UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താന്റെ എഫ്-16 വിമാനങ്ങൾക്ക് തുടർ സാങ്കേതിക സഹായത്തിന് വിദഗ്ധരെ അയയ്ക്കും; പാക് നീക്കങ്ങളെ നിരീക്ഷിക്കാനാകുമെന്ന് യുഎസ്

2018 ജനുവരി മാസത്തിൽ പാകിസ്താനുള്ള സുരക്ഷാസഹായം മരവിപ്പിച്ച നടപടിയിൽ നിന്ന് തങ്ങൾ പിന്നാക്കം പോയിട്ടില്ലെന്നും യുഎസ് അവകാശപ്പെടുന്നുണ്ട്.

പാകിസ്താന്റെ പക്കലുള്ള എഫ്-16 പോർവിമാനങ്ങൾ പൂർണസമയം നിരീക്ഷണവിധേയമാക്കാനും സാങ്കേതിക സഹായം നൽകാനുമായി യുഎസ് ധാരണയിലെത്തിയതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിനു പിന്നാലെയാണ് ഈ തീരുമാനം. ഇന്ത്യൻ അതിർത്തി കടന്ന് ആക്രമണം നടത്താൻ പാകിസ്താൻ തങ്ങളുടെ പക്കലുള്ള എഫ്-16 വിമാനങ്ങളുപയോഗിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് യുഎസ്സിന്റെ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്. ബാലാകോട്ട് മിന്നലാക്രമണത്തിനു പിന്നാലെയായിരുന്നു പാകിസ്താന്റെ ഈ നീക്കം. ഈ പോർ ജെറ്റുകൾ പാകിസ്താന് നൽകിയത് ഭീകരവാദത്തിനെതിരായ നീക്കങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയായിരുന്നു. ഇത് ലംഘിച്ചായിരുന്നു ഇന്ത്യയെ അതിർത്തി കടന്ന് ആക്രമിക്കാൻ എഫ്-16 പോർവിമാനങ്ങൾ വന്നത്. പാകിസ്താൻ തങ്ങളിൽ നിന്നും വാങ്ങിയ ആയുധങ്ങള്‍ക്ക് നൽകി വന്നിരുന്ന തുടർ സാങ്കേതിക സഹായങ്ങളിൽ നിന്നും യുഎസ് നേരത്തെ പിന്മാറിയിരുന്നതാണ്.

125 യുഎസ് ഡോളറിന്റെ ഈ കരാർ നടപ്പാക്കുന്നതായി പെന്റഗൺ യുഎസ് കോൺഗ്രസ്സിനെ അറിയിച്ചിട്ടുണ്ട്. കരാറിൽ ഈ വിമാനങ്ങളുടെ ഉപയോഗം മുഴുവൻ സമയവും സാങ്കേതിക നിരീക്ഷണം നടത്താനുള്ള സൗകര്യം യുഎസ്സിന് നൽകുന്നുണ്ട്. അതെസമയം, 2018 ജനുവരി മാസത്തിൽ പാകിസ്താനുള്ള സുരക്ഷാസഹായം മരവിപ്പിച്ച നടപടിയിൽ നിന്ന് തങ്ങൾ പിന്നാക്കം പോയിട്ടില്ലെന്നും യുഎസ് അവകാശപ്പെടുന്നുണ്ട്.

അമേരിക്കൻ സാങ്കേതികതയുടെ ഉപയോഗത്തെ സംരക്ഷിക്കാൻ നിലവിലെ കരാർ സഹായിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് വ്യക്തമാക്കി. സാങ്കേതികമായ സഹായമടക്കമുള്ളവയുടെ തുടർച്ച ആവശ്യപ്പെട്ടാണ് പാകിസ്താന്റെ അപേക്ഷയെന്നും വിദേശകാര്യവകുപ്പ് പറയുന്നു.

അതെസമയം ഈ കരാർ മേഖലയിലെ സൈനിക സംതുലനത്തെ ബാധിക്കുകയില്ലെന്നും യുഎസ് പറയുന്നുണ്ട്. എഫ്-16 പ്രോഗ്രാമിന്റെ തുടർച്ചയായ സാങ്കേതിക സഹായങ്ങൾക്കായി അറുപതോളം പ്രതിനിധികളെ യുഎസ്സിന് അയയ്ക്കാന്‍ സാധിക്കും.

1982ലാണ് പാകിസ്താൻ ആദ്യമായി എഫ്-16 പോർവിമാനങ്ങൾ സ്വന്തമാക്കുന്നത്.

60 സാങ്കേതിക വിദഗ്ധരെ പാകിസ്താനിലേക്ക് അയയ്ക്കാനും വിമാനങ്ങളെ പൂർണസമയം നിരീക്ഷിക്കാൻ നിർത്താനും കഴിയുന്നത് ഒരു നേട്ടമായാണ് യുഎസ് കരുതുന്നത്.

യുഎസ്സിന്റെ ‘ഫോറിൻ മിലിട്ടറി സേൽസ്’ പ്രോഗ്രാം പ്രകാരമാണ് ഈ കരാർ. യുഎസ്സിന്റെ ആയുധങ്ങൾ മുതൽ ആൾബലം വരെ വിൽക്കാൻ അനുവദിക്കുന്നതാണ് യുഎസ് പ്രതിരോധവകുപ്പിന്റെ ഈ പ്രോഗ്രാം. യുഎസ്സിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നവർ നിർമാതാക്കളുമായി നേരിട്ട് ഇടപാടിലെത്താതെ സർക്കാരിനെ ഇടനില നിർത്തിയാണ് കാര്യങ്ങൾ മുമ്പോട്ടു നീക്കുക. ആയുധങ്ങൾ നിർമാതാക്കളിൽ നിന്നും വാങ്ങി തുടർന്നുള്ള എല്ലാക്കാര്യങ്ങളും ചെയ്യുന്നത് പ്രതിരോധ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും. ഇതിൽ സാങ്കേതിക സഹായങ്ങളും ഉൽപ്പന്നം ഉപയോഗിക്കുന്നതിനുള്ള പരിശീലനങ്ങളുമെല്ലാം പെടുന്നു.

പാകിസ്താന്റെ ആക്രമണശേഷം, എഫ് 16 വിമാനങ്ങളിൽ മാത്രം ഘടിപ്പിക്കാൻ കഴിയുന്ന എഐഎം-120 എഎംആർഎഎഎം മിസ്സൈലിന്റെ ഘടകഭാഗങ്ങൾ ഇന്ത്യക്ക് തെളിവായി ലഭിച്ചിരുന്നു. ഇന്ത്യൻ മിഗ് വിമാനത്തെ വീഴ്ത്താൻ എഫ്-16 വിമാനം ഉപയോഗിച്ചുവെന്നതിന് തെളിവായി ഈ മിസൈൽ ഘടകഭാഗങ്ങൾ ഇന്ത്യ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍