UPDATES

“അമിത് ഭായിയുടെ അന്തിമ ലിസ്റ്റ് ഉടന്‍” – സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചയായിട്ടും മന്ത്രിമാരില്ലാതെ ഒറ്റയ്ക്ക് യെദിയൂരപ്പ

നാളെ തന്നെ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് യെദിയൂരപ്പ എഎന്‍ഐയോട് പറഞ്ഞത്.

സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചയായിട്ടും കര്‍ണാടകയിലെ ബിജെപി മന്ത്രിസഭയില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മാത്രമേയുള്ളൂ. ഒരു മന്ത്രി പോലും വന്നിട്ടില്ല. അതേസമയം മന്ത്രിമാരുടെ അന്തിമ പട്ടിക പാര്‍ട്ടി അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ നല്‍കുമെന്നാണ് യെദിയൂരപ്പ പറഞ്ഞത്. പ്രളയത്തിന്റേയും മഴക്കെടുതികളുടേയും ദുരിതമനുഭവിക്കുന്ന സംസ്ഥാനമാണ് മന്ത്രിസഭയില്ലാതെ മുന്നോട്ടുപോകുന്നത്. നാളെ തന്നെ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് യെദിയൂരപ്പ എഎന്‍ഐയോട് പറഞ്ഞത്.

മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി യെദിയൂരപ്പ രണ്ടാഴ്ച മുമ്പ് ഡല്‍ഹിയിലെത്തിയിരുന്നു. എന്നാല്‍ കര്‍ണാടകയില്‍ പോയി വെള്ളപ്പൊക്കത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് അമിത് ഷാ യെദിയൂരപ്പയോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 60ലധികം പേര്‍ മരിച്ചിരുന്നു.

മന്ത്രിസഭ രൂപീകരിക്കാന്‍ വൈകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയിരുന്നു. മന്ത്രിമാരില്ലാത്ത കാബിനറ്റോ, ഇതാണോ ബിജെപിയുടെ മിനിമം ഗവണ്‍മെന്റ്. കര്‍ണാടകയ്ക്ക് ഒരു സര്‍ക്കാര്‍ വേണം. യെദിയൂരപ്പയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ രാജി വച്ച് പോകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍