UPDATES

സിനിമാ വാര്‍ത്തകള്‍

കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കിയതിനെ രൂക്ഷമായി വിമർശിച്ച് വിജയ് സേതുപതി

കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കിയ നടപടിയെ അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജിനികാന്ത് രംഗത്തു വന്നതിനു പിന്നാലെയാണ് വിജയ് സേതുപതിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

കശ്മീരിലെ ജനങ്ങളുടെ കാഴ്ചപ്പാടെന്തെന്നത് കണക്കിലെടുക്കാതെ ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് നടൻ വിജയ് സേതുപതി. എസ്ബിഎസ് തമിൾ ഓസ്ട്രേലിയ എന്ന ഓസ്ട്രേലിയൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇത് ജനാധിപത്യത്തിന് എതിരാണ്. പെരിയാൻ ഇത് പണ്ടു തന്നെ പറഞ്ഞിട്ടുണ്ട്. മറ്റൊരാളുടെ സ്വകാര്യജീവിതത്തിൽ എനിക്ക് ഇടപെടാൻ കഴിയുമോ? മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിക്കാൻ നമുക്ക് കഴിയും. എന്നാൽ അവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ നമുക്കാകില്ല. അവരെക്കുറിച്ച് ആശങ്കപ്പെടാമെങ്കിലും എന്റെ തീരുമാനങ്ങള്‍ അവരിൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. സർക്കാർ നടപടി എന്നെ ദുഖിപ്പിച്ചു,” നടൻ പറഞ്ഞു.

മെൽബണിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് വിജയ് സേതുപതി എത്തിയത്. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ ട്രാൻസ്ജെൻഡറായി അഭിനയിച്ച സേതുപതിക്കാണ് ഈ ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചത്.

ജനങ്ങൾക്കാണ് അവരുടെ ഭാഗധേയം നിർണയിക്കാനുള്ള അധികാരമെന്ന് പെരിയാർ ഇവി രാമസ്വാമി നായ്ക്കരെ ഉദ്ധരിച്ച് വിജയ് സേതുപതി അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കശ്മീരിനു പുറത്തു കഴിയുന്നവരെന്ന നിലയിൽ നമുക്ക് അവരെക്കുറിച്ച് ആശങ്കപ്പെടാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ അവരുടെ ജീവിതം എങ്ങനെയാകണമെന്ന നിർദ്ദേശം നൽകുന്നതിൽ നിന്നും നാം വിട്ടു നിൽക്കണം,” സേതുപതി വ്യക്തമാക്കി.

കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കിയ നടപടിയെ അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജിനികാന്ത് രംഗത്തു വന്നതിനു പിന്നാലെയാണ് വിജയ് സേതുപതിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അമിത് ഷായുടെ കശ്മീർ സംബന്ധിയായ പാർലമെന്റ് പ്രസംഗത്തെയും രജിനി അഭിനന്ദിച്ചിരുന്നു. മോദി-ഷാ കൂട്ടുകെട്ട് കൃഷ്ണാർജ്ജുന സഖ്യത്തിന് സമാനമാണെന്നും രജിനി പറയുകയുണ്ടായി.

വിജയ് സേതുപതിയുടെ പ്രസ്താവനയെ വിമർശിച്ച് എഐഎഡിഎംകെ നേതാവും തമിഴ്നാട് ഔദ്യോഗിക ഭാഷാ മന്ത്രിയുമായ മഫോയ് കെ പാണ്ഡ്യരാജൻ പ്രസ്താവനയിറക്കിയിട്ടുണ്ട്. തന്റെ കാഴ്ചപ്പാടുകള്‍ പുറത്തു പറയും മുമ്പ് വിജയ് സേതുപതി കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കുന്നതിനെ എഐഎഡിഎംകെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ബിജെപിയും ഒന്നിച്ചാണ് മത്സരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍