UPDATES

തെരുവില്‍ മൃതദേഹങ്ങളില്ല എന്നതിനര്‍ത്ഥം കാശ്മീര്‍ ശാന്തമാണ് എന്നല്ല – പൊട്ടിത്തെറിച്ച് ശ്രീനഗര്‍ മേയര്‍

രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശ്രീനഗര്‍ മേയര്‍ വിമര്‍ശിച്ചു.

തെരുവില്‍ മൃതദേഹങ്ങളില്ല എന്നതിനര്‍ത്ഥം കാശ്മീര്‍ ശാന്തമാണ് എന്നല്ല എന്ന് ശ്രീനഗര്‍ മേയര്‍ ജുനെയ്ദ് അസീം മട്ടു. കാശ്മീര്‍ താഴ്‌വര സാധാരണനിലയിലേയ്ക്ക് തിരിച്ചെത്തി എന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നും ജുനെയ്ദ് മട്ടു പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുനെയ്ദ് ഇക്കാര്യം പറഞ്ഞത്.

ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്ക് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര സഹമന്ത്രിമാരുടെ തുല്യപദവി നല്‍കിയിരുന്നു. ജമ്മു കാശ്മീരിന് പ്രത്യക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ഇത്. ജമ്മു കാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് വക്താവ് കൂടിയാണ് ജുനെയ്ദ് അസീം.

രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശ്രീനഗര്‍ മേയര്‍ വിമര്‍ശിച്ചു. ഭീകരവാദികളുടെ ഭീഷണികളേയും അക്രമങ്ങളേയും അതിജീവിച്ചാണ് വര്‍ഷങ്ങളായി മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തകര്‍ കാശ്മീരില്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ വേട്ടയാടപ്പെടുകയാണ്. ജുനെയ്ദ് മട്ടുവിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ സജ്ജാദ് ലോണും തടവിലാണ്. ബിജെപിയുടെ മുന്‍ സഖ്യകക്ഷി കൂടിയാണ് ജമ്മു കാശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള ബന്ധുക്കളുമായും വേണ്ടപ്പെട്ടവരുമായും ബന്ധപ്പെടാന്‍ കഴിയാത്ത നിലയിലാണുള്ളത് എന്ന് ജുനെയ്ദ് മട്ടു ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് നിലനില്‍പ്പിന്റെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അക്രമം കാശ്മീരില്‍ പുതിയ കാര്യമല്ല. എന്നാല്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെ ന്യായീകരിക്കുന്ന നിലയാണ് ഇപ്പോളുള്ളത് എന്നും ജുനെയ്ദ് മട്ടു കുറ്റപ്പെടുത്തി.

അതേസമയം ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുന്നതിനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ന്യായീകരിച്ചു. ഭീകരര്‍ അവരുടെ നേതാക്കളുമായി ബന്ധപ്പെടുത്തുന്നത് തടയാന്‍ ഇതല്ലാതെ വേറെ വഴിയില്ല എന്ന് ജയശങ്കര്‍ പറഞ്ഞു. യുഎസ് മാഗസിനായ പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍