UPDATES

ട്രെന്‍ഡിങ്ങ്

വധു ബിജെപി-ആര്‍എസ്എസ് നേതാവ് രാംലാലിന്റെ മരുമകള്‍, വരന്‍ കോണ്‍ഗ്രസ് നേതാക്കളായ മുസ്ലീം ദമ്പതികളുടെ മകന്‍; ഇപ്പോള്‍ ‘ലവ് ജിഹാദ്’ ഇല്ലേയെന്ന് സോഷ്യല്‍ മീഡിയ

വിവാഹത്തില്‍ പങ്കെടുത്തത് യുപി ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാര്‍, യുപി ഉപമുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുപിയില്‍ നിന്ന് ഉദയം കൊള്ളുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത പദമാണ് ‘ലവ് ജിഹാദ്’. മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്യുന്നുവെന്ന ആരോപണമാണ് യുപിയിലെ മുസഫര്‍നഗര്‍, ഷാംലി മേഖലയില്‍ പിന്നീട് കലാപമായി മാറുകയും 50-ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും പ്രദേശത്തു നിന്ന് വന്‍തോതില്‍ മുസ്ലീം കുടുംബങ്ങള്‍ പലായനം ചെയ്യാനും കാരണമായത്. ഇതേ തുടര്‍ന്ന് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആകെയുള്ള 80 സീറ്റില്‍ 73-ലും യുപിയില്‍ വിജയിച്ചു. 2017-ല്‍ നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ‘ലവ് ജിഹാദ്’ പ്രധാനപ്പെട്ട പ്രചരണ വിഷയമായിരുന്നു. യുപി ഭരണവും ബിജെപി പിടിച്ചു.

കേരളത്തിലും ‘ലവ് ജിഹാദ്’ ആരോപണങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ഇതില്‍ ഏറ്റവും പ്രധാനമായയിരുന്നു അഖില അശോകന്‍ മതം മാറി ഹാദിയയാവുകയും ഷഫീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവം. വിവാഹത്തില്‍ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഇവരുടെ വിവാഹം അസാധുവാക്കിയതിനെ തുടര്‍ന്ന് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ഹാദിയയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ ഒക്‌ടോബറില്‍ വിധി പറയുന്നത്. എന്നാല്‍ അതിനു മുമ്പു തന്നെ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ കേരളത്തില്‍ നടന്നു എന്നു പറയപ്പെടുന്ന ‘ലവ് ജിഹാദ്’ ആരോപണങ്ങള്‍ അന്വേഷിക്കുകയും ഇതിലൊന്നും തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എങ്കിലും ‘ലവ് ജിഹാദ്’ ആരോപണത്തിന്റെ പേരില്‍ അടുത്തിടെ യുപിയിലെ തന്നെ ആഗ്രയില്‍ ദമ്പതികള്‍ വേട്ടയാടപ്പെട്ട സംഭവമുണ്ടായി. ‘ലവ് ജിഹാദ്’ പ്രചരണത്തിന്റെ മുമ്പന്തിയിലുള്ള ഒരാളാണ് ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഇപ്പോഴും സംഘപരിവാര്‍ സംഘടനകളുടെ പ്രചരണായുധങ്ങളിലൊന്നായി ‘ലവ് ജിഹാദ്’ തുടരുന്നതിനിടെയാണ് ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയും ബിജെപിയിലുള്ള ആര്‍എസ്എസിന്റെ പ്രതിനിധിയുമായ രാംലാലിന്റെ മരുമകള്‍ ശ്രീയാ ഗുപ്ത ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹിതയാകുന്നത്. ആര്‍എസ്എസിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ് രാംലാല്‍. എന്നാല്‍ അദ്ദേഹത്തിന്റെ മരുമകള്‍ വിവാഹം കഴിച്ചത് യുപിയിലെ മുസ്ലീം സമുദായക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്.

ലക്‌നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ താജ് വിവാന്തയില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാകട്ടെ, സംസ്ഥാന ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ രാംനായിക്, കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദഗോപാല്‍ നന്ദി തുടങ്ങിയവരും. രാംലാലും വിവാഹത്തില്‍ സംബന്ധിച്ചു.

ലക്‌നൗ സ്വദേശിയായ ശ്രീയ ഗുപ്തയുടെ കുടുംബവും ഡോ. വിജാഹത് കരീമിന്റെയും ഡോ. സുര്‍ഹീതാ കരീമിന്റെയും കുടുംബവും തമ്മില്‍ തലമുറകളായി അടുത്ത ബന്ധമുള്ളവരാണെന്നും അതിനാല്‍ തന്നെ വിവാഹം അത്തരത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുര്‍ഹീത കരീം ഗോരഖ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുമുണ്ട്. ഇവരുടെ മകനാണ് ശ്രീയ ഗുപ്ത വിവാഹം ചെയ്ത ഫൈസാന്‍ കരീം.

വിവാഹം ഒരു സ്വകാര്യ കാര്യമാണെന്നും ഇക്കാര്യത്തില്‍ മത, ജാതി വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമാണ് മിക്കവരും ഈ വിവാഹത്തോട് പ്രതികരിച്ചത്. എന്നാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഹിന്ദു-മുസ്ലീം വിവാഹം ഉണ്ടാകുമ്പോള്‍ അത് ‘ലവ് ജിഹാദ്’ എന്നാരോപിക്കുകയും കലാപത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നവര്‍ ‘ഹൈപ്രൊഫൈല്‍’ കേസുകള്‍ ആയതുകൊണ്ടും നേതാക്കളുടെ മക്കളാണ് എന്നതുകൊണ്ടുമാണോ ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നും ഉന്നയിക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങളും ഉയരുന്നുണ്ട്.

ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ്, ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഈ ദമ്പതികള സമാധാനപരമായി ജീവിക്കാന്‍ വിടുമെന്നാണ് താന്‍ കരുതുന്നതെന്ന് ആസാദ് ട്വീറ്ററില്‍ പ്രതികരിച്ചു.

യുപി മുന്‍ മന്ത്രിയും ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഐ.പി സിംഗ് പ്രതികരിച്ചത്,” പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രചരിപ്പിക്കുന്നത് ഹിന്ദുത്വയ്ക്ക് ഇസ്ലാമില്‍ നിന്ന് ഭീഷണിയുണ്ട് എന്നാണ്. അവര്‍ക്ക് തങ്ങളുടെ പെങ്ങള്‍മാരെയും പെണ്‍മക്കളേയും സംരക്ഷിക്കാന്‍ അറിയാമെന്നും. എന്നാല്‍ അവര്‍ മുസ്ലീങ്ങള്‍ക്കൊപ്പം പോവുകയാണ്. പക്ഷേ, ഇത് അവരുടെ കുടുംബകാര്യം ആകുമ്പോള്‍ അവരതിനെ ‘ലവ് ജിഹാദ്’ എന്നൊന്നും വിളിക്കില്ല” എന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍