UPDATES

ചിദംബരത്തെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ

ചിദംബരത്തിന് വേണ്ടി ഇന്ന് ഹാജരാകുന്നത് മനു അഭിഷേക് സിംഗ്‌വിയാണ്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബരത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ ഉന്നയിക്കുമ്പോള്‍ അറസ്റ്റ് നിയമവിരുദ്ധമാണ് എന്നാണ് ചിദംബരത്തിന്റെ വാദം.

ചിദംബരത്തിന്റെ അഭിഭാഷകരില്‍ ഒരാളും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ കോടതിയിലെത്തിയിട്ടുണ്ട്. അതേസമയം ചിദംബരത്തിന് വേണ്ടി ഇന്ന് ഹാജരാകുന്നത് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ്.

ചിദംബരം ധനമന്ത്രിയായിരിക്കെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഐഎന്‍ക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ സഹായിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ തുടങ്ങിയിരുന്നു.

എന്നാല്‍ ഇന്നലെ വൈകീട്ടാണ് ചിദംബരത്തെ കണ്ടെത്താനായത്. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലേയ്ക്ക് മടങ്ങിയ ചിദംബരത്തെ ഏറെ നാടകീയമായി, മതില്‍ ചാടിക്കടന്നും മറ്റും അകത്തെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായ കേസാണിത്. അതേസമയം ചിദംബരത്തിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ALSO READ: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍