UPDATES

യെച്ചൂരി സുരക്ഷാ അകമ്പടിയില്‍ തരിഗാമിയുടെ വീട്ടിലെത്തി, ഇന്ന് ശ്രീനഗറില്‍ താമസിക്കണമെന്ന് ആവശ്യം

നേരത്തെ രണ്ട് തവണയും തരിഗാമി അടക്കമുള്ളവരെ കാണാനായി കാശ്മീരിലെത്തിയപ്പോള്‍ യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ളവരെ എയര്‍പോര്‍ട്ടില്‍ അധികൃതര്‍ തടഞ്ഞിരുന്നു.

സുപ്രീം കോടതി അനുമതിയെ തുടര്‍ന്ന് ശ്രീനഗറിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വീട്ടുതടങ്കലിലുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വീട്ടിലെത്തി. കോടതി നിര്‍ദ്ദേശ പ്രകാരം സുരക്ഷാ ഉടമ്പടിയിലാണ് യെച്ചൂരിയുടെ യാത്ര. തരിഗാമിയെ കാണാന്‍ യെച്ചൂരിക്കും കുടുംബത്തെ കാണാന്‍ ഒരു കാശ്മീരി വിദ്യാര്‍ത്ഥിക്കും സുപ്രീം കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

തരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്ന് മറ്റ് രാഷ്ട്രീയ ചര്‍ച്ചകളോ പരിപാടികളോ പാടില്ലെന്നും സുപ്രീം കോടതി യെച്ചൂരിയോട് പ്രത്യേകം പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് യെച്ചൂരിക്ക് കോടതി ഇന്നലെ യാത്രാനുമതി നല്‍കിയത്. തരിഗാമിയെ കണ്ട ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അടക്കമുള്ളവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് യെച്ചൂരിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് യെച്ചൂരി അറിയിക്കുകയും ചെയ്തു.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യം ഉത്തരവിട്ടത്. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സുഹൃത്തായ തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അവകാശമുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

നേരത്തെ രണ്ട് തവണയും തരിഗാമി അടക്കമുള്ളവരെ കാണാനായി കാശ്മീരിലെത്തിയപ്പോള്‍ യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ളവരെ എയര്‍പോര്‍ട്ടില്‍ അധികൃതര്‍ തടഞ്ഞിരുന്നു. യെച്ചൂരിയേയും രാജയേയും രണ്ട് തവണയാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞത്. ഇന്ന് കാശ്മീരില്‍ താമസിക്കണം എന്ന ആവശ്യം യെച്ചൂരി പൊലീസിനോട് ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ശ്രീനഗറിലെത്തിയ എല്ലാ രാഷ്ട്രീയ നേതാക്കളേയും വിമാനത്താവളത്തില്‍ വച്ച് തന്നെ തിരിച്ചയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍