UPDATES

സ്വയംസേവകന്‍ ആയിരിക്കുമ്പോഴും ആര്‍എസ്എസിനെ കൈയകലത്തില്‍ നിര്‍ത്തിയ പ്രധാനമന്ത്രി

പ്രധാനമന്ത്രിയായ ആദ്യ സ്വയംസേവകൻ എന്ന നിലയ്ക്ക് ആർഎസ്എസുമായി തീർത്തും ഇടഞ്ഞില്ലെങ്കിലും മാതൃസംഘടനയുമായുള്ള ബന്ധം ഭരണകാലത്തെല്ലാം ഉലഞ്ഞുതന്നെയായിരുന്നു.

അസ്വസ്ഥം, മരവിച്ചത്, വലിഞ്ഞുമുറുകിയത് എന്നിവയൊക്കെയാണ് 2000-ത്തിന്റെ തുടക്കത്തിൽ അടൽ ബിഹാരി വാജ്പേയീ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ബിജെപിയുടെ  ആചാര്യ സ്ഥാനത്തുള്ള രാഷ്ട്രീയ സ്വയം സേവക സംഘവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്  നൽകിയിരുന്ന വിശേഷണങ്ങൾ.

ഇരു വിഭാഗവും – കെ.എസ് സുദർശൻ  ആയിരുന്നു അന്ന് ആർഎസ്എസ് മേധാവി-തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യം മറച്ചുവെച്ചില്ല. എന്നാൽ സംഘപരിവാറിൽ ഇന്ന് വാജ്‌പേയിയെ പ്രകീർത്തിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെയും സ്വയംസേവകന്റെയും വേഷം ഒരേസമയം ഭംഗിയായി നിർവഹിച്ചതിനാണ്.

വാജ്‌പേയിയുടെ വിദേശനയം, ആര്‍എസ്എസിനെ രാഷ്ട്രീയ തീരുമാനമെടുക്കൽ പ്രക്രിയയിൽ നിന്നും മാറ്റി നിർത്തൽ, ന്യൂനപക്ഷങ്ങളോടുള്ള അനുഭാവപൂർണമായ സമീപനം എന്നിവയെല്ലാം ആർഎസ്എസിന്റെ പ്രത്യയശാസ്ത്ര സമീപനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. പലപ്പോഴും ആർഎസ്എസ്  ഭിന്നത പ്രകടിപ്പിച്ചു. എന്നാല്‍ മിക്കപ്പോഴും വാജ്‌പേയി തന്നെയാണ് മേൽക്കൈ നേടിയത്.

അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളോടുള്ള സംഘത്തിന്റെ പരസ്യമായ വിമർശനവും രാമക്ഷേത്രത്തോടുള്ള പ്രതിബദ്ധതയില്ലായ്മയും വിമർശനങ്ങൾ ഉയർത്തി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ചായ്‌വുകൾ ഇളകാതെ നിന്നു.

24 രാഷ്ട്രീയ കക്ഷികൾ ചേർന്ന ഒരു മുന്നണി സർക്കാരിനെ നയിക്കുന്ന ചുമതലയേറ്റെടുത്ത വാജ്‌പേയിക്ക് അതേസമയം സംഘത്തിന്റെയും ഹിന്ദുത്വ സംഘടനകളുടെയും കാഴ്ച്ചപ്പാറുകളെയും ഉൾക്കൊള്ളണമായിരുന്നു എന്ന അനസൂയാർഹമായ പണിയുമുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ വീക്ഷണങ്ങളെ രൂപപ്പെടുത്തിയത് എന്ന് വാജ്പേയി പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ആർഎസ്എസ്  നേതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.

‘അഭിപ്രായ സമന്വയ’ത്തിന്റെ ആളായാണ് വാജ്‌പേയിയുടെ മാധ്യമ ഉപദേശകനായിരുന്ന മുന്‍ രാജ്യസഭാഗംവും ജേര്‍ണലിസ്റ്റുമായിരുന്ന എച്ച്.കെ ദുവ അദ്ദേഹത്തെ  ഓർക്കുന്നത്. പാകിസ്ഥാൻ, ചൈന, യു എസ് എന്നീ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം സംഘത്തിന്റെ കാഴ്ച്ചപ്പാടുകൾക്കു വിരുദ്ധമായിരുന്നു എന്നും ദുവ ഓർക്കുന്നു.

1999 ലെ ലാഹോർ സന്ദർശനത്തിൽ മിനാർ-ഇ-പാകിസ്ഥാനിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാന്റെ പിറവിയെ ഇന്ത്യ അംഗീകരിച്ചിരുന്നു എന്ന് വാജ്പേയി പറഞ്ഞതായി ദുവ ഓർത്തു. ഇത് ഇപ്പോഴും അഖണ്ഡഭാരത സങ്കല്പം കൊണ്ടുനടക്കുന്ന ആർഎസ്എസ് വീക്ഷണത്തിന് വിരുദ്ധമായിരുന്നു.

“കാർഗിൽ സംഭവം നടന്നിട്ടും ആ യുദ്ധത്തിന്റെ സൂത്രധാരനായ ജനറൽ പർവേസ് മുഷറഫുമായി സംഭാഷണങ്ങൾക്ക് അദ്ദേഹം മുന്നോട്ടുപോയി”. വാജ്‌പേയിയുടെ ചരിത്രനിർണായകമായ പാകിസ്ഥാനിലേക്കുള്ള ബസ് യാത്രയ്ക്ക് ഒമ്പത് മാസം ശേഷമായിരുന്നു കാർഗിൽ സംഘർഷം. “കാശ്മീർ പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ‘ഇൻസാനിയത്’- മാനവികതയുടെ പരിസരത്തുള്ള ചർച്ചകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.”

ആർഎസ്എസിനെ അദ്ദേഹം എന്നും ഒരു കൈയ്യകലത്തിൽ നിർത്തിയിരുന്നു എന്ന് ദുവ പറയുന്നു. സർക്കാർ നയങ്ങളിലോ നിർണായക നിയമനങ്ങളിലോ അവർക്ക് സ്വാധീനം നൽകിയില്ല.

“അദ്ദേഹം അവരുടെ അനുമതി തേടിയില്ല. സുദർശനെ മാസങ്ങളോളം കാണാതിരിക്കുമായിരുന്നു. അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല, ന്യൂനപക്ഷങ്ങളുടെ കൂടി വിശ്വാസമാർജ്ജിച്ച  രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ആർഎസ്എസിന്റെയും ബിജെപിയുടെയും മണ്ഡലങ്ങൾക്കു പുറത്തേക്ക് വലുതായിരുന്നു അദ്ദേഹത്തിന്റെ ലോകം”, ദുവ പറയുന്നു.

എല്‍.കെ അദ്വാനിയുടെ  രഥയാത്ര, 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, എന്നിവയിലെല്ലാം സംഘവും വാജ്പേയിയുമായുള്ള ഭിന്നതകൾ പ്രകടമായി. എങ്കിലും വിനിമയ ബന്ധങ്ങൾ തുറന്നുവെച്ചിരുന്നു എന്ന് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞു.

“ബ്രജേഷ് മിശ്രയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തോട് സംഘത്തിന് യോജിപ്പുണ്ടായിരുന്നില്ല. ജസ്വന്ത് സിംഗിന്റെ കാര്യവും  അങ്ങനെ തന്നെ. സിംഗിനെ കളയാൻ സമ്മതിച്ചെങ്കിലും മിശ്രയുടെ കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. തനിക്കുവേണ്ട ആളുകളെ അദ്ദേഹം കൊണ്ടുവന്നു”, ആര്‍എസ്എസ് നേതാവ് പറയുന്നു.

രാഷ്ട്രീയ എതിരാളികളെപ്പോലും അടുപ്പിക്കുന്ന അദ്ദേഹത്തിന്റെ ശേഷിയെക്കുറിച്ചാണ്  മുൻ ആർഎസ്എസ് നേതാവും ബിജെപി ജനറൽ സെക്രട്ടറിയുമായിരുന്ന ഗോവിന്ദാചാര്യ ഓർക്കുന്നത്.

വാജ്‌പേയിയെ ഒരു മുഖംമൂടി എന്ന് വിശേഷിപ്പിച്ചിരുന്നു അക്കാലത്തൊരിക്കൽ ഗോവിന്ദാചാര്യ. എന്നാല്‍, ഒരു സ്വയംസേവകൻ എന്ന നിലയിൽ വിശ്വാസവും സ്ഥൈര്യവും കാത്തുസൂക്ഷിച്ചു വാജ്പേയി എന്ന് ഗോവിന്ദാചാര്യ പറഞ്ഞു.

“ഹിന്ദുത്വയെക്കുറിച്ച് 1991-ൽ അദ്ദേഹം ഡൽഹിയിലെ ബോട്ട് ക്ലബ്ബിൽ നടത്തിയ പ്രസംഗം സമാനതകൾ ഇല്ലാത്തതാണ്. നമ്മളെല്ലാം ശാഖയിൽ പോകുന്നവരല്ല, അതുകൊണ്ട് മറ്റുള്ളവരുടെ വീക്ഷണങ്ങൾ കൂടി മനസിലാക്കണം. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വിഭിന്നമായിരുന്നു, സംഘവുമായി വിയോജിക്കുമ്പോഴും എവിടെയാണ് നിർത്തേണ്ടതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു,” ഗോവിന്ദാചാര്യ പറഞ്ഞു.

വാജ്‌പേയിയെ മുഖംമൂടി എന്ന് വിളിച്ചതിനെ ഗോവിന്ദാചാര്യ വിശദീകരിച്ചു, “ബിജെപിയുടെ ഏറ്റവും സ്വീകാര്യനും ജനകീയനുമായ  മുഖം എന്നാണ് ഞാൻ വിളിച്ചത്. ആരോ അതിനെ ദുർവ്യാഖ്യാനം ചെയ്ത് മുഖംമൂടി എന്നാക്കി. സ്വാഭാവികമായും വാജ്പേയി അസ്വസ്ഥനാവുകയും സുദർശനോട് പരാതിപ്പെടുകയും ചെയ്തു. പക്ഷെ എനിക്ക് വിശദീകരണത്തിന് അവസരം കിട്ടി. ഞാൻ സംഭവിച്ചതെന്താണെന്ന് കാണിച്ച് 17 പുറം വരുന്ന ഒരു കത്തെഴുതി. ഞങ്ങൾ വീണ്ടും അടുപ്പത്തിലായി.”

പ്രധാനമന്ത്രിയായ ആദ്യ സ്വയംസേവകൻ എന്ന നിലയ്ക്ക് ആർഎസ്എസുമായി തീർത്തും ഇടഞ്ഞില്ലെങ്കിലും മാതൃസംഘടനയുമായുള്ള ബന്ധം ഭരണകാലത്തെല്ലാം ഉലഞ്ഞുതന്നെയായിരുന്നു.

സംഘവുമായുള്ള ദീർഘകാല ബന്ധത്തിനുള്ള ലളിതമായ കാരണം തനിക്ക് സംഘത്തെ ഇഷ്ടമാണ് എന്നാണെന്ന് 2012-ൽ ഒരു ആർഎസ്എസ് പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ വാജ്പേയി പറഞ്ഞു. “എനിക്കതിന്റെ പ്രത്യയശാസ്ത്രം ഇഷ്ടമാണ്, എല്ലാത്തിനും പുറമെ ജനങ്ങളോടുള്ള, മറ്റുള്ളവരോടുള്ള  ആർഎസ്എസിന്റെ സമീപനം ഇഷ്ടമാണ്. അത് ആർഎസ്എസിൽ മാത്രം കാണുന്ന ഒന്നാണ്.”

ആര്യസമാജിന്റെ യുവസംഘടനയായ ആര്യ കുമാർ സഭയിലൂടെ 1939-ല്‍ ഗ്വാളിയോറിൽ വച്ച് ആർഎസ്എസ്എസിലേക്കെത്തിയ അദ്ദേഹം ഒരു മുതിർന്ന പ്രവർത്തകനായ ഭൂദേവ്  ശാസ്ത്രിയുടെ നിർദ്ദേശാനുസരണമാണ് ശാഖയിൽ പോകാൻ തുടങ്ങിയത്.

തന്നെ രൂപപ്പെടുത്തിയത് ആർഎസ്എസ് പ്രചാരക് നാരായണറാവു താർതെയാണ് എന്ന്  അദ്ദേഹം പറഞ്ഞിട്ടുണ്ട്. പത്തിൽ പഠിക്കുമ്പോൾ 1947-ൽ അദ്ദേഹം “ഹിന്ദു തൻ മൻ  ഹിന്ദു” ജീവൻ എന്ന കവിതയെഴുതി. ആർഎസ്എസിന്റെ മുഴുവ സമയ പ്രചാരകനാകാൻ പഠനം ഉപേക്ഷിച്ചു.

സാമുദായിക ഐക്യത്തെക്കുറിച്ചുള്ള തന്റെ ധാരണയെ സംഘം രൂപപ്പെടുത്തിയതിനെക്കുറിച്ച് വാജ്പേയി പറയുന്നുണ്ട്. മറ്റുള്ളവർ  പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച തന്റെ സഹോദരൻ പിന്നീട് അതിനു സമ്മതിച്ചതിനെക്കുറിച്ചും.

“ആർഎസ്എസ് വ്യക്തികളെ മാത്രമല്ല മാറ്റുന്നത്. അത് കൂട്ടായ മനസ്സിനെയും മാറ്റുന്നു. അതാണ് ആർഎസ്എസ് മൂല്യങ്ങളുടെ ഭംഗി. നമ്മുടെ ആത്മീയ പാരമ്പര്യത്തിൽ ഒരു വ്യക്തിക്ക് വലിയ ഔന്നത്യങ്ങളിൽ എത്താനാകും,” സംഘടനയെക്കുറിച്ച് വാജ്പേയി എഴുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍