UPDATES

“ചിദംബരത്തിനെതിരെ തെളിവില്ല”, ജയിലിലടച്ചത് ‘പൈശാചിക’ അനീതിയെന്ന് ദ ഹിന്ദു ചെയര്‍മാന്‍ എന്‍ റാം

കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ സമീപനം നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട് എന്ന് എന്‍ റാം അഭിപ്രായപ്പെട്ടു.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ തെളിവില്ല എന്ന് ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം. ജയിലിലടച്ചുകൊണ്ട് ചിദംബരത്തോട് മോദി സര്‍ക്കാരും അന്വേഷണ ഏജന്‍സികളും കാണിക്കുന്നത് പൈശാചികമായ അനീതിയാണ് എന്നും എന്‍ റാം അഭിപ്രായപ്പെട്ടു. കൊലക്കേസ് പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും മൊഴികളല്ലാതെ ചിദംബരത്തിനെതിരെ വസ്തുതാപരമായ യാതൊരു തെളിവുകളും ഐഎന്‍എക്‌സ് കേസിലില്ലെന്നും എന്‍ റാം പറഞ്ഞു. ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ ചെന്നൈയില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടിഎന്‍സിസി) സംഘടിപ്പിച്ച പരിപാടിയിലാണ് എന്‍ റാം ഇക്കാര്യം പറഞ്ഞത്.

ഈ അറസ്റ്റ് പരിപാടി സംഘടിപ്പിച്ചവരുടെ ഒരേയൊരു ഉദ്ദേശം ചിദംബരത്തിന് സാധ്യമായ കാലത്തോളം സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഈ രാജ്യത്തെ ഉന്നത കോടതികള്‍ ഇതില്‍ വീണു – എന്‍ റാം അഭിപ്രായപ്പെട്ടു. കേസില്‍ ജുഡീഷ്യറിയുടെ പ്രതികരണം, പ്രത്യേകിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ സമീപനം നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട് എന്ന് റാം പറഞ്ഞു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ അംഗീകരിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഏഴ് മാസത്തോളം വിധി പറയാന്‍ മാറ്റി വച്ചു. ജഡ്ജി റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ്, ചിദംബരത്തിന് അപ്പീല്‍ നല്‍കാനുള്ള അവസരം നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കുകയാണുണ്ടായത്.

സുപ്രീം കോടതിയിലാണെങ്കില്‍ ചിദംബരത്തിന് ജാമ്യം നിഷേധിച്ച, ജസ്റ്റിസുമാരായ ആര്‍ ഭാനുമതിയുടേയും എ എസ് ബൊപ്പണ്ണയുടേയും ബഞ്ചിന്റെ ഉത്തരവില്‍ വസ്തുതാപരമായ തെറ്റുകളുണ്ട്. ഉദാഹരണത്തിന് ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി എന്ന് സുപ്രീം കോടതി പറയുന്നത്. ഇത് പൂര്‍ണമായും തെറ്റാണ് – എന്‍ റാം ചൂണ്ടിക്കാട്ടി. ഇതേ ബഞ്ചിന് മുന്നില്‍ എത്രയും വേഗം പുനപരിശോധന ഹര്‍ജി നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ അഞ്ച് ജഡ്ജിമാരുടെ ബഞ്ചിലേയ്ക്ക് പോകാവുന്ന ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കണം – റാം ആവശ്യപ്പെട്ടു.

രണ്ട് കൊലക്കേസ് പ്രതികളുടെ മൊഴികളല്ലാതെ യാതൊന്നും ഇതിലില്ല. രേഖകള്‍ നശിപ്പിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്ത സംഭവങ്ങളുണ്ടായിട്ടില്ല. ഈ കേസില്‍ നീതിയുണ്ടായില്ല എന്നത് ലജ്ജാകരമാണ് എന്നും എന്‍ റാം അഭിപ്രായപ്പെട്ടു. ബോഫോഴ്‌സ്, റാഫേല്‍ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന, വലിയ കോളിളക്കമുണ്ടാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്‍ റാമിന്റേതാണ്.

2007ല്‍ കേന്ദ്ര ധനമന്ത്രി പദം ദുരുപയോഗം ചെയ്ത്, മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി അനധികൃതമായി വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം. സിബിഐയുടെ അഴിമതി കേസും എന്‍ഫോഴ്‌സ്‌മെന്റിന്റെ പണത്തട്ടിപ്പ് കേസുമാണ് ചിദംബരം നേരിടുന്നത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുകയും സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിന് പിന്നാലെ ഓഗസ്റ്റ് 21നാണ് നാടകീയ രംഗങ്ങള്‍ക്ക് ശേഷം ചിദംബരത്തെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്തത്. നിലവില്‍ തിഹാര്‍ ജയിലിലാണ് പി ചിദംബരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍