UPDATES

പാവപ്പെട്ടവര്‍ക്കെന്ത് പരാതി; പട്ടാളം ജീപ്പിനു മുന്നില്‍ കെട്ടിവച്ച കശ്മീരി യുവാവ് ചോദിക്കുന്നു

സൈന്യത്തെ കല്ലെറിയുന്നവനെന്നാരോപിച്ച് നാലു മണിക്കൂറാണ് ഫറൂഖ് ധര്‍ എന്ന 25 കാരനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ചത്

കശ്മീരില്‍ കല്ലെറിയുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ പട്ടാള ജീപ്പിന് മുന്നില്‍ യുവാവിനെ കെട്ടിവച്ചു കൊണ്ടുപോയ സംഭവം വന്‍വിവാദത്തിലേക്ക്. താനാരെയും ഇതുവരെ കല്ലെറിഞ്ഞിട്ടില്ലെന്നും എംബ്രോയ്ഡറി പണിയും അല്‍പം ആശാരിപ്പണിയും ചെയ്താണ് ജീവിക്കുന്നതെന്നും അപമാനിതനായ 26കാരന്‍ ഫറൂഖ് അഹമ്മദ് ധര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. യുവാവിനെ വണ്ടിയുടെ ബോണറ്റിന് മേല്‍ കെട്ടിവെച്ചുകൊണ്ടുള്ള വീഡിയോ ചിത്രം ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പോലീസില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രില്‍ ഒമ്പതാം തീയതി തന്നെ നാലു മണിക്കൂറാണ് ജീപ്പിന് മുകളില്‍ കെട്ടിവെച്ച് പ്രദര്‍ശനം നടത്തിയതെന്ന് ധര്‍ വെളിപ്പെടുത്തി. 25 കിലോമീറ്ററാണ് ധറിന് ഈ അപമാനം സഹിച്ച് സഞ്ചരിക്കേണ്ടി വന്നത്. എന്നാല്‍ പരാതി ഒന്നും കൊടുക്കുന്നില്ലെന്നാണ് ധറിന്റെ തീരുമാനം. തങ്ങള്‍ പാവപ്പെട്ടവരാണ്, അവര്‍ക്കെന്ത് പരാതി എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

’75 വയസുള്ള ആസ്മരോഗിയായ അമ്മയോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. എനിക്ക് പേടിയാവുന്നു. എനിക്കെന്തും സംഭവിച്ചേക്കാം. കല്ലെറിഞ്ഞ് നടക്കുന്ന ആളല്ല ഞാന്‍,’ എന്ന് ധര്‍ ഭീതിയോടെ വെളിപ്പെടുത്തുന്നു. ധറിന്റെ നിലപാടിനെ അമ്മ ഫേയ്‌സിയും പിന്തുണയ്ക്കുന്നു. തങ്ങള്‍ പാവപ്പെട്ടവരാണെന്നും മകനെ നഷ്ടപ്പെടാന്‍ ആഗ്രഹമില്ലെന്നും ആ ഉമ്മ പറയുന്നു.
വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു താന്‍ എന്ന് ധര്‍ വിശദീകരിക്കുന്നു. ഉട്ട്‌ലിഗമ്മില്‍ എത്തിയപ്പോള്‍ തിരഞ്ഞെടുപ്പിനെതിരായി സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് കണ്ട് അദ്ദേഹത്തിന് വണ്ടി നിറുത്തേണ്ടി വന്നു. അതൊരു വലിയ തെറ്റായിപ്പോയി എന്നാണ് ധര്‍ പറയുന്നത്. ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് പട്ടാളക്കാര്‍ ഓടിയെത്തുകയും മര്‍ദ്ദിക്കുകയും ജീപ്പിന്റെ മുന്നില്‍ തന്നെ കെട്ടിവെക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ധറിന്റെ മൊഴി.

പ്രതിഷേധിക്കുകയായിരുന്ന സ്ത്രീകള്‍ തന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പട്ടാളക്കാര്‍ വെടിവെച്ചതിനാല്‍ അവര്‍ക്ക് സമീപത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ലെന്ന് ധര്‍ പറയുന്നു. അവര്‍ ഭയചികിതരായി. ഒരു ശബ്ദം പുറത്തുവന്നാല്‍ വെടിവെച്ചുകളയും എന്ന് പട്ടാളക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജീപ്പിന്റെ മുകളില്‍ കെട്ടിവെച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നതിനിടയില്‍ ഘോസ്പുര എന്ന സ്ഥലത്ത് വച്ച് തന്നെ മോചിപ്പിക്കാന്‍ ചിലര്‍ സൈനികരോട് ആവശ്യപ്പെട്ടതായും ധര്‍ പറഞ്ഞു. എന്നാല്‍ താന്‍ കല്ലെറിയുന്നവനാണെന്നും അതിനാല്‍ മോചിപ്പിക്കാന്‍ സാധ്യമല്ലെന്നുമായിരുന്നു സൈനികരുടെ മറുപടി.

ഏകദേശം നാല് മണിയോടെ മറ്റു സൈനിക വാഹനത്തിലേക്ക് ധറിനെ പ്രവേശിപ്പിക്കുകയും റയാരിയിലുള്ള രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇവിടെ വച്ചൊന്നും അദ്ദേഹത്തിനെ ചോദ്യം ചെയ്യുകയോ മര്‍ദ്ദിക്കുകയോ ഉണ്ടായില്ല. വൈകിട്ട് എഴരയോടെ ഗ്രാമ സര്‍പഞ്ച് ബഷീര്‍ അഹമ്മദ് മാഗ്രെ എത്തിയാണ് ധറിനെ പട്ടാളത്തിന്റെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചത്. ധറിനെ പട്ടാളം പിടിച്ച് വണ്ടിയുടെ മുകളില്‍ കെട്ടിവെച്ചു കൊണ്ടുപോകുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്ന് കൂടെയുണ്ടായിരുന്ന ഹിലാല്‍ അഹമ്മദ് മാഗ്രെ പറയുന്നു. ഉറക്കമില്ലാത്ത രാത്രിയായിരുന്ന് അന്ന് ധറിന്. പിറ്റേ ദിവസം താഴ്‌വരയില്‍ ബന്ദായിരുന്നതിനാല്‍ അദ്ദേഹത്തെ ഒരു പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ എത്തിക്കാനേ സാധിച്ചുള്ളു. അവിടുത്തെ ഡോക്ടര്‍ ചില വേദനസംഹാരികള്‍ നല്‍കി വിട്ടയയ്ക്കുകയായിരുന്നു.

ധറിനെ വാഹനത്തിന് മുന്നില്‍ കെട്ടിവെച്ചുകൊണ്ട് ഇന്ത്യന്‍ പട്ടാളം പ്രദക്ഷിണം നടത്തുന്നത് വെള്ളിയാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പോലീസിനോട് വിശദീകരണം തേടിയത്. സംഭവം അംഗീകരിക്കാനാവില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഒരു ഔദ്യോഗിക പത്രക്കുറിപ്പ് അറിയിച്ചു. ഇത്തരം വീഡിയോകള്‍ പ്രചാരത്തിലാവുന്നതില്‍ തന്റെ ആശങ്ക വ്യക്തമാക്കാനും ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മടിച്ചില്ല.

രണ്ട് ദിവസം മുമ്പ് ഒരു സംഘം യുവാക്കള്‍ സിആര്‍പിഎഫുകാരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇതുപോലെ വലിയ പ്രചാരം നേടിയിരുന്നു. ആ വീഡിയോ സൃഷ്ടിച്ച ധാര്‍മ്മികരോഷമൊന്നും ധറിന്റെ വീഡിയോ സൃഷ്ടിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സംഭവം ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് തന്‍വീര്‍ സാദിഖ് പറഞ്ഞു.

വീഡിയോയിലെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വിശദമായ അന്വേഷണം ഉണ്ടാവുമെന്നുമായിരുന്നു സൈനിക വക്താവ് രാജേഷ് കാലിയ പറഞ്ഞത്. വീഡിയോ ചിത്രീകരിക്കപ്പെട്ടതിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടതെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ എസ് പി വൈദ് പറഞ്ഞു. ഇതുവരെ സംഭവത്തിനെ കുറിച്ച് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ആരെങ്കിലും പരാതിയുമായി പോലീസിനെ സമീപിച്ചാല്‍ സംഭവം സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം ബഡ്ഗാമില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതായുള്ള വീഡിയോയുടെ പേരില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഞ്ച് പേരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയെന്നും അതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്നും വൈദ് പറഞ്ഞു. ഈ സംഭവത്തിന്റെ പേരില്‍ സിആര്‍പിഎഫ് ചദൂര പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കൊല്‍ക്കത്തയില്‍ പറഞ്ഞത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍