UPDATES

ട്രെന്‍ഡിങ്ങ്

ലൗ ജിഹാദില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് ധര്‍മ്മയോദ്ധാക്കളുമായി വിഎച്ച്പി

ക്ഷേത്രങ്ങളും മഠങ്ങളും സംരക്ഷിക്കുക എന്നതാണ് ധര്‍മ്മയോദ്ധാക്കളുടെ മറ്റൊരു ചുമതല

കേരളം തെരുവ് പട്ടികളെ കൊണ്ടാണ് പൊറുതി മുട്ടുന്നതെങ്കില്‍ പശുവധം നിരോധിച്ചിരിക്കുന്ന ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും തെരുവ് ‘ഗോമാതാക്കളെ’ കൊണ്ടാണ് ഇപ്പോള്‍ പൊറുതി മുട്ടുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പദ്ധതിയുമായി വിശ്വഹിന്ദു പരിഷത് രംഗത്തെത്തുകയാണ്. പശുവിനെ എങ്ങനെ സംരക്ഷിക്കണം എന്നതിനെ കുറിച്ച് കര്‍ഷകരെയും ക്ഷേത്രങ്ങളും ‘ലൗ ജിഹാദി’ലേക്ക് പോകുന്ന ഹിന്ദു പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിന് ചെറുപ്പക്കാരെയും ബോധവത്ക്കരിക്കുന്നതിന് ‘ധര്‍മ്മ യോദ്ധാക്കളെ’ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് വിഎച്ച്പി.

സംഘടനയുടെ അന്താരാഷ്ട്ര പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ നടന്ന വിഎച്ച്പിയുടെ ത്രിദിന സമ്മളനത്തിലാണ് തീരുമാനം. ധര്‍മ്മയോദ്ധാക്കളെ ഇതിനകം 296 പ്രഖണ്ഡുകളിലേക്ക് നിയോഗിച്ചതായി വിഎച്ച്പി നേതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മധുര-വൃന്ദാവന്‍ മേഖലയിലെ ആഗ്ര, മധുര, അലിഗഡ്, ഫിറോഷാബാദ്. ഹത്താരസ്, ഷാജഹാന്‍പൂര്‍, ബറേലി, ബദാവുന്‍, പിലിബത്ത്, മെയിന്‍പുരി, കാസ്ഗഞ്ച് പ്രദേശങ്ങളിലേക്കാണ് ധര്‍മ്മയോദ്ധാക്കളെ നിയോഗിച്ചിരിക്കുന്നത്.

ഒമ്പത് അംഗങ്ങള്‍ അടങ്ങുന്നതാണ് ഓരോ ധര്‍മ്മയോദ്ധ സംഘവും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടാതെ സത്സംഗ് പ്രമുഖ്, പശുസമിതിയുടെ പ്രമുഖന്‍, ബജ്രംഗ്ദളിന്റെ കണ്‍വീനര്‍, എബിവിപി തലവന്‍, ദുര്‍ഗ വാഹിനിയുടെ കണ്‍വീനര്‍, മാതൃ ശക്തി കണ്‍വീനര്‍ എന്നിവരും സംഘത്തില്‍ ഉണ്ടാവും. ദുര്‍ഗ വാഹിനിയിലെയും മാതൃശക്തിയിലെയും അംഗങ്ങള്‍ സ്ത്രീകളായിരിക്കുമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുകയും സമൂഹത്തിന് നേതൃത്വം നല്‍ക്കുകയും ചെയ്യുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ടതിനാലാണ് അവരെ ധര്‍മ്മയോദ്ധാക്കള്‍ എന്ന് വിളിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍, കോളേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്ന ഹിന്ദു പെണ്‍കുട്ടികളെയാണ് സംഘം ആദ്യഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. ലൗ ജിഹാദിന്റെ ‘ഗൂഢാലോചന’കളെ കുറിച്ച് സംഘം ഇവര്‍ക്ക് ക്ലാസ് നല്‍കും. കൈയില്‍ ചരടും കെട്ടി ഹിന്ദുക്കള്‍ എന്ന വ്യാജേന വരുന്നവരെ തിരിച്ചറിയാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. ഇനിയൊരു മുഹമ്മദ് ഗോറിക്കും ഗസ്‌നിക്കും തങ്ങളുടെ സഹോദരിമാരെയും മക്കളെയും വിട്ടുകൊടുക്കില്ല എന്നാണ് തീരുമാനമെന്ന് വിഎച്ച്പിയുടെ പ്രാദേശിക സംഘടന സെക്രട്ടറി മനോജ് പറഞ്ഞു.

പശുഭീകരര്‍ക്ക് എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അക്രമങ്ങളില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു മനോജിന്റെ പ്രതികരണം. പശുക്കളെ ഉപേക്ഷിക്കരുതെന്ന് ഗ്രാമവാസികള്‍ക്ക് സംഘം ഉപദേശം നല്‍കും. ഗോമൂത്രം, ചാണകം തുടങ്ങിയ വാണീജ്യ ഉത്പന്നങ്ങള്‍ക്കായി പ്രായമായ പശുക്കളെ പോലും ശുശ്രൂഷിക്കണമെന്ന് സംഘം ഉദ്‌ബോധിപ്പിക്കും. ഗോശാലകളില്‍ പശുക്കളെ സംരക്ഷിക്കും എന്ന് മാത്രമല്ല പശുവിനെ കശാപ്പ് ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അധികാരികളെ അറിയിക്കുകയും ചെയ്യും.

ക്ഷേത്രങ്ങളും മഠങ്ങളും സംരക്ഷിക്കുക എന്നതാണ് ധര്‍മ്മയോദ്ധാക്കളുടെ മറ്റൊരു ചുമതല. ദീപാരാധന തുടങ്ങിയ ചടങ്ങുകള്‍ എല്ലാ ദിവസവും നടക്കുന്നവെന്നും ഇതില്‍ പ്രദേശത്തെ ഹിന്ദുക്കളെല്ലാം പങ്കെടുക്കുന്നുവെന്നും സംഘം ഉറപ്പുവരുത്തും. ഭക്തിഗാനങ്ങള്‍ മാത്രമേ ഇനി ക്ഷേത്രങ്ങളില്‍ പാടാന്‍ അനുവദിക്കൂ. പ്രവര്‍ത്തനങ്ങളെല്ലാം സമാധാനപരമായിരിക്കും എന്നും മനോജ് ഉറപ്പു നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും അമ്പലങ്ങളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍ അവര്‍ തന്നെ ക്ഷേത്രങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുകൊള്ളും എന്നായിരുന്നു മനോജിന്റെ മറുപടി. മാത്രമല്ല, ക്ഷേത്രങ്ങളില്‍ ഉച്ചഭാഷിണിയുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി ധര്‍മ്മയോദ്ധാക്കള്‍ പ്രാദേശിക ഉദ്യോഗസ്ഥരുമായി ‘സംസാരിക്കുക’യും ചെയ്യും. അനുമതി ലഭ്യമായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും സ്വന്തമായി ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനും ധര്‍മ്മയോദ്ധാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍