UPDATES

ട്രെന്‍ഡിങ്ങ്

“ദലിത് എന്നാല്‍ തൊട്ടുകൂടാത്തവര്‍” – ചോദ്യ പേപ്പറുണ്ടാക്കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് സ്റ്റാലിന്‍

ചോദ്യ പേപ്പര്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

‘ദലിത്’ എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്ത്? എന്ന സിബിഎസ്ഇ ആറാം ക്ലാസ് പരീക്ഷയുടെ വിവാദ ചോദ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിന്‍. ദലിത് എന്നതിന്റെ അര്‍ത്ഥം എന്ത് എന്ന ചോദ്യത്തിന് ഓപ്ഷനുകളായി കൊടുത്തിരിക്കുന്നത് വിദേശികള്‍, തൊട്ടുകൂടാത്തവര്‍, മധ്യവര്‍ഗം, സമ്പന്ന വര്‍ഗം എന്നെല്ലാമായിരുന്നു.

ചോദ്യ പേപ്പര്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയ്ക്ക്, ജാതി വിവേചനവും സാമുദായിക ധ്രുവീകരണവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ വരുന്നത് തന്നെ ഞെട്ടിച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

സാമൂഹ്യ ശാസ്ത്ര പാഠപുസ്‌കത്തിലെ ‘Diversity and Discrimination’ (വൈവിധ്യവും വിവേചനവും) എന്ന പാഠഭാഗത്ത് നിന്നുള്ളതാണ് ചോദ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. അമ്മ മക്കള്‍ മുന്നേട്ര കഴഗം (എഎംഎംകെ) നേതാവ് ടി ടി വി ദിനകരന്‍, രാജ്യസഭ എംപിയും എംഡിഎംകെ അധ്യക്ഷനുമായ വൈക്കോ തുടങ്ങിയവരും ചോദ്യപേപ്പറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

അതേസമയം ഒരു വ്യാജ ചോദ്യപേപ്പര്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട് എന്നാണ് കേന്ദ്രീയ വിദ്യാലയ സംഘാടന്‍ പ്രതികരിച്ചത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമാണിത്. എന്നാല്‍ ഇത് കെ വി ചോദ്യ പേപ്പറാണ് എന്ന് തെളിയിക്കുന്ന യാതൊന്നുമില്ലെന്നും സംഘടന്‍ പ്രതികരിച്ചു. ചെന്നൈ മേഖലയിലെ 49 കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്ന് പോലും ഇത്തരത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടില്ല എന്ന് സംഘടന്‍ പറയുന്നു. 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്ക് മാത്രമേ തങ്ങള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കാറുള്ളൂ എന്നാണ് സിബിഎസ്ഇയുടെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍