UPDATES

ജലക്ഷാമം രൂക്ഷം: ബംഗളൂരുവില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടന്ന് ആലോചിച്ച് കര്‍ണാടക സര്‍ക്കാര്‍

ഡെവലപ്പേഴ്‌സുമായി സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

അതിരൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് ബംഗളൂരു നഗരത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ആലോചന. ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് വരുകയാണ് എന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര ഇന്നലെ പറഞ്ഞിരുന്നു. നഗരത്തിലെ പല അപ്പാര്‍ട്ട്‌മെന്റുകളും ജലലഭ്യത ഉറപ്പാക്കാതെയാണ് വില്‍ക്കുന്നത് എന്ന് പരമേശ്വര പറഞ്ഞു. കുടിവെള്ളം കിട്ടുന്നില്ല. വെള്ളം കിട്ടാത്ത അവസ്ഥയില്‍ താമസക്കാര്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നു. ഇത് പലപ്പോഴും ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഡെവലപ്പേഴ്‌സുമായി സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവിധ സ്രോതസുകളില്‍ നിന്ന് നഗരത്തിന് ആവശ്യമുള്ള വെള്ളം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് കണക്കിലെടുത്താണ് അഞ്ച് വര്‍ഷത്തേയ്ക്ക് പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അനുമതി നിഷേധിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്.

അതേസമയം ബംഗളൂരു അതിന്റെ പരിധിക്കപ്പുറം വളര്‍ന്നതായും ഈ തീരുമാനം നടപ്പാക്കുക എത്രത്തോളം പ്രായോഗികമാണ് എന്ന് സംശയമാണെന്നും ഡെവലപ്പേഴ്‌സ് പറയുന്നു. നഗരാസൂത്രണ അതോറിറ്റിക്ക് വ്യക്തമായ പദ്ധതിയുണ്ടാകണം. ഡെവലപ്പേഴ്‌സ് അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. കിട്ടുന്ന അനുമതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ്, കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവയുടെ അനുമതിയില്ലാതെ ഒരു ഡെവലപ്പറും ബില്‍ഡിംഗ് നിര്‍മ്മിക്കുന്നില്ല. നോട്ടിഫിക്കേഷന്‍ കൃത്യമായി ഇറക്കുന്നുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ടാണ് ഒരോ പദ്ധതിയും പൂര്‍ത്തിയാകുന്നത്. മതിയായ ആലോചനകളില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കരുത് – സ്റ്റെര്‍ലിംഗ് ഡെവലപ്പേഴ്‌സ് ചെയര്‍മാനും എംഡിയുമായ രമണി ശാസ്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍