UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യു എന്നില്‍ പാക് വാദങ്ങളുടെ മുനയൊടിച്ച് ഇന്ത്യ

Avatar

അഴിമുഖം പ്രതിനിധി

യുഎന്‍ അസംബ്ലിയിലെ തന്റെ പ്രസംഗം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ശക്തമായ ആക്രമണമാക്കി മാറ്റാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ശ്രമിച്ചു. കൊല്ലപ്പെട്ട ഭീകര നേതാവ് ബുര്‍ഹാന്‍ വാനിയെ ‘വധിക്കപ്പെട്ട ചെറുപ്പക്കാരനായ നേതാവ്’ എന്നു വിശേഷിപ്പിക്കാനും അവകാശ ലംഘനങ്ങള്‍ പരിശോധിക്കാന്‍ യുഎന്‍ സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെടാനും ഷെരീഫ് മടിച്ചില്ല.

തുല്യശക്തിയോടെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ‘ഭീകരതയുടെ മുന്‍നിരക്കാര്‍ക്ക് ആതിഥ്യമരുളുന്ന’ ഭീകര രാഷ്ട്രമെന്നാണ് ഇന്ത്യ പാക്കിസ്ഥാനെ വിശേഷിപ്പിച്ചത്. ഒരു സര്‍ക്കാരല്ല, യുദ്ധയന്ത്രമാണ് പാക്കിസ്ഥാനെ നയിക്കുന്നതെന്നും ഇസ്ലാമബാദ് ഭീകരതയും ഭീകരരെയും നയമായി ഉപയോഗിക്കുന്നിടത്തോളം അവരുമായി ചര്‍ച്ചയില്ലെന്നും ഇന്ത്യ പറഞ്ഞു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലും ഇന്ത്യയുടെ പ്രതികരണത്തിലും നിന്നുള്ള പ്രധാന പോയിന്റുകള്‍ ഇവയാണ്.

നവാസ് ഷെരീഫിന്റെ പ്രസംഗം:

1. തെക്കേ ഏഷ്യയില്‍ ഏറ്റുമുട്ടലാകരുത് നയമെന്നും പാക്കിസ്ഥാന്‍ ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഷെരീഫ് പറഞ്ഞു.’ഇത് കൈവരിക്കുന്നതിന് ഞാന്‍ വേണ്ടതിലേറെ യത്‌നിച്ചിട്ടുണ്ട്. നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടുമുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് അസാധ്യമായ വ്യവസ്ഥകള്‍ വയ്ക്കുകയാണ് ഇന്ത്യ ചെയ്തിട്ടുള്ളത്.’

2. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം ഉണ്ടാകില്ലെന്നു ഷെരീഫ് പറഞ്ഞു. ‘ ഇന്ത്യന്‍ സേനയാല്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെന്ന ചെറുപ്പക്കാരനായ നേതാവ് കശ്മീരിലെ മുന്നേറ്റത്തിന്റെ അവസാനത്തെ അടയാളമായി മാറിയിരിക്കുകയാണ്.’ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള രേഖകള്‍ യുഎന്നു കൈമാറാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നു ഷെരീഫ് പറഞ്ഞു. നിയമവിരുദ്ധമായ കൊലപാതകങ്ങളെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ക്രൂരതകളെപ്പറ്റി അന്വേഷിക്കാന്‍ യുഎന്‍ ദൗത്യസംഘത്തെ അയയ്ക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.

3. സ്വയം തീരുമാനമെടുക്കാനുള്ള അവകാശം കശ്മീരികള്‍ക്കു ലഭിക്കണമെന്നും ജമ്മു – കശ്മീരിനെ പട്ടാള വിമുക്തമാക്കാന്‍ യു എന്‍ നടപടിയെടുക്കണമെന്നും ഇന്ത്യയും പാക്കിസ്ഥാനും കശ്മീരില്‍നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെട്ടവരുമായി സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.

4. നിലവിലുള്ള തര്‍ക്കങ്ങള്‍, പ്രത്യേകിച്ച് കശ്മീര്‍, പരിഹരിക്കാന്‍ ഗൗരവപൂര്‍ണവും തുടര്‍ച്ചയായതുമായ സംവാദത്തിനു തയ്യാറാണെന്നു ഷെരീഫ് പറഞ്ഞു. പ്രദേശത്ത് നയതന്ത്രസ്ഥിരത സ്ഥാപിക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യയുടെ ആയുധശേഖരം പാക്കിസ്ഥാന് അവഗണിക്കാനാകില്ലെന്നും തത്തുല്യമായ പ്രതിരോധസംവിധാനം നിലനിര്‍ത്താനുള്ള നടപടിയെടുക്കുമെന്നും ഷെരീഫ് പറഞ്ഞു. ഉഭയകക്ഷി ആണവപരീക്ഷണ നിരോധന കരാറിന്മേല്‍ ചര്‍ച്ച നടത്താമെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ ഉഭയകക്ഷി ആയുധ നിയന്ത്രണ, നിരായുധീകരണ നടപടികളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും പറഞ്ഞു.

5. എന്‍ എസ് ജി അംഗത്വത്തിന് പാക്കിസ്ഥാന് യോഗ്യതയുണ്ടെന്നു പറഞ്ഞ ഷെരീഫ് ‘പുതിയ പ്രത്യേക അവകാശകേന്ദ്രങ്ങള്‍’ സൃഷ്ടിക്കാതെ തന്നെ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പ്രതികരണം
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരദൗത്യസംഘത്തിലെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

1. അയല്‍രാജ്യങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം നടത്താനായി ഭീകരസംഘങ്ങള്‍ക്ക് കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട് പിന്തുണയും പരിശീലനവും നല്‍കുന്ന ഭീകര രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ഏറ്റവും കടുത്ത മനുഷ്യാവകാശ ധ്വംസനം ഭീകരപ്രവര്‍ത്തനമാണ്. ഒരു രാജ്യത്തിന്റെ ഭരണനയമെന്ന നിലയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഇത് യുദ്ധ കുറ്റകൃത്യമാകുന്നു. 2011ല്‍ അബോട്ടാബാദില്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച് ‘പാക്കിസ്ഥാന്‍ ഇന്ന് ഭീകരപ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാര്‍ക്ക് ആതിഥ്യമരുളുന്നു’വെന്ന് ഈനം അഭിപ്രായപ്പെട്ടു.

2. വാനിയെ മഹത്വവല്‍ക്കരിക്കാനുള്ള ഷെരീഫിന്റെ ശ്രമം സ്വയം കുറ്റമേല്‍ക്കുന്നതിനു തുല്യമാണെന്ന് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ പറഞ്ഞു. ഒരു രാജ്യത്തലവന്‍ ‘ഒരു സ്വയം പ്രഖ്യാപിത ഭീകരനെ മഹത്വവല്‍ക്കരിക്കുന്നത് ‘ ഞെട്ടലുളവാക്കുന്നുവെന്നും അക്ബര്‍ പൊതുസഭയില്‍ പറഞ്ഞു.

3. ചര്‍ച്ചയ്ക്കുള്ള ഷെരീഫിന്റെ ക്ഷണം നിരസിച്ചുകൊണ്ട് ‘പാക്കിസ്ഥാന്‍ ഒരു കയ്യില്‍ ഭീകരതയുടെ തോക്കേന്തിയാണ് സംവാദത്തെപ്പറ്റി പറയുന്നതെന്ന് ‘ അക്ബര്‍ പറഞ്ഞു. സര്‍ക്കാരല്ല യുദ്ധയന്ത്രമാണ് പാക്കിസ്ഥാനെ നയിക്കുന്നതെന്നു തോന്നുന്നതായും ചര്‍ച്ചയും തോക്കുകളും ഒരുമിച്ചു പോകില്ലെന്നും അക്ബര്‍ പറഞ്ഞു. സമാധാനത്തിനായി കഠിനപ്രയത്‌നം ചെയ്‌തെന്ന ഷെരീഫിന്റെ പരാമര്‍ശത്തെപ്പറ്റി ‘ ഞങ്ങള്‍ പ്രയത്‌നമേ കണ്ടിട്ടില്ല. കഠിന പ്രയത്‌നത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല,’ എന്നായിരുന്നു അക്ബറുടെ മറുപടി.

4. കശ്മീരിലെ അവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഷെരീഫിന്റെ പരാമര്‍ശത്തിന് ‘ ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീരിലെ ഏക കൈകടത്തല്‍ പാക്കിസ്ഥാന്റെ ഒക്യുപ്പേഷന്‍ ആര്‍മിയുടേതാണെന്നാ’യിരുന്നു അക്ബറുടെ മറുപടി. പാക്കിസ്ഥാന്‍ യുദ്ധവും ഭീകരതയും ഉപയോഗിക്കുന്നത് വികസനത്തെയും ഇല്ലാതാക്കുന്നുവെന്നും പാക്കിസ്ഥാനിലെ ജനങ്ങള്‍ ‘ദുര്‍നയങ്ങളുടെ വില കൊടുക്കേണ്ടി വരുന്നു’വെന്നും അക്ബര്‍ പറഞ്ഞു.

5. സ്വന്തം ജനതയ്ക്കുമേല്‍ ഭീകരത ഉപയോഗിക്കുന്ന പാക്കിസ്ഥാന്‍ ‘ ജനാധിപത്യക്കമ്മി’യുള്ള രാജ്യമാണെന്ന് ഈനം ഗംഭീര്‍ പറഞ്ഞു.  വനിതകളെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുകയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന രാജ്യമാണത്.  പാക്കിസ്ഥാന്റെ ആണവ നിര്‍വ്യാപന ചരിത്രം വഞ്ചനയും ചതിയും നിറഞ്ഞതാണ്. ഭീകരതയെപ്പറ്റി രാജ്യാന്തര സമൂഹത്തിന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയേ പാക്കിസ്ഥാന്‍ ചെയ്തിട്ടുള്ളൂവെന്നും ഈനം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍