UPDATES

പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ മോദി ഇടപെട്ടു, മന്ത്രിമാരെ നോക്കുകുത്തികളാക്കി; രേഖകള്‍ പറയുന്നത്‌

കഴിഞ്ഞ നാല് വര്‍ഷം പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമനിര്‍മ്മാണ നടപടിയിലേയ്ക്ക് പോലും പോയിട്ടില്ല എന്നാണ് പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ഋത്വിക് ദത്ത് പറയുന്നത്.

പ്രധാനപ്പെട്ട അഞ്ച് പരിസ്ഥിതി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ഭേദഗതി കൊണ്ടുവന്നത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഹഫിംഗ്ടണ്‍ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വന്‍കിട വ്യവസായികള്‍ക്കും ഖനികള്‍ക്കും മറ്റും വേണ്ടി പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടതിന്റെ രേഖകളാണ് പുറത്തുവന്നത്. മോദിയും വനം – പരിസ്ഥിതി മന്ത്രി മന്ത്രി പ്രകാശ് ജാവദേക്കറും നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് ഹഫ് പോസ്റ്റ് പറയുന്നു. ഇതില്‍ നാല് ഭേദഗതികള്‍ ഗുരുതരമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്. എന്നാല്‍ കോടതികള്‍ ഇവ സ്‌റ്റേ ചെയ്തു. അഞ്ചാമത്തെ ഭേദഗതി പാര്‍ലമെന്ററി കമ്മിറ്റി തന്നെ തള്ളിക്കളഞ്ഞു. 2018 നവംബര്‍ രണ്ടിനാണ് ഏറ്റവും ഒടുവിലെ ഭേദഗതി പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപിച്ചത്. ദീപാവലി സമ്മാനം എന്ന പേരിലാണ് പ്രധാനമന്ത്രി ഇത് അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യം ഡല്‍ഹി ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തു.

പരിസ്ഥിതി ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നഗരവികസന മന്ത്രാലയത്തിലും മറ്റ് മന്ത്രാലയങ്ങളിലും സമ്മര്‍ദ്ദം ചെലുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് റിയല്‍ എസ്റ്റേറ്റ് ലോബിയെ സഹായിച്ചത് എന്നാണ് 2019 ഫെബ്രുവരി 12ന് ഫെബ്രുവരി 12ന് ഹഫിങ്ടണ്‍ പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ ബൈലോകള്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം 2016 ഡിസംബറില്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2017 ഡിസംബറില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇത് തടഞ്ഞു. കോടതി രേഖകളും സര്‍ക്കാര്‍ രേഖകളും വ്യക്തമാക്കുന്നത് സമാനമായ മറ്റ് രണ്ട് വിജ്ഞാപനങ്ങള്‍ കൂടി ഇറക്കാന്‍ പരിസ്ഥിതി മന്ത്രാലയം നടത്തിയ ശ്രമങ്ങളാണ്. ചെറിയ മാറ്റങ്ങളോടെയാണ് 2018 നവംബറില്‍ ഇത് കൊണ്ടുവന്നത്.

പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നതില്‍ പ്രകാശ് ജാവദേക്കര്‍ പ്രവര്‍ത്തിച്ചത് മോദിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ്. ഭേദഗതികള്‍ സംബന്ധിച്ചും പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങളെല്ലാം വിശദമായും സൂക്ഷ്മമായും ജാവദേക്കര്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. അതേസമയം വലിയ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അധികാരം നല്‍കാനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിവാദ നിര്‍ദ്ദേശത്തെ ആ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ എതിര്‍ത്തിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലും പാര്‍ലമെന്ററി കമ്മിറ്റിയും കോടതികളും ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് പല പരിസ്ഥിതി നിയമ അട്ടിമറികളും പരാജയപ്പെട്ടത്. പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും കൂടാതെ എക്‌സിക്യൂട്ടീവ് ഉത്തരവ് വഴി ഇത്തരം ഭേദഗതികള്‍ നടപ്പാക്കാനാണ് ശ്രമിച്ചത്.

കഴിഞ്ഞ നാല് വര്‍ഷം പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമനിര്‍മ്മാണ നടപടിയിലേയ്ക്ക് പോലും പോയിട്ടില്ല എന്നാണ് പരിസ്ഥിതി കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ഋത്വിക് ദത്ത് പറയുന്നത്. ഓരോ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും വെള്ളം ചേര്‍ത്ത് ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നത്. നഗരങ്ങളിലെ ജീവിതം ഇത് ദുസഹമാക്കുമെന്നും ഋത്വിക് ദത്ത അഭിപ്രായപ്പെട്ടു.

പദ്ധതികള്‍ക്കുള്ള പരിസ്ഥിതി ക്ലിയറന്‍സ് കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഖനികള്‍, താപനിലയങ്ങള്‍, സിമന്റ് ഫാക്ടറികള്‍ തുടങ്ങിയവയ്‌ക്കെല്ലാമുള്ള വായു, ജല മലിനീകരണ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തി. ക്ലിയറന്‍സ് നല്‍കാനുള്ള അധികാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കേന്ദ്രീകരിക്കാനായിരുന്നു പരിപാടി. ഇതിനെതിരെ സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ഫോറസ്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന എന്‍ജിഒ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശത്തിന് സ്‌റ്റേ വേണമെന്ന് ആവശ്യപ്പെട്ടു. എന്‍ജിഒയുടെ വാദങ്ങള്‍ അംഗീകരിച്ച് 2019 ജനുവരി ഒമ്പതിന് വിവാദ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

2014 ഓഗസ്റ്റ് 29ന് പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തില്‍ ആറ് വിദഗ്ധര്‍ അടങ്ങയ ഒരു ഉന്നതതല സമിതിയെ നിയമിച്ചിരുന്നു. മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യന്‍ അടക്കമുള്ളവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. രാജ്യത്തെ അഞ്ച് പ്രധാന പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ – 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1980ലെ വന സംരക്ഷണ നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം, 1974ലെ ജല സംരക്ഷണ – മലിനീകരണ നിയന്ത്രണ നിയമം, 1981ലെ വായു സംരക്ഷണ – മലിനീകരണ നിയന്ത്രണ നിയമം, 1927ലെ ഇന്ത്യന്‍ വന നിയമം എന്നിവ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. സര്‍ക്കാര്‍ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെറും രണ്ട് മാസത്തെ സമയമാണ് നല്‍കിയത്.

2014 നവംബറില്‍ ഒരു മാസം വൈകി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 55 ശുപാര്‍ശകളാണ് സുബ്രഹ്മണ്യന്‍ കമ്മിറ്റി മുമ്പോട്ട് വച്ചത്. നിലവിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ചട്ടക്കൂടിനെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളായിരുന്നു ഇവ. റോഡുകള്‍, റെയില്‍വേ ലൈനുകള്‍, ട്രാന്‍സ്മിഷല്‍ ലൈനുകള്‍, പൈപ്പ് ലൈനുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ക്ലിയറന്‍സ് നല്‍കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കുന്ന നിര്‍ദ്ദേശം വിവാദമായി. മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് പകരം സംവിധാനങ്ങള്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. അതേസമയം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പാര്‍ലമെന്റിന്റെ പരിസ്ഥിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചു.

വായനയ്ക്ക്: https://www.huffingtonpost.in/entry/documents-reveal-modi-and-javadekars-war-on-indias-environment_in_5c97cba3e4b0a6329e180367?qig&utm_hp_ref=in-homepage

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍