UPDATES

ട്രെന്‍ഡിങ്ങ്

“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു, ബിജെപിയിലേയ്ക്ക് വരൂ” എന്ന് അമിത് ഷാ; ഒറ്റയ്ക്കാണെങ്കിലും ബിജെപിക്കെതിരെ പോരാടുമെന്ന് സിപിഎം എംപി

ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തുന്ന പ്രതിപക്ഷ എംപിമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത് അപലപനീയമാണ് എന്ന് സിപിഎം രാജ്യസഭ നേതാവ് ടികെ രംഗരാജന്‍ പറഞ്ഞു.

ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷണിച്ചതായി സിപിഎം രാജ്യസഭ എംപി ജര്‍ണ ദാസ്. എന്നാല്‍ ബിജെപി പ്രസിഡന്റിനെ കാണാനല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാനാണ് താന്‍ വന്നത് എന്നായിരുന്നു ജര്‍ണ ദാസിന്റെ മറുപടി. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞാന്‍ ഒരാള്‍ മാത്രമാണ് ഉള്ളത് എങ്കില്‍ പോലും താങ്കളുടെ പാര്‍ട്ടിക്കെതിരെ ആശയപരമായി പോരാടും എന്ന് ജര്‍ണ പറഞ്ഞതോടെ അമിത് ഷാ ക്ഷമ ചോദിച്ചതായും ദേശാഭിമാനി പറയുന്നു. ത്രിപുരയില്‍ നിന്നുള്ള ഏക രാജ്യസഭാംഗമാണ് ജര്‍ണ ദാസ്. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ ത്രിപുര സന്ദര്‍ശിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില പുനസ്ഥാപിക്കുന്നതിന് സഹായകമായ നടപടികള്‍ സ്വീകരിക്കണം എന്ന് ജര്‍ണ ദാസ് ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗം വിളിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ജര്‍ണ ദാസ് ആവശ്യപ്പെടുന്നു.

2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ ഭരണത്തിന് ശേഷം സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് അധികാരം നഷ്ടമാവുകയും മുന്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപി അധികാരം പിടിക്കുകയും ചെയ്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് സീറ്റും സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയമാണ് ബിജെപി നേടിയത്. സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി അധികാരത്തിലെത്തിയ ശേഷം വ്യാപക അക്രമം നടക്കുന്നതായി പരാതികളുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്നത് ഭരണകക്ഷിയായ ബിജെപിയാണെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും ഇടതുപക്ഷ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായും അമിത് ഷായോട് ജര്‍ണ ദാസ് പറഞ്ഞു. അതേസമയം ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തുന്ന പ്രതിപക്ഷ എംപിമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത് അപലപനീയമാണ് എന്ന് സിപിഎം രാജ്യസഭ നേതാവ് ടികെ രംഗരാജന്‍ പറഞ്ഞു. ഇത് ഫാഷിസ്റ്റ് ഭരണത്തിന്റെ ലക്ഷണമാണ് എന്നും രംഗരാജന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍