UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത്ര പഴകിയാല്‍ കാറുകള്‍ പോലും ആരും ഓടിക്കില്ല: രാജ് നാഥ് സിംഗിനെ അടുത്തിരുത്തി മിഗ് വിമാനങ്ങളെക്കുറിച്ച് വ്യോമസേന മേധാവി ബി എസ് ധനോവ

പാകിസ്താന്‍ വെടിവച്ചിട്ട, അഭിനന്ദന്‍ വര്‍ത്തമാന്റെ വിമാനം മിഗ് 21 ആയിരുന്നു.

ഇത്രയും പഴക്കമുള്ള കാറുകള്‍ പോലും ആരും ഓടിക്കില്ല എന്നാണ് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 21 വിമാനങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങള്‍ ഇന്ത്യ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ആധുനികവത്കരണവും തദ്ദേശീയവത്കരണവും എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കവേയാണ് വ്യോമസേന മേധാവി ഇക്കാര്യം പറഞ്ഞത്. ഈ സമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തൊട്ടടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറോടെ മിഗ് വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ എന്ന് വ്യോമസേന മേധാവി പറഞ്ഞു. റഷ്യ മിഗ് വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഇന്ത്യ 95 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങളുമായി മിഗ് 21 വിമാനങ്ങള്‍ ഉപോഗിക്കുന്നു.

1973-74ലാണ് റഷ്യയില്‍ നിന്ന് വാങ്ങിയ മിഗ് 21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് എഫ് 16 വിമാനങ്ങള്‍ കൊണ്ട് ആക്രമണം നടത്തിയപ്പോള്‍ ഇന്ത്യ തിരിച്ചടിച്ചത് മിഗ് വിമാനങ്ങള്‍ കൊണ്ടായിരുന്നു. പാകിസ്താന്‍ വെടിവച്ചിട്ട, അഭിനന്ദന്‍ വര്‍ത്തമാന്റെ വിമാനം മിഗ് 21 ആയിരുന്നു. 2006ല്‍ 110 മിഗ് വിമാനങ്ങള്‍ മിഗ് 21 ബിസോണ്‍ ആയി അപ്‌ഗ്രേഡ് ചെയ്തിരുന്നു. ഇതിലൊന്നാണ് അഭിനന്ദന്‍ ഉപയോഗിച്ചത്. പാകിസ്താന്റെ ഒരു എഫ് 16നെ വെടിവച്ചിടാന്‍ ഇതിന് കഴിഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനങ്ങളില്‍ പകുതിയിലധികവും അപകടത്തില്‍ തകര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍