സാഹിസ്തയും താബ്രിസിന്റെ അമ്മാവന്‍ മുഹമ്മദ് മന്‍സൂര്‍ ആലവും ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു.
നീതി കിട്ടിയില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന്, ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയായ താബ്രിസ് അന്‍സാരിയുടെ ഭാര്യ സാഹിസ്ത പര്‍വേസ്. താബ്രിസിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുടേയും പകര്‍പ്പുകള്‍ സാഹിസ്ത പര്‍വേസ് ആവശ്യപ്പെട്ടു. സാഹിസ്തയും താബ്രിസിന്റെ അമ്മാവന്‍ മുഹമ്മദ് മന്‍സൂര്‍ ആലവും ഡെപ്യൂട്ടി കമ്മീഷണറെ കണ്ട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു.
ധാത്കിദി ഗ്രാമക്കാരാണ് തന്റെ ഭര്‍ത്താവിനെ ആക്രമിച്ചത് എന്ന് സാഹിസ്ത പറയുന്നു. സെരായ്‌കേല ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഡോക്ടര്‍മാരും പൊലീസും അവഗണനാപരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് സാഹിസ്ത കുറ്റപ്പെടുത്തുന്നു. കോടതിയില്‍ പൊലീസ് വസ്തുതകള്‍ വളച്ചൊടിച്ചു. വധശിക്ഷ ലഭിക്കാവുന്ന ഐപിസി 302ാം വകുപ്പിന് പകരം ഐപിസി 304ാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് പ്രതികള്‍ക്ക് ആവശ്യപ്പെട്ടത് – സാഹിസ്ത പറയുന്നു.
ഓഗസ്റ്റ് 30നകം രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടായില്ല – മന്‍സൂര്‍ ആലം ദ ഹിന്ദുവിനോട് പറഞ്ഞു. കേസ് ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. യാതൊരു രേഖയും തന്നിട്ടില്ല. കോടതിയില്‍ നിന്ന് വാങ്ങാനാണ് പറയുന്നത് – മന്‍സൂര്‍ ആലം പറഞ്ഞു. കേസില്‍ സാഹിസ്ത നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 17ന് വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകല ധാത്കിദി ഗ്രാമത്തില്‍ വച്ചാണ് മോഷ്ടാവെന്ന് ആരോപിച്ച് താബ്രിസ് അന്‍സാരിയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. രാത്രി മുഴുവന്‍ താബ്രിസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജയ് ഹനുമാന്‍, ജയ് ശ്രീരാം എന്നെല്ലാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ താബ്രിസ് അന്‍സാരി ജൂണ്‍ 22ന് ആശുപത്രിയില്‍ വച്ച് മരിച്ചു. താബ്രിസിന് വേണ്ട സമയത്ത് ചികിത്സ നല്‍കിയില്ല എന്ന് കുടുംബം ആരോപിക്കുന്നു.
11 പ്രതികള്‍ക്കെതിരെയാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പേര്‍ക്കെതിരെ അന്വേഷണം തുടരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഒഴിവാക്കിയത് വിവാദമായിരുന്നു. മര്‍ദ്ദനം മൂലമുള്ള പരിക്കുകള്‍ കൊണ്ടല്ല, ഹൃദയാഘാതം മൂലമാണ് താബ്രിസ് മരിച്ചത് എന്നാണ് പൊലീസിന്റെ വാദം.