UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ ബിജെപിയുടെ സഖ്യകക്ഷി നേതാവായിരുന്ന സജ്ജാദ് ലോണും തടങ്കലില്‍

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിച്ചതിനെതിരെ സജ്ജാദ് ലോണ്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിച്ചതിനെതിരെ പ്രതിഷേധം ശക്തമായ ജമ്മു കാശ്മീരില്‍ പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം വീട്ടുതടങ്കലിലോ പൊലീസ് കസ്റ്റഡിയിലോ ആയി തുടരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പിഡിപി), ബിജെപിയുടെ മുന്‍ സഖ്യകക്ഷി നേതാവ് സജ്ജാദ് ലോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്) തുടങ്ങിയവരെല്ലാം കസ്റ്റഡിയില്‍ തുടരുകയാണ്. ഷേര്‍ ഇ കാശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സജ്ജാദ് ലോണിനെ തടവിലാക്കിയിരിക്കുന്നത്.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരവും അവകാശങ്ങളും നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിച്ചതിനെതിരെ സജ്ജാദ് ലോണ്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സജ്ജാദ് ലോണ്‍ പറഞ്ഞത് പ്രത്യേക പദവി പിന്‍വലിക്കുന്നത് കാശ്മീരിനെ ജനതയ്ക്ക് മേലുള്ള അധിനിവേശമായിരിക്കും എന്നാണ്. ഓഗസ്റ്റ് നാലിനാണ് അവസാനമായി ലോണുമായി സംസാരിക്കാന്‍ കഴിഞ്ഞത് എന്ന് ഭാര്യ അസ്മ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സ്ഥിതിഗതികള്‍ ഇത്രയ്ക്ക് മോശമാകുമെന്ന് ലോണ്‍ കരുതിയിരുന്നില്ല എന്നും അവര്‍ പറയുന്നു.

2014 മുതല്‍ ബിജെപിയുമായി സജ്ജാദ് ലോണ്‍ സഹകരിച്ചിരുന്നു. 2014 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട സജ്ജാദ് ലോണ്‍ പറഞ്ഞത് അദ്ദേഹം എന്റെ മൂത്ത സഹോദരനാണ് എന്നാണ്. ബിജെപിയുമായി ചേര്‍ന്ന് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ സജ്ജാദ് ലോണ്‍ മന്ത്രിയായിരുന്നു. ബിജെപിയാണ് സജ്ജാദ് ലോണിന് മന്ത്രി സ്ഥാനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ലോണിന്റെ നിലപാട് നിര്‍ണായകമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍