UPDATES

ട്രെന്‍ഡിങ്ങ്

തമിഴ്നാട്ടില്‍ ജലക്ഷാമം രൂക്ഷം: സ്ഥാപനങ്ങള്‍ പൂട്ടി; പലയിടത്തും സംഘര്‍ഷം; സാമൂഹ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

നഗരത്തില്‍ മാത്രമല്ല പുറത്തും ജലക്ഷാമം കടുത്തിരിക്കുകയാണ്.

തമിഴ്നാട്ടില്‍ ജലക്ഷാമം രൂക്ഷമായി. ചെന്നൈയില്‍ പണം നല്‍കിയാല്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്ന സംവിധാനം പോലും ജലക്ഷാമം മൂലം ശരിയായി പ്രവര്‍ത്തിക്കാത്ത നിലയിലാണ്. നിരവധി ഐടി സ്ഥാപനങ്ങളും റസ്റ്റോറന്റുകളും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമവിരുദ്ധമായി വെള്ളം ഉപയോഗിച്ചു കൊണ്ടിരുന്ന വീടുകളിലേക്കുള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തുവരികയാണ്.

ടാങ്കര്‍ ലോറികളില്‍ സര്‍ക്കാര്‍ വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോറികള്‍ക്കരികില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ ആണുള്ളത്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് സന്നാഹത്തോടെയാണ് പലയിടത്തും വെള്ളവുമായി ലോറികളെത്തുന്നത്. വെള്ളവുമായി ബന്ധപ്പെട്ടുള്ള അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയുമുണ്ടായി. മറ്റുള്ളവരുടെ പങ്കുകൂടി അപഹരിക്കുന്ന വിധത്തില്‍ വന്‍തോതില്‍ വെള്ളം ശേഖരിച്ചു വെക്കുന്നതിനെ ചോദ്യം ചെയ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ആനന്ദ് ബാബുവിനെ (33) അയല്‍വാസികള്‍ കൊല ചെയ്തു. കുമാര്‍ എന്ന 48കാരനും അയാളുടെ രണ്ട് ആണ്‍മക്കളും ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

നഗരത്തില്‍ മാത്രമല്ല പുറത്തും ജലക്ഷാമം കടുത്തിരിക്കുകയാണ്.

ജലക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തു വന്നു. മുനിസിപ്പല്‍ ഭരണ മന്ത്രി എസ്പി വേലുമണി രാജിവെക്കണമെന്നും രാജിവെക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഐടി കമ്പനികളെല്ലാം തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു തുടങ്ങിയെന്നും നിരവധി സ്ഥാപനങ്ങള്‍ പൂട്ടിയെന്നും ചൂണ്ടിക്കാട്ടിയ സ്റ്റാലിന്‍ ഉത്തരവാദപ്പെട്ട മന്ത്രി അഴിമതി ചെയ്യുന്നതില്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു.

അതെസമയം മദ്രാസ് ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം മോഷ്ടിക്കുന്നവര്‍ക്കെതിരെയുള്ള നടപടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യമായി കൈക്കൊണ്ടിട്ടുള്ളത്. ദിവസം 830 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് നഗരത്തില്‍ വിതരണത്തിലുണ്ടായിരുന്നതെന്നും ഇത് 525 മില്യണ്‍ ലിറ്ററായി കുറഞ്ഞു എന്ന പ്രശ്നമേയുള്ളൂവെന്നും ചെന്നൈ മെട്രോ വാട്ടര്‍ സപ്ലേ ഡയറക്ടര്‍ ടിഎന്‍ ഹരിഹരന്‍ പറഞ്ഞു. പ്രശ്നം അത്ര ഗുരുതരമല്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍