷിയെ കണ്ട് കോണ്‍ഗ്രസിലേയ്ക്ക് മാറുന്നതായി അറിയിക്കുന്ന കത്ത് നല്‍കി. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിനും സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാരിലൂടെ വികസനം ഉറപ്പാക്കുന്നതിന് വേണ്ടിയുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്ന് എംഎല്‍എമാര്‍ എഎഐന്‍ഐയോട് പറഞ്ഞു.

കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ് നേരത്തെ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇപ്പോള്‍ ഒറ്റക്ക് ഭൂരിപക്ഷമായി. ബി എസ് പി പാര്‍ലമെന്ററി പാര്‍ട്ടി ഒന്നാകെ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ കൂറുമാറ്റത്തിന്റെ പ്രശ്‌നവും വരുന്നില്ല. നവംബറില്‍ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി എസ് പി എംഎല്‍എമാരുടെ കോണ്‍ഗ്രസിലേയ്ക്കുള്ള പോക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍