UPDATES

ബംഗാളില്‍ കാര്യങ്ങള്‍ കൈവിടുന്നു; മമതയും ബിജെപിയും നേര്‍ക്കുനേര്‍

വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ ബംഗാളില്‍ സമാധാനസേന രൂപീകരിക്കുമെന്നും മമത

ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ ഏറ്റവും രൂക്ഷമായ രീതിയില്‍ ആക്രമണം നടത്തുന്നതില്‍ മുമ്പന്തിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് മറ്റൊരാള്‍. അതുകൊണ്ടു തന്നെ മമതയ്ക്കും ലാലുവിനുമെതിരെ ലഭിക്കുന്ന ഒരവസരവും പാഴാക്കാന്‍ ബി.ജെ.പി ഒരുക്കവുമല്ല. എന്നാല്‍ ഈയാഴ്ച ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കുറെക്കൂടി ഗുരുതരമാണ്. ഒരറ്റത്ത് മമതയും മറുവശത്ത് ബി.ജെ.പിയും. കാര്യങ്ങള്‍ നാടകീയമായി തിരിഞ്ഞിരിക്കുന്നു, ഒരുപക്ഷേ മമതയുടെ സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലേക്ക് പോലും ഇതെത്തിയേക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

സാമുദായിക സംഘര്‍ഷം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഴപ്പങ്ങളുടെ ആരംഭം. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബദൂരിയയില്‍ ഹിന്ദു സമുദായത്തില്‍ പെട്ട ഒരു 11-ാം ക്ലാസുകാരന്‍ പ്രവാചകന്‍ മുഹമ്മദിനെ അധിക്ഷേപിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് സംഭവങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഇവിടെ സാമുദായിക സംഘര്‍ഷവും അക്രമങ്ങളും അരങ്ങേറുകയായിരുന്നു. പോലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയും ചെയ്തു.

പോലീസ് പിന്നീട് ഈ 17-കാരനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. തന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടു പോയി എന്നാണ് ഇയാള്‍ പറഞ്ഞത്.

ഏഴുവര്‍ഷം മുമ്പ് അമ്മയെ നഷ്ടപ്പെട്ട ഈ വിദ്യാര്‍ഥിയെ പിന്നീട് അമ്മാവനാണ് നോക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പിതാവിന് ഇയാളുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും വീട്ടുകാര്‍ പറയുന്നു.

ബദൂരിയയിലെ നൂറിലേറെ വര്‍ഷം പഴക്കമുള്ള മഗൂര്‍ഖലി മിലന്‍ മസ്ജിദിന് എതിര്‍വശത്തുള്ള ഇയാളുടെ ഒറ്റനില വീട് ജനക്കൂട്ടം അഗ്നിക്കിരയാക്കിയിരുന്നു.

ഞായറാഴ്ചയാണ് പ്രവാചകനെ അവഹേളിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഈ മേഖലയില്‍ ചര്‍ച്ചയായത്. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അറിഞ്ഞവര്‍ക്കൊക്കെ ഇത് സാമുദായിക സംഘര്‍ഷത്തിന് കാരണമാകുമെന്ന് അറിയാമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇത് തടയാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഞായറാഴ്ച വൈകിട്ടോടെ ജനക്കൂട്ടം വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ ശേഷമാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയതെന്നും അവര്‍ ആരോപിക്കുന്നു.

വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ ജനക്കൂട്ടം ആദ്യം അവിടെ പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിച്ചേര്‍ന്നെങ്കിലും ഇയാള്‍ രക്ഷപെടുകയായിരുന്നുവെന്ന് മറ്റൊരു പ്രദേശവാസി പറയുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രാത്രി 11 മണിയോടെ ജനക്കൂട്ടം ഇയാളുടെ വീട് ആക്രമിക്കുകയും വീടിന് തീയിടുകയുമായിരുന്നു. തുടര്‍ന്ന് കലാപം പടര്‍ന്നു പിടിക്കുകയും കടകള്‍ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയുമുണ്ടായി. എന്നാല്‍ ഹിന്ദുക്കളും മുസ്ലീങ്ങളും എന്നതിനേക്കാള്‍ വലിയ തോതില്‍ സംഘര്‍മുണ്ടായത് തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണെന്നും പ്രദേശവാസികള്‍ പറയുന്നു.

അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു
സംസ്ഥാന ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് മമത ബാനര്‍ജി ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്ന സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഗവര്‍ണറുടെ പരാമര്‍ശമെന്നും പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് അവര്‍ ആരോപിക്കുകയായിരുന്നു.

കല്‍ക്കത്തയില്‍ നിന്നുള്ള വിശ്വസനീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് കേസരിനാഥ് ത്രിപാഠി മമതയോട് ആവശ്യപ്പെട്ടത് അറസ്റ്റിലായ വിദ്യാര്‍ഥിയെ മോചിപ്പിക്കണമെന്നാണ്. അതിനൊപ്പം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.

ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റിനെ പോലെയാണ് ത്രിപാഠി സംസാരിച്ചതെന്നും മുഖ്യമന്ത്രി പദവി ഒഴിയാന്‍ പോലും തോന്നുന്ന വിധത്തിലാണ് അപമാനിച്ചതെന്നും മമത പിന്നീട് വ്യക്തമാക്കിയിരുന്നു.

തന്റെ സര്‍ക്കാരിന് സംഭവം നേരിടുന്നതില്‍ ‘ചില വീഴ്ചകള്‍’ സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചു കൊണ്ട് തന്നെ അവര്‍ പറഞ്ഞത് സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റി തന്നോട് ഗവര്‍ണര്‍ സംസാരിക്കുന്നത് ഉചിതമല്ലെന്നാണ്. മമത തന്നെയാണ് ബംഗാളിലെ ആഭ്യന്തര വകുപ്പും നിയന്ത്രിക്കുന്നത് എന്നതിനാല്‍ ക്രമസമാധാന പാലനം അവരുടെ ചുമതലയിലാണ് വരിക.

തന്നോട് ഇനി ഇത്തരത്തില്‍ സംസാരിക്കരുതെന്ന് ഗവര്‍ണര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും താന്‍ അധികാരത്തില്‍ വന്നത് സ്വന്തം നിലയ്ക്കാണെന്നും ഗവര്‍ണറോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘ഗവര്‍ണറുടേയോ ബി.ജെ.പിയുടേയോ കാരുണ കൊണ്ടല്ല ഞാന്‍ അധികാരത്തിലെത്തിയത്’- അവര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ സ്വന്തം രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ മമത ബാനര്‍ജിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവന്ന ആരോപണം തെറ്റാണെന്നാണ് രാജ്ഭവന്‍ പിന്നീട് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഭാഷയും രീതിയും ഗവര്‍ണറെ അത്ഭുതപ്പെടുത്തിയെന്നും ഈ കുറിപ്പില്‍ പറയുന്നു.

സമാധാന സേന
സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബിജെപി കരുതിക്കൂട്ടി ശ്രമിക്കുകയന്നും മമത ബാനര്‍ജി ആരോപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അവാസ്ഥവങ്ങളായ കാര്യങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അവരുടെ ഗൂഡപദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ അവര്‍ ഇത്തരത്തില്‍ നുണപ്രചരണം നടത്തുകയും അവിടങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്തിരുന്നു. അതാണ്‌ അവര്‍ ബംഗാളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

സാമുദായിക സൌഹാര്‍ദം തകര്‍ക്കുന്നതിനെതിരെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളെ ഉള്‍പ്പെടുത്തി ശാന്തി വാഹിനി’ എന്ന സമാധാന സേന രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ആളിപ്പടരാതിരിക്കാന്‍ പോലീസിനെ കൊണ്ട് മാത്രം സാധിക്കില്ലെന്നും ഓരോ ബൂത്ത്‌ തലത്തിലും ഇത്തരത്തിലുള്ള സമാധാന സേന രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍