UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയ പിള്ളയ്ക്കുള്ള വിലക്ക്; ജനങ്ങളെ നിശബ്ദരാക്കലല്ല ജനാധിപത്യം

Avatar

ടീം അഴിമുഖം

ഭയത്തിനെ മാത്രമേ നമ്മള്‍ ഭയക്കേണ്ടതുള്ളു എന്ന് പറഞ്ഞത് മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നിസംശയം പറയാവുന്ന ഇന്ത്യയെ അടിസ്ഥാനരഹിതമായ ഭയം എങ്ങനെ വേട്ടയാടാമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകയായ പ്രിയ പിള്ളയെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം.

ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരു പ്രായപൂര്‍ത്തിയാകാത്ത രാജ്യമാണ് ഇന്ത്യയെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ആദിവാസി അവകാശങ്ങളുടെ മുകളില്‍ വ്യവസായ വികസനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ബ്രിട്ടണിലെ പാര്‍ലമെന്റ് അംഗങ്ങളോട് വിശദീകരിക്കുന്നത് തടയുക എന്ന ‘ദേശീയ താല്‍പര്യ’ത്തിന്റെ പുറത്താണ് പ്രിയ പിള്ളയുടെ യാത്ര തടസപ്പെടുത്തിയത്. എന്നാല്‍ അവരെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതുകൊണ്ട് ആ സംഭാഷണത്തിന് തടസം നേരിട്ടില്ല. അവര്‍ ഇന്റര്‍നെറ്റിലൂടെ പാര്‍ലമെന്റ് അംഗങ്ങളുമായി ആശയ സംവാദം നടത്തി. സര്‍ക്കാറിന്റെ വികൃതമായ നീക്കം തിരിച്ചടിക്കുകയും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ വിമുഖത പ്രകടിപ്പിച്ച വിഷയത്തിന് ശ്രദ്ധ ലഭിക്കുകയും ചെയ്തു. 

ഇന്ത്യയിലെ ചില ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള ഉദാസീനമായ ഉറപ്പുകളെക്കുറിച്ച് വിശദീകരിക്കുന്ന എന്‍ജിഒകളുടെയും വിദേശ ശക്തികളുടെയും ലേഖനങ്ങള്‍, ആഗോളവേദിയിലുള്ള ഇന്ത്യയുടെ അരങ്ങേറ്റത്തെ അട്ടിമറിക്കുന്നതിനുള്ള നിഴല്‍ ‘നിയന്ത്രണ ഉപകരണങ്ങള്‍’ ആണെന്ന വിഭ്രമാത്മകമായ അവകാശവാദങ്ങളാണ് സത്യവാങ്മൂലത്തില്‍ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ചിരിക്കുന്നത്. ഉത്തര കൊറിയയും ഇറാനുമൊക്കെ നേരിടുന്നത് പോലെയുള്ള ഉപരോധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെയും ഏര്‍പ്പെടുത്തിയേക്കും എന്ന അസുഖകരമായ മുന്നറിയിപ്പുകള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ ചിരിച്ച് മണ്ണുകപ്പിപ്പോകും. മനുഷ്യാവകാശ ധ്വംസനങ്ങള്‍ അപകീര്‍ത്തിയാണ് ഉണ്ടാക്കുക, അല്ലാതെ നിരോധനങ്ങളല്ല. ഇന്ത്യയില്‍ നിനില്‍ക്കുന്ന മതസ്വാതന്ത്യത്തിന്റെ ലംഘനങ്ങളെ കുറിച്ചുള്ള വിഷയങ്ങള്‍ ആഗോളതലത്തില്‍ ഉയര്‍ന്ന് വരുമെന്ന സത്യവാങ്മൂല രചയിതാവിന്റെ ഭീതിയാണ് അതിലുടനീളം നിഴലിക്കുന്നത്. എന്നാല്‍ പ്രിയ പിള്ള ലണ്ടനില്‍ സംസാരിക്കാനിരുന്നത് അത്തരം ഒരു വിഷയമല്ലെന്ന് വ്യക്തം. ഇന്ത്യ-യുഎസ് ബന്ധത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കപ്പെട്ട ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയുടനെ യുഎസ് പ്രസിഡന്റ് ഇന്ത്യയില്‍ വര്‍ഗ്ഗീയത തടയണമെന്ന് പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്നും കൗശലപൂര്‍വം ഒഴിഞ്ഞുമാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഗ്രീന്‍പീസിന്റെ പേരില്‍ സ്വയം നാണംകെടുന്നത് ഒഴിവാക്കുകയും ആ അനുഭവത്തില്‍ നിന്നും പാഠം പഠിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അത്യധികം ശൃംഖലവല്‍ക്കരിക്കപ്പെട്ട ഈ ലോകത്ത് ശാരീരികമായി തടസപ്പെടുത്തുന്നത് കൊണ്ടുമാത്രം ആശയവിനിമയത്തെ തടസപ്പെടുത്താം എന്ന അതിന്റെ ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്വാസം ഇനിയുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുമെന്ന ഭയം അതിനുണ്ടെങ്കില്‍. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംഘപരിവാറിന്റെ നിരവധി പേര്‍ വളരെ മോശമായി പെരുമാറിയപ്പോഴും ദീര്‍ഘമായ മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി ഇപ്പോള്‍ പ്രതികരിക്കുകയും ന്യൂനപക്ഷങ്ങള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതല്‍. ‘നിയന്ത്രണത്തിനുള്ള ഉപകരണങ്ങള്‍’ പ്രയോഗിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ടെങ്കില്‍ സ്വയം ന്യായീകരിച്ചുകൊണ്ട് അതിനെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ ആളുകളെ നിശബ്ദരാക്കാാന്‍ ശ്രമിക്കുന്നത് പരാജയപ്പെടുകയും സ്വയം നാണംകെടുകയും ചെയ്യും. ഭയത്തിനെ ഭയക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍