UPDATES

ട്രെന്‍ഡിങ്ങ്

ശശി തരൂര്‍ പ്രകടിപ്പിച്ചത് കോണ്‍ഗ്രസുകാരുടെ പൊതുവികാരം, പ്രവര്‍ത്തകസമിതി ഉടന്‍ ചേരും: കെസി വേണുഗോപാല്‍

ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പിന്നീട് തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന ശശി തരൂരിന്റെ ആവശ്യത്തോട് പിജെ കുര്യനും കെവി തോമസും യോജിക്കുന്നു.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തകസമിതിയിലേയ്ക്കും പ്രസിഡന്റ് സ്ഥാനത്തേയ്ക്കുമുള്‍പ്പടെ തിരഞ്ഞെടുപ്പ് നടത്തണം എന്ന ശശി തരൂര്‍ എംപിയുടെ ആവശ്യത്തെ പിന്തുണച്ച് നേതാക്കള്‍. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പിജെ കുര്യന്‍, കെവി തോമസ് തുടങ്ങിയവരെല്ലാം പാര്‍ട്ടി പ്രസിഡന്റിനെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. തരൂരിന്റെ ആവശ്യം സ്വാഭാവികമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂര്‍ പങ്കുവച്ചത് എന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം തരൂര്‍ പറയുന്നത് നാഥനില്ലാ കളരി എന്ന നിലയിലേയ്ക്ക് കോണ്‍ഗ്രസ് എത്തിയതായി തോന്നുന്നില്ല എന്നും തീരുമാനങ്ങള്‍ എടുക്കുന്നുണ്ട് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രസിഡന്റിനെ ഉടന്‍ നിയമിക്കണം. പ്രവര്‍ത്തകസമിതി ഉടന്‍ ചേരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പ്രസിഡന്റ് രാജി വച്ചാല്‍ പിന്നെ പ്രവര്‍ത്തകസമിതിക്കാണ് അധികാരം. പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. സര്‍ക്കാര്‍ തുരുതുരാ ബില്ലുകള്‍ പാസാക്കിക്കൊണ്ടിരിക്കുന്നു. എല്ലാ എംപിമാരും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായതിനാലും ഇതിന്റെ തിരക്കുകളും പ്രവര്‍ത്തക സമിതി ചേരുന്നതില്‍ കാലതാമസമുണ്ടാക്കുന്നുണ്ട്. എന്നാലും അടിയന്തരമായി പ്രവര്‍ത്തകസമിതി കൂടി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതേസമയം തരൂരിന്റെ ആവശ്യത്തോട് പ്രതികരിക്കാനില്ല എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പിന്നീട് തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന ശശി തരൂരിന്റെ ആവശ്യത്തോട് പിജെ കുര്യനും കെവി തോമസും യോജിക്കുന്നു. കോണ്‍ഗ്രസ് നേതൃപ്രതിസന്ധിയിലാണ് എന്ന തരൂരിന്റെ അഭിപ്രായത്തോട് പിജെ കുര്യന്‍ യോജിച്ചു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ പാര്‍ട്ടിയിലെ പ്രതിസന്ധിയെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് തരൂര്‍ ഇക്കാര്യം പറഞ്ഞു. കര്‍ണാടകയിലേയും ഗോവയിലേയും അവസ്ഥയ്ക്ക് കാരണം നേതാവില്ലാത്ത പ്രതിസന്ധിയാണ് എന്നും തരൂര്‍ പറഞ്ഞു.

മധ്യപ്രദേശിലോ രാജസ്ഥാനിലോ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതിന് നേതൃത്വം കാത്തിരിക്കരുത്. ഇതിനെ നേരിടാന്‍ ധൈര്യം കാണിക്കുന്ന നേതാവ് കോണ്‍ഗ്രസിന് ആവശ്യമുണ്ട്. യുവ നേതാവാണ് വേണ്ടത്. ഞാന്‍ പറയുന്നത് ഗാന്ധി കുടുംബത്തിന് എതിരായല്ല ഞാന്‍ പറയുന്നത്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ നല്ല കാര്യമല്ല. യുവനേതാവ് വേണമെന്നാണ് എന്റെ അഭിപ്രായം. 50 വയസില്‍ താഴെയുള്ള ഒരാളായിരിക്കും നല്ലത്. എനിക്ക് കുറഞ്ഞ സംഘടനാപരിചയമേ ഉള്ളൂ. എന്നേക്കാള്‍ പ്രായം കുറഞ്ഞ പലരും എന്നേക്കാള്‍ 20 വര്‍ഷം കൂടുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണ്. അധ്യക്ഷനാവാന്‍ താല്‍പര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാജി വച്ചപ്പോള്‍ രാഹുല്‍ രാജി വയ്ക്കാന്‍ പാടില്ലായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പിജെ കുര്യന്‍ പറഞ്ഞു. ഇന്ദിര ഗാന്ധി പാര്‍ട്ടിയെ നയിക്കുമ്പോള്‍ വലിയ തോല്‍വിയുണ്ടായിട്ടുണ്ട്. അവര്‍ അതിനെ നേരിട്ട് ധീരമായി തിരിച്ചുവരുകയായിരുന്നു. ഏതായാലും രാഹുല്‍ രാജി വച്ചു. രാജി വച്ച സമയത്ത് തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഡല്‍ഹിയിലെ നേതാക്കള്‍ കാണിച്ചിരുന്നെങ്കില്‍ ഇപ്പോളുണ്ടായ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ല എന്നും പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍