UPDATES

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത: റിപ്പോര്‍ട്ടിന് ശേഷം ജോലിയൊന്നും കിട്ടിയില്ല – മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ താക്ലെ പറയുന്നു

സത്യം പറയുന്നതിന് നല്‍കേണ്ടി വരുന്ന വില എന്നാണ് നിരഞ്ജന്‍ താക്ലെ ഇതേക്കുറിച്ച് പറയുന്നത്.

സിബിഐ ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതിന് ശേഷം തനിക്ക് ജോലിയൊന്നും കിട്ടിയില്ല എന്ന് മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ താക്ലെ. സത്യം പറയുന്നതിന് നല്‍കേണ്ടി വരുന്ന വില എന്നാണ് നിരഞ്ജന്‍ താക്ലെ ഇതേക്കുറിച്ച് പറയുന്നത്.

2017 നവംബറിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച വാര്‍ത്താപരമ്പരയില്‍ ആദ്യത്തേത് കാരവാന്‍ മാഗസിന്‍ പുറത്തുവിട്ടത്. നിരഞ്ജന്‍ താക്ലെ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലുക്കിന് വേണ്ടിയാണ് സ്റ്റോറി തയ്യാറാക്കിയത് എങ്കിലും അവര്‍ ഇത് പ്രസിദ്ധീകരിച്ചില്ല. കാരവാന്‍ ആണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായ ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയയെ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത് ഷായോട് ഹാജരാകാന്‍ ജസ്റ്റിസ് ലോയ ഉത്തരവിട്ടിരുന്നു. ഹാജരാകേണ്ടിയിരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജസ്റ്റിസ് ലോയയുടെ മരണം. അതേസമയം ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി തള്ളിയിരുന്നു.

ഇസിജി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈരുദ്ധ്യങ്ങള്‍, സാക്ഷി മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ തുടങ്ങിയവയടക്കം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ടുകളാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകളിലേയ്ക്കും സംശയങ്ങളിലേയ്ക്കും നയിക്കുന്ന വിധം നിരഞ്ജന്‍ താക്ലെയുടെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ലോയയ്ക്ക് വന്‍ തുക കൈക്കൂലിയായി വാഗ്ദാനം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയര്‍ന്നിരുന്നു. ലോയയുടെ സഹോദരിയും പിതാവുമടക്കമുള്ളവര്‍ സംശയങ്ങളുമായി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം പിന്നീട് കേസില്‍ വാദം കേട്ട ജഡ്ജി വാദം കേള്‍ക്കല്‍ തുടങ്ങിയ ഉടന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു. ലോയയ്ക്ക് മുമ്പ് കേസില്‍ വാദം കേട്ട ജഡ്ജിയെ മാറ്റുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍