UPDATES

സിബിഐ ‘തിരയുന്ന’ പി ചിദംബരം എഐസിസി ആസ്ഥാനത്ത്, ജീവനേക്കാള്‍ വലുത് ‘സ്വാതന്ത്ര്യ’മെന്ന് ചിദംബരം

വാര്‍ത്താസമ്മേളനത്തിനായാണ് ചിദംബരം പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തതോടെ സിബിഐ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കാവുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി. വാര്‍ത്താസമ്മേളനത്തിനായാണ് ചിദംബരം പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ജീവിതമാണോ സ്വാതന്ത്ര്യമാണോ വേണ്ടത് എന്ന് ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്നാണ് താന്‍ പറയുക എന്ന് ചിദംബരം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചിദംബരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കും. നിയമം പക്ഷപാതപരമായി ഏജന്‍സികള്‍ പ്രയോഗിച്ചാല്‍ പോലും അതിനെ ബഹുമാനിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന കാര്യങ്ങള്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ തനിക്കെതിരെ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റോ ഒരു കോടതിയിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്ന് ചിദംബരം പറഞ്ഞു. ഞാന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയ പ്രതിയല്ല. നിയമ പരിരക്ഷ തേടുന്നയാളാണ് -ചിദംബരം പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ സ്വാതന്ത്ര്യമാണ്. ഭരണഘടനയിലെ ഏറ്റവും അമൂല്യമായത് ആര്‍ട്ടിക്കിള്‍ 21 ആണ്. ജീവനാണോ സ്വാതന്ത്ര്യമാണോ വേണ്ടത് എന്ന് ചോദിച്ചാല്‍ താന്‍ സ്വാതന്ത്ര്യമായിരിക്കും തിരഞ്ഞെടുക്കുക എന്നും ചിദംബരം പറഞ്ഞു. വാര്‍ത്താസമ്മേളനം കഴിഞ്ഞ് ചിദംബരം മടങ്ങി. മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു.

അഴിമതി, സാമ്പത്തിക നിയമലംഘന കേസുകളിലായി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു. അടിയന്തരമായി ഹര്‍ജി പരിഗണിക്കാനാകില്ലെന്നും വെള്ളിയാഴ്ച പരിഗണിക്കാമെന്നുമാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

ഇന്നലെ ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടിലെത്തി മടങ്ങിയ സിബിഐ സംഘം ഇന്ന് വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. രാവിലെ 8 മണിയോടൊണ് സംഘം ഡൽഹിയിലെ വസതിയിലെത്തിയത്. കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന നിലയാണുള്ളത്. ഇന്നലെ വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു. എന്നാൽ അതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് സംഘവും ജോർബാഗിലെ വസതിയിലേക്കെത്തിയിരുന്നു.

ഇതിന് പിറകെയാണ് ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിദംബരത്തിന്റെ വീട്ടില്‍ ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചത്. ജാമ്യം തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പി ചിദംബരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ആയിരിക്കും ചിദംബരത്തിന് വേണ്ടി ഹാജരാവുക.

ടെലിവിഷന്‍ കമ്പനിയായ ഐഎന്‍എസ് മീഡിയയ്ക്ക്, വിദേശ സംഭാവന സ്വീകരിക്കല്‍ ചട്ടം ലംഘിച്ച് നിയമവിരുദ്ധമായി 305 കോടി രൂപ സ്വീകരിക്കാനുള്ള അവസരമുണ്ടാക്കിയതില്‍ കാര്‍ത്തി ചിദംബരം കോഴ വാങ്ങിയെന്നും അന്നത്തെ കേന്ദ്ര ധന മന്ത്രി പി ചിദംബരം ഐഎന്‍എക്‌സ് മീഡിയയ്ക്ക് അനധികൃതമായി സഹായം നല്‍കി എന്നുമാണ് കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായ കേസാണിത്. അതേസമയം താനോ തന്റെ കുടുംബത്തിലെ മറ്റാരെങ്കിലുമോ കേസില്‍ പ്രതിയല്ലെന്നാണ് ചിദംബരം പറയുന്നത്. മകള്‍ ഷീന ബോറയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമാണ് ഐഎന്‍എക്‌സ് മീഡിയയുടെ ഉടമസ്ഥര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍