UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ജന്മദിനം – ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഗുജറാത്ത് സ്കൂളൂകളില്‍ ആഘോഷം; മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികളോട് എം എസ് യൂണിവേഴ്‌സിറ്റി

‘രാഷ്ട്രനിര്‍മ്മാണ’ത്തില്‍ പങ്കാളികളാകാനും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ പിന്തുണക്കാനും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെടുന്നു.

നാളെ (സെപ്റ്റംബര്‍ 17) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അഹമ്മദാബാദ് ഡിസ്ട്രിക്ട് എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് സ്‌കൂളുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അഹമ്മദാബാദ് റൂറല്‍ മേഖലയിലെ സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍മാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. പ്രത്യേക പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണക്കുന്ന ‘ഭാരത് ഏകത മാര്‍ച്ചി’ല്‍ പങ്കെടുക്കണം എന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട യൂണിവേഴ്‌സിറ്റി നടപടിയും വിവാദമായിരിക്കവുകയാണ്. ഗുജറാത്തിലെ എം എസ് സര്‍വകലാശാലയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇക്കാര്യം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

അധ്യാപകര്‍ അടക്കമുള്ള എല്ലാ ജീവനക്കാരോടും യൂണിവേഴ്‌സിറ്റി ഭാരത് ഏകതാ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘രാഷ്ട്രനിര്‍മ്മാണ’ത്തില്‍ പങ്കാളികളാകാനും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ പിന്തുണക്കാനും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെടുന്നു.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് തവണ സന്ദേശമയച്ചിരുന്നതായി രജിസ്ട്രാര്‍ പറയുന്നു. അതേസമയം ആരെയും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നും സ്വമേധയാ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ബിജെപിക്കാരനായ സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു. അതേസമയം ബിജെപി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആളുകളെ നിര്‍ബന്ധിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ ജോഷി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ മറ്റ് സ്വകാര്യ സര്‍വകലാശാലകളും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ രൂപീകരിച്ച വഡോദ്ര കാശ്മീര്‍ സഭ അടക്കമുള്ളവ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്.

പാര്‍ലമെന്റ് എടുത്ത തീരുമാനം വളരെ മികച്ചതും ജനകീയവുമാണെന്നും ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത് സഹായിച്ചതായും സ്‌കൂളുകള്‍ക്കുള്ള സര്‍ക്കുലറില്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 370യെക്കുറിച്ച് പഠിക്കുന്ന കുട്ടികള്‍ അത് പിന്‍വലിച്ചതിനെക്കുറിച്ചും അറിയേണ്ടതുണ്ട്. സംവാദ മത്സരത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം അവസരം ലഭിക്കും എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട് എന്ന് ദ വയര്‍ പറയുന്നു. കാശ്മീരില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകളടക്കം കമ്മ്യൂണിക്കേഷന്‍ ബന്ധം വിച്ഛേദിച്ചതിനെക്കുറിച്ച് സര്‍ക്കുലറില്‍ പരാമര്‍ശമില്ല.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ശിശു ദിനം ആയി ആഘോഷിക്കുന്നത് പോലെ മോദിയുടെ ജന്മദിനവും പ്രധാനപ്പെട്ട ദിനമായി മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ദ വയറിനോട് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂളുകളിലെത്തി പരിപാടി സംഘടിപ്പിക്കാന്‍ സഹായിക്കും. പരിപാടിയുടെ ഫോട്ടകളടക്കം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍