UPDATES

വായിച്ചോ‌

ഒന്ന് മാത്രം ഇപ്പോള്‍ പറയാം, ഈ യുദ്ധത്തില്‍ ഞങ്ങള്‍ ജയിക്കാന്‍ പോവുകയാണ്: രാഹുല്‍ ഗാന്ധി

അഴിമതിക്കാരെ ഇരുവശവും കൂടെ നിര്‍ത്തിയാണ് മോദി അഴിമതിയെക്കുറിച്ച് വാചകമടി നടത്തുന്നത്. തൂക്കുസഭയുണ്ടാവുമെന്നും ജനതാദള്‍ എസ് കിംഗ് മേക്കറാകുമെന്നുമെല്ലാമുള്ള അഭിപ്രായങ്ങളെ രാഹുല്‍ തള്ളിക്കളഞ്ഞു.

കര്‍ണാടകയില്‍ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാന്‍ എനിക്ക് കഴിയില്ല. ഒന്ന് മാത്രം പറയാം. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കാന്‍ പോവുകയാണ് – ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല, തൂക്കുസഭയുണ്ടാകും എന്നൊക്കെ ബിജെപി വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരം സര്‍വേകള്‍ വരുന്നത്. കര്‍ണാടകയില്‍ ശക്തമായ നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉള്ളത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്തയാളാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദിയൂരപ്പയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യെദിയൂരപ്പ അഴിമതി കേസില്‍ ജയില്‍ കിടന്നയാളാണ്. സിദ്ധരാമയ്യയ്‌ക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ കോണ്‍ഗ്രസിന് വലിയ ജനപിന്തുണയാണ് നേടിത്തന്നിരിക്കുന്നത്. ബിജെപിയുടേയും യെദിയൂരപ്പയുടേയും റെഡ്ഡി സഹോദരന്മാരുടേയും അഴിമതി കര്‍ണാടകയില്‍ വലിയ പ്രശ്‌നമാണ്. ഇവരെല്ലാം ചേര്‍ന്ന 35,000 കോടിയിലധികം രൂപയാണ് കര്‍ണാടകയിലെ ജനങ്ങളില്‍ നിന്ന് അപഹരിച്ചത് – രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിക്കാരെ ഇരുവശവും കൂടെ നിര്‍ത്തിയാണ് മോദി അഴിമതിയെക്കുറിച്ച് വാചകമടി നടത്തുന്നത്. തൂക്കുസഭയുണ്ടാവുമെന്നും ജനതാദള്‍ എസ് കിംഗ് മേക്കറാകുമെന്നുമെല്ലാമുള്ള അഭിപ്രായങ്ങളെ രാഹുല്‍ തള്ളിക്കളഞ്ഞു. ജനത ദള്‍ എസ് ഈ തിരഞ്ഞെടപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.

മോദിയുടെ പ്രകോപനമുണ്ടാക്കുന്ന പ്രചാരണ ശൈലിയൊന്നും കര്‍ണാടകയില്‍ ഏല്‍ക്കാന്‍ പോകുന്നില്ല. മോദിക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് യെദിയൂരപ്പയുടെ സര്‍ക്കാരിനെ ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ എന്ന് വിളിച്ചത്. കര്‍ണാടകയില്‍ രാജ്യത്തെ ഏറ്റവും നല്ല റോഡുകളാണ് ഉള്ളതെന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. ഏറ്റവുമധികം തൊഴിലവസരങ്ങളുണ്ടാക്കുന്നത് കര്‍ണാടകയാണെന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ട്. ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് മോദി എന്നെയും സിദ്ധരാമയ്യയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയുമൊക്കെ വ്യക്തിപരമായി ആക്രമിക്കുന്നത്.

അഴിമതിക്കാരായ യെദിയൂരപ്പയേയും റെഡ്ഡി സഹോദരന്മാരേയും കൂടെ നിര്‍ത്തിയാണ് മോദി അഴിമതിയെക്കുറിച്ച് വാചകമടി നടത്തുന്നത്. അമിത് ഷായുടെ മകന്‍ 50,000 രൂപ എങ്ങനെ 80 കോടിയാക്കി എന്ന് നമ്മള്‍ കണ്ടതാണ്. പിയൂഷ് ഗോയലിന്റെ കമ്പനി വില്‍പ്പന, രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകന് ലളിത് മോദി പണം കൊടുത്തത്, ഗുജറാത്തിലെ ജി എസ് പി സി അഴിമതി – ഇതിനെല്ലാം മറുപടി പറയാതെ മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാവില്ല. എന്താണ് മോദിയുടെ വിദേശനയം – അദ്ദേഹം അടുത്തിടെ ചൈനയില്‍ പോയി. എന്നിട്ട് ഡോക്ലാമിനെക്കുറിച്ച് മിണ്ടാതെ തിരിച്ചുപോന്നു. വെറുതെ സിദ്ധരാമയ്യയ്ക്ക് ക്ലാസെടുക്കാതെ താന്‍ ഇതുവരെ എന്ത് ചെയ്തു എന്ന് മോദി പറയട്ടെ.

ലിംഗായത്തുകളുടെ പ്രത്യേക മത പദവി അംഗീകരിച്ചതിലൂടെ ഒരു സമുദായത്തിന് ശബ്ദം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ ബിജെപി ദലിതുകള്‍ അടക്കമുള്ള സമുദായങ്ങളെ അടിച്ചമര്‍ത്തുകയാണ്. തല്ലുകയും കൊല്ലുകയുമാണ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. രോഹിത് വെമുലയുടെ കേസിലും ഉനയിലെ ദലിത് പീഡനത്തിലും പ്രധാനമന്ത്രി മോദി എന്താണ് പറഞ്ഞത്.

സംസ്ഥാന വ്യാപകമായി വലിയ ജനപിന്തുണയുള്ള നേതാവാണ് സിദ്ധരാമയ്യ. അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. സ്വാഭാവികമായും കൂടുതല്‍ ശ്രദ്ധ അദ്ദേത്തിന് മേലായിരിക്കും. കര്‍ണാടകയിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കളും വലിയ ജനപിന്തുണയുള്ളവരും കഴിവുറ്റവരുമാണ് എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിലാണ് കോണ്‍ഗ്രസ് ജയിക്കാന്‍ പോകുന്നത്.

എംഎല്‍എമാരിലും എംപിമാരിലും വനിത പ്രാതിനിധ്യം കുറവാണെന്ന കാര്യം രാഹുല്‍ അംഗീകരിച്ചു. ഇത്തവണ കുറേ കൂടി വനിതള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കേണ്ടതായിരുന്നുവെന്നും വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ പോരായ്മ തിരുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുമായി കോണ്‍ഗ്രസിനുള്ള ആശയപരമായ പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ ബിജെപിയെ രാജ്യത്ത് പരാജയപ്പെടുത്താന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തിനെതിരായ യുദ്ധമാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല – രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വായനയ്ക്ക്: https://goo.gl/bTS8qg

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍