UPDATES

ഇടപെട്ട് സുപ്രീം കോടതി; ഉന്നാവോ കേസുകളുടെ വിചാരണ യുപിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവ്, സിബിഐ അന്വേഷണവും തങ്ങളുടെ മേല്‍നോട്ടത്തില്‍ മതിയെന്ന് കോടതി

കേസുകളുടെ വിചാരണ ഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.

ഉന്നാവോ ബലാത്സംഗ, വധശ്രമ കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും ഇനി സിബിഐ അന്വേഷണം. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ പരാതിക്കത്ത് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കകം മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയിലെത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

നാല് കേസുകളാണ് ഉന്നാവോ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ലക്‌നൗ കോടതിയിലുള്ളത്. ഈ കേസുകളുടെ വിചാരണ ഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. റോഡ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ മുഖ്യപ്രതിയായ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ റായ്ബറേലിയില്‍ വച്ച് ട്രക്കിടിച്ചത് ആസൂത്രിത വധശ്രമമാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. നിലവില്‍ ജയിലിലുള്ള ബിജെപി എംഎല്‍എയ്ക്കും എംഎല്‍എയുടെ സഹോദരനടക്കം മറ്റ് ഒമ്പത് പേര്‍ക്കെതിരെയും സിബിഐ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ജൂലായ് 12ന് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനും യുപി അധികൃതര്‍ക്കും നല്‍കിയ പരാതിക്കത്ത് കഴിഞ്ഞ ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ചീഫ് ജസ്റ്റിസിന് മുന്നില്‍ വച്ചപ്പോളാണ് ഇക്കാര്യം ശ്രദ്ധയില്‍ വന്നത്. എന്തുകൊണ്ട് കത്തിന്റെ കാര്യം അറിയിച്ചില്ല എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു.

കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരനില്‍ നിന്നുള്‍പ്പടെ തനിക്കും കുടുംബത്തിനും നിരന്തര ഭീഷണിയുള്ളതായി ജൂലായ് 12ന്റെ കത്തില്‍ ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. റായ്ബറേലിയിലെ റോഡ് അപകടം ജയിലിലുള്ള എംഎല്‍എ ആസൂത്രണം ചെയ്തതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഡ്വക്കേറ്റിനും പരിക്കേറ്റു. ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍