UPDATES

ട്രെന്‍ഡിങ്ങ്

ആരെയും എപ്പോള്‍ വേണമെങ്കിലും കൊല്ലുന്ന യോഗിയുടെ പോലീസ്; നടന്നത് 1500-ലേറെ ഏറ്റുമുട്ടലുകള്‍

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ ഉത്തർപ്രദേശ് പൊലീസിന്റെ ന്യായം നടപ്പാക്കലിലെ ഒരു പ്രധാന ഇനമായി തുടരുകയാണ്.

“രാവിലെ ആറരയോടെ എനിക്കൊരു ഫോൺകോൾ വന്നു. രണ്ട് ക്രിമിനലുകളെ പിടിക്കാനുള്ള ഒരു ഏറ്റുമുട്ടൽ വീഡിയോ പിടിക്കണമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വിളി” -ഉത്തർപ്രദേശിലെ അലിഗഢിൽ സെപ്തംബർ 21ന് നടന്ന ഒരു ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ച് ബിബിസിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. ഏറ്റുമുട്ടൽ ചിത്രീകരിക്കാനായി പോലീസ് അതിരാവിലെ വിളിച്ചുവരുത്തിയ മാധ്യമപ്രവർത്തകരിലൊരാളാണ് പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ പോലീസിനോട് സംസാരിച്ചത്. താൻ പോലീസ് പറഞ്ഞ സ്ഥലത്തെത്തുമ്പോൾ നിരവധി മാധ്യമപ്രവർത്തകർ ക്യാമറയും മൈക്കുമെല്ലാമായി എത്തിയിട്ടുണ്ടായിരുന്നെന്നും ബിബിസി ലേഖകൻ കണ്ട മാധ്യമപ്രവർത്തകൻ പറഞ്ഞു.

ഒരു കെട്ടിടത്തിൽ രണ്ട് ക്രിമിനലുകൾ ഒളിച്ചിരിക്കുന്നുണ്ടെന്നും അവരെ പിടികൂടാനാണ് ശ്രമമെന്നും പൊലീസ് അറിയിച്ചിരുന്നു. ഈ കെട്ടിടത്തിലേക്ക് പൊലീസുകാർ നിരയായി നിന്ന് തുരുതുരാ വെടി വെച്ചു. ഒരു വെടിപോലും തിരിച്ച് വരികയുണ്ടായില്ല. വളരെ ശാന്തമായി നിന്ന് പൊലീസുകാർ വെടിയുതിർക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

മുപ്പത് മിനിറ്റോളം നീണ്ടു നിന്ന വെടിവെപ്പിനു ശേഷം പൊലീസ് ബംഗ്ലാവിലേക്ക് കടന്നു. തുടര്‍ന്ന് ‘ഏറ്റുമുട്ടലിൽ’ രണ്ട് ക്രിമിനലുകൾ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചു. രണ്ട് പൂജാരികളെയടക്കം ആറുപേരെ കൊന്ന കേസിലെ പ്രതികളാണിവരെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടയിലാണ് ഇരുവരും കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് അവകാശപ്പെട്ടു.

രണ്ടുപേരും മോഷ്ടിച്ച ഒരു ബൈക്കിൽ പോകുകയായിരുന്നെന്നും ഇരുവരെയും ചെക്കിങ്ങിനായി തങ്ങള്‍ കൈകാണിച്ചപ്പോൾ നിറുത്താതെ പോകുകയും തുടർന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നീടാണ് വെടിവെപ്പുണ്ടായത് എന്നും.

എന്നാല്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബം പറയുന്നത് മറ്റൊന്നാണ്. ഇരുവരെയും പോലീസ്  അവരുടെ വീടുകളിൽ നിന്നും പിടികൂടി കൊണ്ടുപോകുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പോലീസിന്റെ കസ്റ്റഡിയിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തുടർന്ന് പോലീസ് അതിനെ ഏറ്റുമുട്ടൽ മരണങ്ങളാക്കി മാറ്റുകയായിരുന്നെന്നും രണ്ടുപേരുടെയും അമ്മമാർ ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുസ്താഖീം, നൗഷാദ് എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. രണ്ടുപേരുടെയും അമ്മമാർ, ഷബാനയും ഷഹീനും, ഉമർ ഖാലിദ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കളുടെ കൂടെ ഡൽഹിയിൽ‌ ചെന്ന് വാർത്താ സമ്മേളനം വിളിച്ച് സത്യം വിളിച്ചു പറയുകയും ചെയ്തു. ഇതിനോടുള്ള ഉത്തർപ്രദേശ് പൊലീസിന്റെ പ്രതികരണം വിചിത്രമായിരുന്നു. രണ്ടുപേരെയും ഉമർ ഖാലിദും കൂട്ടരും തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് കേസ്സെടുത്തു. പരാതിയിൽ കൊല്ലപ്പെട്ടവരിലൊരാളുടെ ഭാര്യയുടെ വിരലടയാളവും പതിപ്പിച്ചു.

കൊല്ലപ്പെട്ടവരുടെ അമ്മമാരെ ഉമർ ഖാലിദും കൂട്ടരും തട്ടിക്കൊണ്ടു പോയെന്ന് ദേശീയ മാധ്യമങ്ങളിൽ വാര്‍ത്തയും വന്നു. ഏറ്റുമുട്ടൽ കൊലയുടെ വാർത്താ പരിശോധനകളൊന്നും കൂടാതെ ലൈവായും അല്ലാതെയും നല്‍കിയ മാധ്യമങ്ങൾ ഈ വാർത്തയിലും പോലീസ് പറഞ്ഞത് അതേപടി എഴുതിവെച്ചു. ദൈനിക് ജാഗരൺ, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഉടമസ്ഥതയിലുള്ള ജൻസത്ത, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് തുടക്കത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. പിന്നാലെ നിരവധി മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചു.

സെപ്തംബർ 16-നാണ് തന്റെ മകനെ പോലീസ് പിടിച്ചു കൊണ്ടുപോയതെന്ന് നൗഷാദിന്റെ അമ്മ ഷഹീൻ പറയുന്നു. വയലിൽ നിന്നും പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മകൾ കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കണ്ടത്. അയൽവാസികളെല്ലാം ചുറ്റും കൂടിയിരുന്നു. “അന്വേഷിച്ചപ്പോൾ മകനെയും മരുമകനെയും പോലീസ് പിടിച്ചുകൊണ്ടുപോയെന്നും ക്രൂരമായി മർദ്ദിച്ചുകൊണ്ടാണ് പോലീസ് അവരെ കൊണ്ടുപോയതെന്നും അറിഞ്ഞു”: ഷഹീൻ പറഞ്ഞു. സിവിലിയൻ വേഷത്തിലെത്തിയ പൊലീസുകാർ വീട്ടിലേക്ക് കയറുന്നതായി കണ്ടെന്ന് അയൽവാസികൾ പറയുന്നു. അടിച്ചും വലിച്ചിഴച്ചുമാണ് ഇരുവരെയും പോലീസ് കൊണ്ടുപോയത്.

ഈ സംഭവം നടന്ന് പത്തുദിവസം കഴിഞ്ഞപ്പോൾ മറ്റൊരു സംഭവമുണ്ടായി. വിവേക് തിവാരി എന്ന ആപ്പിൾ കമ്പനിയുടെ ഒരു പ്രാദേശിക സെയില്‍സ് മാനേജർ ഒരു പൊലീസ് ചെക്ക്പോയിന്റിൽ വെച്ച് കൊല്ലപ്പെട്ടു. പുതിയ ഐഫോൺ ലോഞ്ച് ചടങ്ങ് കഴിഞ്ഞ് ലഖ്നൗവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിവേക് തിവാരി. ഇദ്ദേഹത്തോട് വാഹനം നിറുത്താൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ നിര്‍ത്തിയില്ലെന്നും പോലീസുകാരിലൊരാൾ ഉടൻ തോക്കെടുത്ത് വെടി വെച്ചെന്നുമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ തനിക്കുനേരെ വാഹനമോടിച്ചപ്പോൾ സ്വയം പ്രതിരോധിക്കാനാണ് വെടിവെച്ചതെന്ന് പൊലീസുകാരൻ പറയുന്നു. മുതിർന്ന പോലീസുദ്യോഗസ്ഥർ ഈ വിശദീകരണത്തിൽ തൃപ്തരുമാണ്. ആപ്പിൾ കമ്പനിയുടെ ജോലിക്കാരനായതിനാൽ തന്നെ വലിയ സമ്മർദ്ദങ്ങളുണ്ടായി. കേന്ദ്ര സർക്കാരിന് ഇടപെടേണ്ടി വന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രാജ്നാഥ് സിങ് നേരിൽ വിളിച്ചു. അന്വേഷണം വന്നു. തിവാരിയുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം യോഗി തന്നെ നേരിട്ടു കൈമാറി. എന്നാല്‍ ഇതിനെതിരെ യുപി പോലീസിൽ വലിയ കോലാഹലം നടക്കുകയാണ്. 1973ൽ സംഭവിച്ചതു പോലത്തെ കലാപം പോലീസിൽ നടക്കുമെന്ന് താക്കീത് നൽകിയിരിക്കുകയാണ് ഇവർ. ഉത്തർപ്രദേശ് പ്രോവിൻഷ്യൽ ആംഡ് കോൺസ്റ്റബ്യൂലറിയിലെ മൂന്ന് ബറ്റാലിയനുകൾ നടത്തിയ കുപ്രസിദ്ധമായ കലാപത്തെക്കുറിച്ചാണ് പോലീസുകാർ പറയുന്നത്. ശമ്പളവും മികച്ച തൊഴിൽസാഹചര്യവും ആവശ്യപ്പെട്ടായിരുന്നു ഈ കലാപം. സൈന്യം ഇറങ്ങിയാണ് കലാപത്തെ അടിച്ചമർത്തിയത്. 30 പോലീസുകാർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പോലീസുകാർ അറസ്റ്റിലായി.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ ഉത്തർപ്രദേശ് പോലീസിന്റെ ന്യായം നടപ്പാക്കലിലെ ഒരു പ്രധാന ഇനമായി തുടരുകയാണ്. കോടതിക്ക് വിട്ടുകൊടുക്കാതെ സ്വയം കാര്യങ്ങൾ തീർപ്പാക്കുന്നത് പോലീസിനുള്ളിൽ ഒരു സാധാരണമായ രീതിയായി മാറിയിരിക്കുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പാണ് തന്റെ ഷൂവിൽ ചവുട്ടിയെന്നാരോപിച്ച് ഒരു 12-കാരനെ പോലീസുകാരൻ വെടിവെച്ച് കൊന്നത്. ഇയാൾ ഡ്യൂട്ടിയിലല്ലായിരുന്നു ആ സമയം. ഫെബ്രുവരി മാസത്തിൽ ഒരു ജിംനേഷ്യം ട്രെയിനറെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു എസ്ഐ വെടി വെച്ച് കൊല്ലുകയുണ്ടായി.

കോൺസ്റ്റബിൾമാരുടെ പക്കൽ വരെ പിസ്റ്റളുകൾ കൊടുത്തു വിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത് പ്രശ്നങ്ങൾ അധികരിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളിലൊന്നും ഭരണകൂടത്തിന് വലിയ താത്പര്യമില്ലാത്ത മട്ടാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിവേക് തിവാരിയുടെ കാര്യത്തിൽ മാത്രമാണ് എന്തെങ്കിലും ഗൗരവപ്പെട്ട നടപടിയുണ്ടായിട്ടുള്ളത്. അതും ആപ്പിള്‍ കമ്പനിയുടെ ജോലിക്കാരനായതിനാൽ ഉയർന്ന ദേശീയവും അന്തർദ്ദേശീയവുമായ പ്രതിഷേധം മൂലം. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതെല്ലാം വാർത്താപ്രാധാന്യം പോലുമില്ലാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ യുപിയില്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യോഗി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം ഇത് വരെ 1500- ലേറെ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട് എന്നാണ് കണക്ക്. ഇതില്‍ 66 ക്രിമിനലുകള്‍ കൊല്ലപ്പെട്ടതായി ഒരു ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത‍ പറയുന്നു. എന്നാല്‍ ഇതില്‍ പല ഏറ്റുമുട്ടല്‍ കൊലകളും വ്യാജമായിരുന്നുവെന്ന് സന്നദ്ധ സംഘടനകളും ദേശീയ മനുഷ്യാവകാശ കമ്മീഷനും പറയുന്നു.

റോമിയോ സ്ക്വാഡ് എന്ന ഉത്തര്‍പ്രദേശ് അസംബന്ധം

യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യം: മുഖ്യധാരമാധ്യമങ്ങളുടെ കീഴടങ്ങല്‍ മനോനിലയെന്ന് ആള്‍ട്ട് ന്യൂസ്

യോഗിയുടെ പോലീസിന് ഇനി എന്തും ചെയ്യാം; ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം ഞെട്ടിക്കുന്നത്

യോഗി ആദ്യത്യനാഥിന് ആര് ‘മണി’ കെട്ടും?

യോഗി ആദിത്യനാഥ് എന്ന അഭിനവ കംസന്‍

യോഗി ഭരണം മെച്ചപ്പെടുത്തണം; രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് നേതൃത്വം

യോഗിയുടെ വ്യാജ ഏറ്റുമുട്ടല്‍ രാജ്; യുപി പോലീസ് കൊന്നത് 43 പേരെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍