UPDATES

റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍: പ്രതിസന്ധി രൂക്ഷം; ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു?

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്നലെ നടത്തിയ പ്രസ്താവനയോടെ സര്‍ക്കാരും കേന്ദ്ര ബാങ്കും തമിലുള്ള ബന്ധം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു

നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായതോടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍. സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധം അതീവ മോശമായ സാഹചര്യത്തിലാണ് പട്ടേല്‍ രാജി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

സിബിഐക്ക് പിന്നാലെ ആര്‍ബിഐയിലും (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അസ്വാരസ്യം പുകയുകയാണ് എന്ന വാര്‍ത്ത‍ പുറത്തു വന്നതിനു പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കേന്ദ്ര ബാങ്ക് നേതൃത്വം കടന്നേക്കുമെന്ന വാര്‍ത്തകളും. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പ്രസംഗിച്ചതോടെയാണ്‌ പ്രതിസന്ധി മറനീക്കി പുറത്തു വന്നത്. ഇതിന് രൂക്ഷമായ  മറുപടിയായി രംഗത്തുവന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി, 2008-2014 കാലഘട്ടത്തില്‍ ആര്‍ബിഐ കയ്യയച്ച് വായ്പകള്‍ അനുവദിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ ഈ കിട്ടാക്കട പ്രതിസന്ധിക്ക് മറ്റാരെയും കുറ്റപ്പെടുത്താനാവില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്. ഇതോടെ, നരേന്ദ്ര മോദി സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ശീതസമരം കൂടുതല്‍ ശക്തമാവുകയും ചെയ്തു. ആര്‍ബിഐയെ നേരിട്ടു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജെയ്റ്റ്ലിയുടെ പരമാര്‍ശങ്ങള്‍ പട്ടേലിനും ആര്‍ബിഐ നേതൃത്വത്തിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2010-ല്‍ അര്‍ജന്റീയുടെ സെന്‍ട്രല്‍ ബാങ്ക് നേരിട്ട പ്രതിസന്ധിയാണ് ആര്‍ബിഐ നേരിടുന്ന പ്രതിസന്ധിക്ക് ഉദാഹരണമായി ആചാര്യ ചൂണ്ടിക്കാട്ടിയത്. അര്‍ജന്റീന സെന്‍ട്രല്‍ ബാങ്ക് തലവന്‍ ഗവണ്‍മെന്റ് ഇടപടലുകളിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കും വിപണി സമ്മര്‍ദ്ദത്തിനും സമാനമായ അവസ്ഥയാണ് ഇന്ത്യയിലും നിലവിലുള്ളതെന്ന് വിരാല്‍ ആചാര്യ ചൂണ്ടിക്കാട്ടി. “കേന്ദ്രബാങ്കിന്റെ സ്വാതന്ത്ര്യത്തേയും സ്വയംഭരണാധികാരത്തെയും മാനിക്കാത്ത സര്‍ക്കാരുകള്‍ ധനകാര്യ വിപണിയുടെ കോപത്തിന് ഇരയാകും, അത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും, അതുകഴിഞ്ഞ് രാജ്യത്തെ ഒരു പ്രധാനപ്പെട്ട റെഗുലേറ്ററി സ്ഥാപനത്തെ ഈ വിധം മറികടന്നതിന് വിലപിച്ചിട്ട് കാര്യമില്ല”- ആചാര്യയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു.

ആചാര്യയുടെ പ്രസ്താവന മോദി സര്‍ക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും തമ്മിലുള്ള സംഘര്‍ഷം പ്രകടമാക്കുന്നതാണെന്നാണ് ബ്ലൂംബര്‍ഗില്‍ എഴുതിയ ലേഖനത്തില്‍ ആന്‍ഡി മുഖര്‍ജി പറയുന്നത്. ആര്‍ബിഐ ബോര്‍ഡ് മീറ്റിംഗില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പട്ടേലിനും സംഘത്തിനും എതിരെ തിരിഞ്ഞിരുന്നു. നയപരമായി കാര്യങ്ങളിലും മറ്റും കേന്ദ്രം അനാവശ്യമായി ഇടപെടുകയാണെന്നും ഇത് ആര്‍ബിഐയുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്നതായും ആചാര്യ പരാതിപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാകുന്ന രീതിയിലാണ് ആര്‍ബിഐ മുന്നോട്ടുപോകുന്നതെന്നായിരുന്നു ധനമന്ത്രാലയ പ്രതിനിധികളുടെ കുറ്റപ്പെടുത്തല്‍. ഇതിനു പിന്നാലെയാണ് ഇന്നലെ ജയ്‌റ്റ്ലിയും രംഗത്തു വന്നത്. “അവരൊരു റെഗുലേറ്ററി ബോഡിയല്ലേ, എന്നാല്‍ ബാങ്കുകള്‍ യാതൊരു മുന്‍കരുതലുമില്ലാതെ യുപിയെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വന്‍തോതില്‍ വായ്പകള്‍ അനുവദിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നു? ഈ കിട്ടാക്കടത്തിന്റെ പ്രധാന ഉത്തരവാദി ആര്‍ബിഐ തന്നെയാണ്”, ജെയ്റ്റ്ലി വിമര്‍ശിച്ചു.

ഗവര്‍ണര്‍ സ്ഥാനത്ത് ഉര്‍ജിത് പട്ടേലിന്റെ കാലാവധി 2019 സെപ്റ്റംബറില്‍ അവസാനിക്കും. മുന്‍ഗാമി രഘുറാം രാജന്‍ കാലാവധി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടാതെ 2016 സെപ്റ്റംബറില്‍ യുഎസിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായി രഘുറാം രാജനുള്ള രൂക്ഷമായ അഭിപ്രായഭിന്നതകളും ഇതിനിടെ വ്യക്തമായിരുന്നു. നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങളെ രഘുറാം രാജന്‍ എതിര്‍ത്തിരുന്നതായി പിന്നീട് വ്യക്തമായി. അതിനു പിന്നാലെയാണ് ഊര്‍ജിത് പട്ടേലിനേയും ആര്‍ബിഐയേയും കാഴ്ചക്കാരാക്കിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത് എന്ന വിമര്‍ശനം ഉയരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ധനനയം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം എന്ന ആര്‍ബിഐയുടെ മേല്‍വിലാസം പരിഹസ്യമാകുന്നത് നോട്ട് നിരോധന കാലത്താണ്. ആര്‍ബിഐയേയും രാജ്യത്തെ ബാങ്കിംഗ് മേഖലയേയും കൂടി തകര്‍ക്കുന്ന നിലപാടായിരുന്നു മോദി സര്‍ക്കാരിന്റെത് എന്ന വിമര്‍ശനവും ഉയര്‍ന്നു.

യുഎസ് മോണിട്ടറി പോളിസിയുടെ കര്‍ശനമായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വശത്ത്, ആഭ്യന്ത ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധി മറുവശത്ത്; വിവിധ ബിസിനസ് ഗ്രൂപ്പുകളുണ്ടാക്കിയ കിട്ടാക്കടം മൂലമുണ്ടായ ലിക്വിഡിറ്റിയും വലിയ പ്രശ്‌നമാണെന്ന് ആന്‍ഡി മുഖര്‍ജി ചൂണ്ടിക്കാട്ടുന്നു. മോണിട്ടറി പോളിസി സംബന്ധിച്ച് ഒരു രാജ്യത്ത കേന്ദ്ര ബാങ്കും കേന്ദ്ര ഗവണ്‍മെന്റും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുക സാധാരണമാണ്. യുഎസിലും ഇത് കാണാം. ഫെഡറല്‍ റിസര്‍വ് തലവനായി ജോറോം പവലിനെ നിയമിച്ചതില്‍ താന്‍ ഖേദിക്കുന്നു എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. പലിശനിരക്ക് കൂട്ടിയ പവലിന്റെ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഏതായാലും ആര്‍ബിഐയ്ക്കുള്ള സമ്മര്‍ദ്ദം ബാങ്കിംഗ് മേഖലയില്‍ പടര്‍ന്നുകഴിഞ്ഞു. അധികാര സ്ഥാനങ്ങളിലുള്ളവര്‍ പൊതുമേഖല സ്ഥാപനങ്ങളെ ആര്‍ബിഐ തകര്‍ക്കുന്നതായായാണ് ചിത്രീകരിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത് തടയുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ 70 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റേതാണ്. ബാങ്കിംഗ് പ്രതിസന്ധിയും റിസര്‍വ് ബാങ്കുമായുള്ള ഭിന്നതകളും പരിഹരിക്കാനുള്ള ശ്രമങ്ങളല്ല മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മുഖര്‍ജി തന്റെ ലേഖനത്തില്‍ പറയുന്നു.  രാജ്യത്തെ 86 ശതമാനം കറന്‍സി നോട്ടുകളും ഒറ്റ രാത്രി കൊണ്ട് അസാധുവാക്കിക്കൊണ്ട് നിലവില്‍ തന്നെ മോശമായിരുന്ന രാജ്യത്തിന്റെ സാമ്പത്തിക നില കൂടുതല്‍ മോശമാക്കി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റും മുന്‍ മാധ്യമപ്രവര്‍ത്തകനും ആര്‍എസ്എസ് അനുഭാവിയുമായ എസ് ഗുരുമൂര്‍ത്തിയെ ആര്‍ബിഐ ബോര്‍ഡ് അംഗമായി നിയമിച്ചത് സ്ഥാപനത്തെ അപമാനിക്കുന്ന നടപടിയായിരുന്നു എന്ന് മുഖര്‍ജി അഭിപ്രായപ്പെടുന്നു. രഘുറാം രാജന്‍ വിദേശ ഏജന്റാണെന്നടക്കം പറഞ്ഞ് ഗുരുമൂര്‍ത്തി ഇതിനിടെ കടന്നാക്രമണം നടത്തുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം മൂല്യമുള്ള കറന്‍സിയാണ് ഇന്ത്യന്‍ രൂപ.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ആര്‍ബിഐയുടെ സ്വയംഭരണാധികാരത്തെ മുഴുവന്‍ നശിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലെന്നും ആര്‍ബിയെ വിമര്‍ശിച്ചതിന് ജയ്‌റ്റ്ലി മാപ്പ് പറയുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഇന്നലെ വ്യക്തമാക്കി.

ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആര്‍ബിഐക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തിയും രംഗത്തു വന്നിട്ടുണ്ട്. “സര്‍ക്കാരുകള്‍, അത് ഏതായാലും, ആര്‍ബിഐയെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഡോ. ആചാര്യ പറഞ്ഞിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും ധനമാന്ത്രാലയും ആര്‍ബിഐയുടെ അധികാരങ്ങള്‍ ഓരോ ദിവസമായി കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ പ്രതിഫലനമായാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഏതു നീക്കത്തെയും പ്രതിരോധിച്ചേ മതിയാവൂ”– സംഘടന തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. ആചാര്യയുടെ ഇപ്പോഴത്തെ പ്രസ്താവന പൊടുന്നനെ ഉണ്ടായിട്ടുള്ളതല്ലെന്നും ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ബാക്കിപത്രമാണെന്നുമാണ് ധനകാര്യ മേഖലയിലുള്ളവര്‍ പറയുന്നത്. ആചാര്യ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്നത് ഊര്‍ജിത് പട്ടേലിന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും അവര്‍ പറയുന്നു.

സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല

ആരാണ് ഉര്‍ജിത് പട്ടേല്‍?

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

നോട്ട് നിരോധനത്തിന് നിര്‍ദ്ദേശിച്ചത് സര്‍ക്കാര്‍; ഉത്തരവാദിത്തമില്ലെന്ന് ആര്‍ബിഐ; നിര്‍ദ്ദേശം പ്രഖ്യാപനത്തിന്റെ തലേന്ന്

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍: റിസര്‍വ് ബാങ്ക് ഗവര്‍ണറെ കാണാനില്ല

കാശില്ല, വിശ്വാസവുമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍