UPDATES

ഇന്ത്യ

വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേയ്ക്ക്?

യുപിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ വരുണിന് മുന്നില്‍ സാദ്ധ്യതകളുണ്ട്.

അവസാനം വരുണ്‍ ഗാന്ധി തന്റെ കുടുംബത്തിന്റെ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചു പോകുന്നതായി സൂചന. വരുണ്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി പല തവണ കൂടിക്കാഴ്ച നടത്തിയത് ബന്ധു സന്ദര്‍ശനം മാത്രമല്ലെന്നും രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗം തന്നെയാണെന്നുമാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ദേശീയ രാഷ്ട്രീയവും യുപി രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി. അമിത് ഷാ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായ ശേഷം വരുണ്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരുന്നു. 2015ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വരുണ്‍ ഗാന്ധിയെ നീക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തുടങ്ങിയ കടുത്ത അതൃപ്തിയാണ് വരുണിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു വരുണ്‍ ഗാന്ധി. അമിത് ഷായുടെ കോര്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വരുണ്‍ ഗാന്ധി, നേതൃത്വവുമായി അകന്നിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് വരുണ്‍ ലക്ഷ്യമിട്ടു. ഓരോ ജില്ലകളിലും അനുയായികളെ സംഘടിപ്പിച്ച് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ വരുണ്‍ ഗാന്ധി ശ്രമിച്ചിരുന്നു. എന്നാല്‍ വരുണിനെ പാര്‍ട്ടി നേതൃത്വം ഒതുക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ യാതൊരു പങ്കും വരുണിനുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തന്റെ സമപ്രായക്കാരനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് വരുണിന്റെ അതൃപ്തി കൂട്ടി. യുപിയിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയാണ് വരുണ്‍ ഗാന്ധി.

യുപിയില്‍ ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖമാകാന്‍ വരുണ്‍ ഏറെ ശ്രമിച്ചിരുന്നു. 2009ല്‍ മുസ്ലീങ്ങള്‍ക്കെതിരായ പ്രകോപനപരമായ വര്‍ഗീയ പ്രസംഗത്തിന്റെ പേരിലുള്ള കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചു. ബിജെപിയില്‍ യാതൊരു പ്രാധാന്യവും തനിക്കില്ലെന്ന തിരിച്ചറിവിലാണ് വരുണിന്റെ പുനര്‍വിചിന്തനം. സോണിയയുമായുള്ള വരുണിന്റെ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് പ്രിയങ്കയാണ്. സോണിയ കുടുംബവുമായി അകല്‍ച്ചയില്‍ നില്‍ക്കുമ്പോളും പ്രിയങ്കയുമായി വരുണ്‍ ബന്ധം പുലര്‍ത്തിയിരുന്നു.

എന്നാല്‍ വരുണ്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവേശനം അത്ര സുഗമമാകാനിടയില്ല. വരുണിന് പാര്‍ട്ടിയില്‍ എന്ത് സ്ഥാനം നല്‍കുമെന്ന ചോദ്യമുണ്ട്. അതേസമയം യുപിയില്‍ കേന്ദ്രീകരിച്ച്, അല്ലെങ്കില്‍ യുപിയില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുകയാണെങ്കില്‍ വരുണിന് മുന്നില്‍ സാദ്ധ്യതകളുണ്ട്. യുപിയില്‍ ശക്തനായൊരു നേതാവിനെ ആവശ്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണത്തിന് (1980) ശേഷം, 1983ലാണ് മേനക ഗാന്ധി കോണ്‍ഗ്രസ് വിട്ടതും സഞ്ജയ് വിചാര്‍ മഞ്ച് എന്ന പാര്‍ട്ടി രൂപീകരിച്ചതും. വരുണ്‍ നേരത്തെ തന്നെ കോണ്‍ഗ്രസുമായി ബന്ധപ്പെടാന്‍ ആഗ്രഹിച്ചപ്പോഴും മേനക ശക്തിയായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി നേതൃത്വം വരുണിനെ അവഗണിക്കുന്ന സാഹചര്യത്തില്‍ അവരുടെ നിലപാട് അയഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍