UPDATES

“യുദ്ധം വീഡിയോ ഗെയിമല്ല”; കശ്മീരിനു വേണ്ടി കശ്മീരികളെ ആക്രമിക്കുന്ന യുദ്ധവായാടികളോട് ഒരു റിട്ട. നേവൽ ഓഫീസർ സംസാരിക്കുന്നു.

നിങ്ങൾക്ക് കശ്മീരികളെ വേണ്ടെങ്കിൽ നിങ്ങളെന്തിനാണ് കശ്മീരിനു വേണ്ടി യുദ്ധം ചെയ്യുന്നത്?

The Quint ഓൺലൈൻ പോർട്ടലിൽ റിട്ടയേഡ് നേവൽ ഓഫീസർ സന്ധ്യ സൂരി എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ വായിക്കാം.

യുദ്ധം ഒരു പരിഹാരമേയല്ല. ഒരുകാലത്തും ആയിരുന്നുമില്ല. മറ്റു സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടു എന്നുമാത്രമാണ് യുദ്ധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. യുദ്ധഭ്രാന്ത് പടരുന്ന നാളുകളെത്തിയിരിക്കുന്നു. വീട്ടിനകത്ത് സുരക്ഷിതരായിരിക്കുന്ന ഓരോരുത്തരും യുദ്ധ വിദഗ്ധരായി മാറിയിരിക്കുന്നു. ഇത് എളുപ്പമുള്ള ഒരു പണിയാണ്. ആളുകൾ ‘പകവീട്ടണ’മെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. യുദ്ധഭൂമിയിൽ അതിന്റെ മുന്നണിയില്‍ നിൽക്കാത്തിടത്തോളം ഇതെല്ലാം എളുപ്പമാണ്. ചുരുങ്ങിയ ചിന്തയേ വേണ്ടൂ. എന്താണ് കഴിഞ്ഞ യുദ്ധങ്ങളിൽ നിന്ന് നമുക്ക് കിട്ടിയത്? കാര്യമായൊന്നുമില്ല.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നമ്മളുണ്ടാക്കിയ വളർച്ചയെ കാണാത്തതെന്ത് എന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. ഞാൻ എല്ലായിടത്തും നോക്കി. കാണാനായത് വേദനകൾ മാത്രമാണ്. അസഹിഷ്ണുതയും വിദ്വേഷവും അതിശക്തമായിത്തീർന്നിരിക്കുന്നു. അത് കുടുംബങ്ങളുടെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുന്നു. അവരുടെ മനസ്സുകളെ സംഘർഷഭരിതമാക്കി മാറ്റിയിരിക്കുന്നു. ഇതിനെല്ലാം എന്താണ് കാരണമായത്? വ്യാജ വാർത്തകൾ, വ്യാജ കണക്കുകൾ, ഇന്ത്യയെ ഇല്ലാത്ത വളർച്ചയുടെ പേരിൽ പൊക്കിക്കാണിക്കുന്ന വൻ പ്രചാരണങ്ങൾ.

ഇന്ന് സോഷ്യൽ മീഡിയയിൽ എന്നോടൊരു യുവാവ് പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകളിൽ പോയി അവിടെയുള്ളവരോട് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഇന്ത്യയോട് സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ യോഗ്യത നേടുകയുള്ളുവത്രേ. എനിക്ക് ആ യുവാവിനോട് പറയാനുണ്ടായിരുന്നത് ഇത്രമാത്രമാണ്: എങ്കിൽ എന്തുകൊണ്ട് നിങ്ങൾ പട്ടാളത്തിൽ ചേരുന്നില്ല? പട്ടാളത്തിൽ ഓഫീസര്‍മാരോ ഭടന്മാരോ ആയി ചേരുക. എന്നിട്ട് പരിശീലനം നേടുക. യുദ്ധം ചെയ്യുക. കാര്യങ്ങൾ നേരിട്ടനുഭവിക്കുക. എന്നിട്ട് തിരിച്ചെന്റെ അരികിൽ വരിക. എന്നിട്ട് മറ്റുള്ളവരുടെ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി മരിക്കാൻ തയ്യാറാണോയെന്ന ചോദ്യത്തിന് മറുപടി നൽകുക. എന്തുകൊണ്ട് രാജ്യത്ത് അസ്വസ്ഥതകളുണ്ടാകുന്നു എന്ന് തിരിച്ചറിയാൻ ശേഷിയില്ലാത്ത, വെറും യുദ്ധവായാടിത്തം മാത്രം കൈമുതലായുള്ള രാഷ്ട്രീയക്കാർക്കു വേണ്ടി മരിക്കാൻ തയ്യാറാണോയെന്ന് പറയുക.

കശ്മീർ പ്രശ്നം ഭീകരതയുടെ പ്രശ്നം മാത്രമല്ല. അതിനപ്പുറത്താണ് കാര്യങ്ങൾ പലതും. യുദ്ധത്തിനു വേണ്ടി അലറുന്നവർക്ക് ഒരിടത്ത് ഭീകരതയ്ക്കെതിരെ യുദ്ധം ചെയ്യണം. മറ്റൊരിടത്ത് അവർക്ക് ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ജീവിക്കുന്ന കശ്മീരികളെ ആക്രമിച്ചോടിക്കണം. അതായത്, കശ്മീരികളെ അവർക്ക് വേണ്ട, മറിച്ച് അവരുടെ ഭൂമി വേണം. ഇതല്ലേ ആ ആക്രമണങ്ങളുടെയെല്ലാം ലക്ഷ്യം?

നിങ്ങൾക്ക് കശ്മീരികളെ വേണ്ടെങ്കിൽ നിങ്ങളെന്തിനാണ് കശ്മീരിനു വേണ്ടി യുദ്ധം ചെയ്യുന്നത്? ഇതേ പ്രശ്നം തന്നെയല്ലേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്നത്?

പുൽലവാമയിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന കാര്യമാണ്. കഴിഞ്ഞ ദശകങ്ങളിൽ കശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ അടുത്തുനിന്ന് നോക്കിക്കാണേണ്ടതുണ്ട് കാര്യങ്ങളെക്കുറിച്ച് മനസ്സിലാകാൻ. സമാധാനത്തിനു വേണ്ടി സംസാരിക്കുന്നവർക്കെതിരെ വിഷം തുപ്പുന്ന എത്ര പേർ കശ്മീരിലെ ചരിത്രപരമായ വലിയ പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കുകയെങ്കിലും ചെയ്തിട്ടുണ്ട്?

എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്, രാഷ്ട്രീയ അന്ധതയും, ലഭ്യമായ ഇന്റലിജൻസ് വിവരങ്ങളെ അടിസ്ഥാനമാക്കി നടപടിയെടുക്കാനുള്ള സംവിധാനങ്ങളുടെ ശേഷിക്കുറവുമാണ് 42 ജീവനുകളെ നഷ്ടമാക്കിയ വൻ ദുരന്തത്തിന് കാരണമായത്. ഇതാണ് കശ്മീരികൾക്കെതിരെ രാജ്യത്തെമ്പാടും അക്രമികൾ അഴിഞ്ഞാടുന്നതിന് കാരണമായത്. ജീവനോടെയിരിക്കുമ്പോൾ സൈനികരെ വിമാനത്തിൽ കൊണ്ടുവരാൻ സന്നദ്ധത കാണിക്കാതിരുന്നവർ മരിച്ചുകഴിഞ്ഞതിനു ശേഷം ദേശീയപതാകയിൽ പൊതിഞ്ഞ് അവരെ വിമാനത്തിലയയ്ക്കാൻ അനുമതി നൽകിയത് ചിന്തനീയമായ കാര്യമാണ്. ആ മൃതദേഹങ്ങൾ വീട്ടിലെത്തുമ്പോൾ അവരുടെ അച്ഛന്മാരും അമ്മമാരും കുട്ടികളും ഭാര്യമാരും പതാകയിൽ നാല് നിറത്തിനു പകരം അഞ്ച് നിറം കാണും. ആ മനുഷ്യരുടെ ചോരയുടെ നിറംകൂടി പതാകകളിൽ കലര്‍ന്നിരിക്കും.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍