UPDATES

വിപണി/സാമ്പത്തികം

ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്നു: മൂല്യം 1,40,000 കോടി രൂപ!

ചെയര്‍മാൻ സ്ഥാനത്തു നിന്ന് സച്ചിൻ ബൻസാലും ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തു നിന്നും ബിന്നി ബൻസാലും ഒഴിഞ്ഞേക്കും.

ബഹുരാഷ്ട്ര കുത്തകയായ വാൾമാർട്ട് ഇന്ത്യൻ ഇകൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാനുള്ള ധാരണയിലെത്തി. 1,40,000 കോടി രൂപയാണ് മൂല്യം കണ്ടിരിക്കുന്നത്.

ഫ്ലിപ്കാർട്ടിന്റെ 73% ഓഹരിയാണ് വാൾമാര്‍ട്ട് ഏറ്റെടുക്കുക. 14.6 ബില്യൺ ഡോളർ പണമായി ചെലവിട്ടാണ് ഏറ്റെടുക്കൽ നടക്കുക.

300 കോടി ഡോളർ നിക്ഷേപിച്ച് ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റും ഈ ഏറ്റെടുക്കലിൽ പങ്കു ചേരുന്നുണ്ട്.

നിലവിലെ സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി തൽസ്ഥാനത്ത് തുടരും എന്നാണ് അറിയുന്നത്. ഇരു കമ്പനികളുടെ ഉന്നതോദ്യോഗസ്ഥർ നടത്തിയ ചര്‍ച്ചകൾക്കു ശേഷം ഒരു താൽക്കാലിക കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്.

ഇരുകക്ഷികളും എല്ലാക്കാര്യങ്ങളിലും തീർപ്പിലെത്തിയതായാണ് അറിയുന്നത്. വാൾമാർട്ട് ഇതുവരെ നടത്തിയതിൽ വെച്ചേറ്റവും വലിയ ഡീലാണിത്. പണമായുള്ള നിക്ഷേപം 55% വരുമെന്നാണ് അറിയുന്നത്. അതായത്, ഈ ഡീലിനു ശേഷം ഫ്ലിപ്കാർട്ടിന്റെ നിലവിലെ വലിയ നിക്ഷേപകരും പുറത്തുപോകും.

ചില ‘സൗഹാർദ്ദ നിക്ഷേപകർ‍’ മാത്രമാണ് അവശേഷിക്കുക. ടെന്‍സെന്റ്, മൈക്രോസോഫ്റ്റ്, ടൈഗർ ഗ്ലോബൽ എന്നീ കമ്പനികൾ പൂർണമായും ഓഹരികൾ വിറ്റഴിക്കില്ല. അതെസമയം 20% ഓഹരി കൈവശം വെച്ചിട്ടുള്ള സോഫ്റ്റ്ബാങ്ക് പുറത്തുപോകും. വെറും എട്ടുമാസം മുമ്പ് 250 കോടി ഡോളർ ചെലവിട്ട് വാങ്ങിയ ഓഹരികൾ 400 കോടി ഡോളറിനാണ് സോഫ്റ്റ്ബാങ്ക് കൈയൊഴിയുന്നത്.

മൂന്നു വർഷത്തിനകം ഫ്ലിപ്കാർട്ട് ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിങ് (IPO) (സ്വകാര്യ കമ്പനിയുടെ ഓഹരികൾ പൊതുജനത്തിന് വാങ്ങാനായി വെക്കുന്നതു വഴി മൂലധനം സ്വരൂപിക്കുക) നടത്താൻ വാൾമാർട്ടിന് പദ്ധതിയുണ്ട്. ഇത്ഡീലിന്റെ ഭാഗമായി ചർച്ച ചെയ്തിരുന്നു. ചെയര്‍മാൻ സ്ഥാനത്തു നിന്ന് സച്ചിൻ ബൻസാലും ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തു നിന്നും ബിന്നി ബൻസാലും ഒഴിഞ്ഞേക്കും. ഫ്ലിപികാർട്ടിന്റെ സ്ഥാപകരാണ് ഇരുവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍