UPDATES

വായിച്ചോ‌

കേരള-പശ്ചിമബംഗാൾ മോഡലുകളെ പ്രശംസിച്ച് വരുൺ ഗാന്ധി; ഇടത് സാമ്പത്തികശാസ്ത്രം പറയുന്ന ഇന്റർവ്യൂ ചർച്ചയാകുന്നു

പാവങ്ങൾക്കു വേണ്ടി പ്രവർത്തിച്ചാൽ അവർ അതിനെ അംഗീകരിക്കുമെന്നും അതായിരിക്കണം രാഷ്ട്രീയമെന്നും വരുൺ ഗാന്ധിക്ക് അഭിപ്രായമുണ്ട്.

ഏറെ നാളുകളായി വിവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകന്നു നിൽക്കുന്ന വരുൺ ഗാന്ധി വീണ്ടും പൊതുമണ്ഡലത്തിലേക്ക് വരുന്നത് വ്യത്യസ്തമായ ആലോചനകളുമായാണെന്ന് ഡെക്കാൻ ഹെറാൾഡിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുതിയ അഭിമുഖം വ്യക്തമാക്കുന്നു. താരതമ്യേന വിവേകത്തോടെ സംസാരിക്കുന്ന വരുൺ ഗാന്ധിയെയാണ് പുതിയ അഭിമുഖത്തിൽ കാണാനാകുക. തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. “A Rural Manifesto: Realizing India’s Future Through Her Villages” എന്നാണ് പുസ്തകത്തിന്റെ പേര്.

പശ്ചിമബംഗാളിൽ തുടർച്ചയായി ആറുതവണ ഭരണം കൈയാളിയ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരുകളെയും വരുൺ ഗാന്ധി അഭിമുഖത്തിൽ പ്രശംസിക്കുന്നുണ്ട്. ജാതി, മതം തുടങ്ങിയ, അടിസ്ഥാന ജനവിഭാഗങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്ത വിഷയങ്ങളാണ് മുഖ്യധാരാ ചർച്ചകളിൽ വരുന്നതെന്നും വരുൺ ഗാന്ധി പരാതി പറയുന്നു.

പാവങ്ങൾക്കു വേണ്ടി പ്രവർത്തിച്ചാൽ അവർ അതിനെ അംഗീകരിക്കുമെന്നും അതായിരിക്കണം രാഷ്ട്രീയമെന്നും വരുൺ ഗാന്ധിക്ക് അഭിപ്രായമുണ്ട്. സാമ്പത്തികശാസ്ത്രം പഠിച്ചിട്ടുള്ള താൻ ആ രീതിയിലാണ് രാഷ്ട്രീയത്തെ കാണാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

പശ്ചിമബംഗാളിൽ നടപ്പാക്കിയ ഭൂപരിഷ്കരണമാണ് ആ നാടിനെ കമ്മ്യൂണിസ്റ്റ് സർക്കാരിനു കീഴിൽ ഏറെക്കാലം നിലനിർത്തിയതെന്നും വരുൺ ഗാന്ധി നിരീക്ഷിക്കുന്നു. കുടിയാന്മാരായി കഴിഞ്ഞിരുന്ന കർഷകർക്ക് ഭൂമി ലഭിച്ചത് വലിയ സാമ്പത്തിക വിപ്ലവമാണ് ഉണ്ടാക്കിയതെന്നും വരുൺ ഗാന്ധിക്ക് അഭിപ്രായമുണ്ട്. കേരളം കടക്കെണിയിലകപ്പെട്ട കർഷകരെ സഹായിച്ച രീതിയെക്കുറിച്ചും വരുൺ ഗാന്ധി ആവേശത്തോടെയാണ് സംസാരിക്കുന്നത്. ഛത്തീസ്ഗഢ് സർക്കാർ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിയ രീതിയോടും തനിക്കുള്ള മതിപ്പ് അദ്ദേഹം വെളിപ്പെടുത്തി. മധ്യപ്രദേശ് കഴിഞ്ഞ കുറെ വർഷങ്ങളായി മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നത്. കാർഷികമേഖലയിൽ ഉണർവുണ്ടാക്കാൻ സർക്കാരിന് സാധിച്ചതോടെയാണിത്. ഇതെല്ലാം ഈ സർക്കാരുകളെ ഭരണവിരുദ്ധവികാരത്തിൽ നിന്നും അകറ്റി നിർത്തുന്നുവെന്ന് വരുൺ ഗാന്ധി അഭിപ്രായപ്പെടുന്നത്.

രാജ്യത്തിന്റെ യഥാർത്ഥ മുഖം ഗ്രാമങ്ങളുടേതാണെന്ന് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ബിആർ അംബേദ്കറും തിരിച്ചറിഞ്ഞിരുന്നെന്നും വരുൺ ഗാന്ധി അഭിപ്രായപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി 70 വർഷം പിന്നിട്ടിട്ടും ജനസംഖ്യയുടെ 70% പാർക്കുന്നത് ഗ്രാമങ്ങളിലാണെന്നും അവരിൽ നിർണായകമായ ഒരു വിഭാഗം കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നും വരുൺ ഗാന്ധി പറഞ്ഞു. നിർഭാഗ്യവശാൽ മുഖ്യധാരാ രാഷ്ട്രീയ ചർച്ചകളിൽ ഇവരുടെ പ്രശ്നങ്ങളല്ല കൈകാര്യം ചെയ്യപ്പെടുന്നതെന്നും വരുൺ ഗാന്ധി വിശദീകരിച്ചു.

2014നു ശേഷം രാജ്യത്തെ കർഷകർക്കിടയിൽ വളർന്നുവന്നിട്ടുള്ള അതൃപ്തിയല്ലേ നിരന്തരമായ കർഷകസമരങ്ങളിൽ പ്രതിഫലിക്കുന്നതെന്ന ചോദ്യത്തോട് അവ്യക്തമായാണ് വരുൺ ഗാന്ധി പ്രതികരിച്ചത്. നൂറ്റാണ്ടുകളായി തുടരുന്ന ഒരു പ്രതിഭാസമാണ് കർഷകരുടെ പ്രതിഷേധമെന്ന് വരുൺ ഗാന്ധി പറഞ്ഞു.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍