UPDATES

‘സൈന്യം വെറി പിടിച്ച മൃഗങ്ങളെപ്പോലെ പെരുമാറിയ’ ആ രാത്രി നമ്മള്‍ മറക്കാതിരിക്കുക

ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ നമ്മള്‍ നിലനില്‍ക്കണമെങ്കില്‍ കുനാന്‍-പൊഷ്പോര ഗ്രാമത്തെ നമ്മള്‍ എന്നും ഓര്‍ക്കുക തന്നെ വേണം

എല്ലാ സമൂഹങ്ങള്‍ക്കും സ്വന്തം വീഴ്ച്ചകളുടെ നാഴികക്കല്ലുകളുണ്ട്, നേട്ടങ്ങളുണ്ട്, കടുത്ത ഓര്‍മ്മപ്പെടുത്തലുകളുണ്ട്. 1975-77 കാലത്തെ അടിയന്തരാവസ്ഥ, 1984-ലെ സിഖ് വിരുദ്ധ കലാപം, 2002-ലെ ഗുജറാത്ത് കലാപം എന്നിവ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇത്തരത്തിലുള്ള ലജ്ജാകരമായ നാഴികക്കല്ലുകളാണ്.

എന്നാല്‍ നമ്മള്‍ വേണ്ടത്ര ഓര്‍മ്മിക്കാത്ത ചില ഭാഗങ്ങളുണ്ട്. കാശ്മീരിലെ സുന്ദരമായ രണ്ടു വിദൂര ഗ്രാമങ്ങളാണവ. കുനാന്‍-പൊഷ്പോര ഗ്രാമങ്ങളെ നാം മറക്കാതിരിക്കുക എന്നത് എന്തുകൊണ്ടും നിര്‍ണായകമാണ്. 1991 ഫെബ്രുവരി 23 രാത്രി മുതല്‍ ഫെബ്രുവരി 24 വെളുപ്പാന്‍ കാലം വരെ അവിടെ നടന്നത് ഇന്ത്യ മറകാതിരിക്കുക എന്നതും പ്രധാനമാണ്. ആ ഗ്രാമീണരെ നാം മറക്കാതിരിക്കുക, അവരെ വിശ്വസിക്കുക എന്നത് നിര്‍ണായകമാണ്, കാരണം അതല്ലെങ്കില്‍ നമുക്ക് ഒരിക്കലും സമാധാനം കണ്ടെത്താനാകില്ല.

കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് അതിനെടുത്തത്, അതും രാത്രിയുടെ മറവില്‍.

1991- ഫെബ്രുവരി ആദ്യം ചില സൈനികര്‍ ഒരു തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് കുനാന്‍-പൊഷ്പോര ഗ്രാമങ്ങള്‍ ആദ്യമായി പത്രങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിച്ചത്. കുപ്വാര ജില്ലയിലെ ആദ്യത്തെ തീവ്രവാദസംബന്ധമായ സംഭവമായിരുന്നു അത്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം സൈന്യം മടങ്ങിയെത്തി, ആ ഗ്രാമങ്ങളിലെ താമസക്കാരുടെ മനസില്‍ ഇനിയൊരിക്കലും മാഞ്ഞുപോകാത്ത തരത്തിലുള്ള ഭീതി നിറച്ചിടാന്‍.

ഫെബ്രുവരി-23ന് വൈകീട്ട് ഒരു ‘തെരച്ചില്‍ ദൌത്യ’ത്തിന്റെ പേരുപറഞ്ഞ് 4-ആം രജ്പുത്താന റൈഫിള്‍സിലെ എണ്ണം കൃത്യമല്ലാത്തത്ര സൈനികര്‍ ആ ഗ്രാമം മുഴുവന്‍ വളഞ്ഞു. എല്ലാ പുരുഷന്മാരോടും വീടുകള്‍ക്ക് വെളിയില്‍ വരാന്‍ ആവശ്യപ്പെട്ടു. അവരെ ചോദ്യം ചെയ്യാനായി മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോയി.

ആണുങ്ങളെ കൊണ്ടുപോയതോടെ, സൈനികര്‍ ഓരോ വീടിനകത്തും കയറി, രാത്രി മുഴുവന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ഈ കൂട്ട ബലാത്സംഗത്തിന്റെ ഇരകളില്‍ 13 മുതല്‍ 80 വയസ് വരെയുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നു. അവരുടെ എണ്ണം കൃത്യമല്ല. കാരണം വിവാഹിതകളായ 53 സ്ത്രീകള്‍ മാത്രമാണ് പൊലീസില്‍ പരാതി നല്‍കുകയോ, FIR രേഖപ്പെടുത്തുകയോ, വൈദ്യ പരിശോധനയ്ക്ക് വിധേയരാവുകയോ ചെയ്തത്. അവിവാഹിതരായ, ഏതാണ്ട് 40-ഓളം പെണ്‍കുട്ടികള്‍ പരാതി നല്‍കിയില്ല. അതവര്‍ക്ക് വലിയ ആത്മനിന്ദ ഉണ്ടാക്കുന്നതും അവരുടെ ഭാവിയെ ബാധിക്കുന്നതുമായിരുന്നു.

പെല്ലറ്റുകള്‍ ലക്ഷ്യംവയ്ക്കുന്നത് കശ്മീരിലെ കുട്ടികളെയാണ്

സൈന്യത്തിനെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട തീവ്രവാദികളെക്കുറിച്ച് വിവരം നല്കാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന ആണുങ്ങളെയും ആണ്‍കുട്ടികളെയും ഭീകരമായി മര്‍ദിച്ചു. അവരില്‍ പലരെയും ജീവിതകാലം മുഴുവന്‍ രോഗികളാക്കിയ ‘ഉരുട്ട് ചികിത്സ’യും വൃഷ്ണങ്ങളിലും തലയോട്ടിയിലും വൈദ്യുതാഘാതം ഏല്‍പ്പിക്കലും പീഡനമുറകളുടെ ഭാഗമായിരുന്നു. ഭയവും മരവിപ്പും അപമാനഭീതിയും മൂലം ആദ്യത്തെ രണ്ടുദിവസം ഗ്രാമീണര്‍ ആരും പരാതി നല്‍കിയില്ല.

സംഭവത്തിന് രണ്ടു ദിവസത്തിന് ശേഷം ജില്ല മജിസ്ട്രേറ്റ് എസ്.എം യാസീന്‍ അന്വേഷണത്തിനായി ഗ്രാമം സന്ദര്‍ശിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, “സായുധ സേന വെറി പിടിച്ച മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്” എന്നാണ്. സൈനികര്‍ 4-ആം രാജ്പുത്താന റൈഫിള്‍സില്‍പ്പെട്ടവരാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഫെബ്രുവരി 23 രാത്രി 11 മണി മുതല്‍ അടുത്ത ദിവസം രാവിലെ 9 മണിവരെ സൈനികര്‍ ഗ്രാമത്തില്‍ താണ്ഡവം നടത്തി എന്നും അദ്ദേഹം പറയുന്നു.

മാര്‍ച്ച് 17-ന് ചീഫ് ജസ്റ്റിസ് മുഫ്തി ബഹാവുദ്ദീന്‍ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള സംഘം ബലാത്സംഗത്തിനെതിരെ പരാതി നല്കുകയും, എന്തുകൊണ്ട് സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നില്ല എന്നറിയാന്‍ പോരാടാന്‍ നിശ്ചയിക്കുകയും ചെയ്ത 53 സ്ത്രീകളുമായി സംസാരിച്ചു. “ഇതുപോലെ, സാധാരണ നവേഷണ നടപടിക്രമങ്ങള്‍ അവഗണിച്ച മറ്റൊരു സംഭവം താന്‍ ഇതുവരെ കണ്ടിട്ടില്ല” എന്നാണ് ജസ്റ്റിസ് ഫാറൂഖി പറഞ്ഞത്.

പെല്ലറ്റുകൾ പെയ്യുന്ന കാശ്മീരിലേക്കും ഒരു യാത്രയാകാം, മി. മോദി

അന്നത്തെ ഡിവിഷണല്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയുടെ നേതൃത്വത്തില്‍ സേന കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള ഒരു കേണല്‍, ബി എസ് എഫിലെ ഒരു കമാണ്ടന്‍റ്, കുപ്വാര ജില്ല ഡെപ്യൂട്ടി കമാണ്ടന്റ്, കുപ്വാര ജില്ല പൊലീസ് മേധാവി എന്നിവരുടെ സംഘവും സ്ഥലത്തെത്തി. 41 സ്ത്രീകളില്‍ നിന്നും മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ഗവര്‍ണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആ ശുപാര്‍ശകള്‍ നീക്കം ചെയ്തിരുന്നു.

ഇന്നേക്കു കൃത്യം 27 വര്‍ഷമാകുന്നു. നമ്മുടെ ആഭ്യന്തര അതിക്രമങ്ങളുടെ വടുക്കളാണ് ആ ഗ്രാമീണര്‍ ഇന്നും പേറുന്നത്. ആ തലമുറയില്‍ നിന്നും രണ്ടുപേര്‍ മാത്രമാണു കോളേജില്‍ പോയത്. മിക്ക പെണ്‍കുട്ടികള്‍ക്കും വരന്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. 16-കാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് 50-കാരനാണ്. ഗ്രാമത്തില്‍ നിന്നും പുറത്തു പോകുമ്പോള്‍ നിരന്തരമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടിവരുന്നു.

ഈ വിദൂര ദേശത്തേക്ക് നമ്മള്‍ നീതിയും ന്യായമായ നഷ്ടപരിഹാരവും എത്തിച്ചില്ലെങ്കില്‍, കുറ്റവാളികളെ ശിക്ഷിച്ചില്ലെങ്കില്‍, കുനാന്‍-പൊഷ്പോര ഗ്രാമത്തിലെ മനുഷ്യരോട് മാപ്പ് പറഞ്ഞിട്ടില്ലെങ്കില്‍, ജനാധിപത്യം എന്നു സ്വയം അവകാശപ്പെടാന്‍ നമുക്കൊരു അര്‍ഹതയുമില്ല. കുനാന്‍-പൊഷ്പോര മറക്കാതിരിക്കുക എന്നത് എന്തുകൊണ്ടും പ്രധാനമാണ്.

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍