UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര; കുംബ്ലയ്ക്ക് ആദ്യ പരീക്ഷണം

അഴിമുഖം പ്രതിനിധി

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര 21 ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറെ പ്രതീക്ഷയിലാണ്. പുതിയ കോച്ച് അനില്‍ കുംബ്ലയുടെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. നാല് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി. ഇതിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. 49 ദിവസം നീണ്ടു നില്‍ക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ സബീന പാര്‍ക്കിലും മൂന്നാം ടെസ്റ്റ് സെന്റ് ലൂസിയയിലും അവസാന ടെസ്റ്റ് ട്രിനിഡാഡിലുമാണ് നടക്കുക.

1948 ലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റുമുട്ടിയത്. ഇതുവരെ മല്‍സരിച്ച 90 ടെസ്റ്റ് മല്‍സരങ്ങളില്‍ 30 എണ്ണം വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് 16 എണ്ണം മാത്രം. 44 മല്‍സരങ്ങള്‍ സമനിലയിലായി. സ്വന്തം നാട്ടില്‍ ഇന്ത്യ 11 വിജയം നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ 5 എണ്ണം മാത്രം. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് സ്വന്തം നാട്ടിലും ഇന്ത്യയിലും നേടിയ വിജയങ്ങളുടെ എണ്ണം ഏറെക്കുറെ തുല്യമാണ്. 116 ഏകദിനങ്ങളില്‍ 60 എണ്ണം വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ 53 എണ്ണത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.

1971 ലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ പരമ്പര നേടുന്നത.് വെസ്റ്റ് ഇന്‍ഡീസില്‍  നടന്ന അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ കലാശിച്ചു. വീണ്ടും ഒരു പരമ്പര വിജയം നേടാന്‍ ഇന്ത്യയ്ക്ക് ഏഴ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 78 ഡിസംബര്‍ മുതല്‍ 79 ഫെബ്രുവരി വരെ നിന്ന പരമ്പരയില്‍ 6 മല്‍സരങ്ങളാണുണ്ടായിരുന്നത്. അഞ്ച് മല്‍സരങ്ങള്‍ സമനിലയായപ്പോള്‍ ഒരു വിജയത്തിന്റെ ബലത്തില്‍ ഇന്ത്യ പരമ്പര നേടുകയായിരുന്നു.

87, 94 വര്‍ഷങ്ങളില്‍ ഇരു ടീമുകളും പരമ്പര പങ്കിട്ടു. എന്നാല്‍ കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ച്ചയായി പരമ്പര വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2002 മുതല്‍ 2013 വരെ നടന്ന അഞ്ച് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി. 2013 നവംബറിലാണ് അവസാനമായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര നടന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മല്‍സത്തില്‍ ഇന്നിംഗ്‌സിനും126 റണ്‍സിനുമായിരുന്നു
ഇന്ത്യയുടെ വിജയം. രണ്ടിന്നിംഗ്‌സുകളിലുമായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ പ്രഗ്യാന്‍ ഓജയുടെ മികവിലായിരുന്നു ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. 2749 റണ്‍സ് നേടിയ സുനില്‍ ഗാവസ്‌കറാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ജൂണില്‍ സിംബാവെയ്‌ക്കെതിരെ നടന്ന ഏകദിന, ട്വന്റി-20 പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത് ഇന്ത്യന്‍ ടീമിന് ഏറെ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിയും പരമ്പരയെ പ്രാധാന്യത്തോടെ കാണുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടയില്‍ ടീമംഗങ്ങളെ പ്രചോദിപ്പിക്കാന്‍ കോച്ച് അനില്‍ കുംബ്ലെ നടത്തിയ വണ്‍ അവര്‍ ചലഞ്ച് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ പുറത്താകാതെ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനായിരുന്നു ബാറ്റ്‌സ്മാന്‍മാര്‍ക്ക് കുംബ്ലെയുടെ നിര്‍ദ്ദേശം. കിട്ടാവുന്നത്ര വിക്കറ്റ് നേടാന്‍ ബൗളര്‍മാരോടും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്ത് രണ്ട് തവണയാണ് ക്യാപ്റ്റന്‍ കോഹ്ലി പുറത്തായത്. രവീന്ദ്ര ജഡേജ ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാരും ക്യാപ്റ്റന്റെ വഴി പിന്തുടര്‍ന്നപ്പോള്‍ ചലഞ്ചില്‍ വിജയിക്കാനായത് ഒരാള്‍ക്ക് മാത്രം. അജിങ്ക്യ രഹാനയ്ക്ക്. തന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മിക്ക മല്‍സരങ്ങളിലും രഹാനെ ടീമിന് ജയം സമ്മാനിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങുമ്പോഴും ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ തുറപ്പു ചീട്ടാകുമെന്നതില്‍ തര്‍ക്കമില്ല. സിംബാവെ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ലോകേഷ് രാഹുലും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരുടെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകും.

മറുവശത്ത് വെസ്റ്റ് ഇന്‍ഡീസ് കരുത്തരാണ്. ആദ്യ രണ്ട് ലോകകപ്പ് നേട്ടം മാത്രം കൈമുതലായുണ്ടായിരുന്ന അവര്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. പഴയതിനേക്കാള്‍ വീര്യത്തോടെയാണ് അവര്‍ ഓരോ മല്‍സരവും വിജയിച്ചു കയറുന്നത്. ക്രിക്കറ്റ് ബോര്‍ഡുമായി കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും മല്‍സരത്തിനു വേണ്ട തയ്യാറെടുപ്പുകളില്ലാത്തതുമൊന്നും പിച്ചിലെ അവരുടെ പ്രകടനത്തെ ബാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് 20-20 ലോകകപ്പ് വിജയം. സ്വന്തമായി ജഴ്‌സി പോലുമില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിനായി ഇന്ത്യയിലേക്ക് വണ്ടി കയറിയത്. അതിനും ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് 15 പേരടങ്ങിയ ടീമിനെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വം മനസിലാക്കി ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ വെറും കയ്യോടെ വന്നവര്‍ കപ്പുമായി മടങ്ങി. സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് അവര്‍ ഫൈനലിലെത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചൊതുക്കി സിമ്മണ്‍സ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല വെസ്റ്റ് ഇന്‍ഡീസ് മല്‍സരത്തിനിറങ്ങുന്നത് എന്നതാണ് അവരുടെ സവിശേഷത. പരിചയ സമ്പന്നനായ സിമണ്‍സ് മുതല്‍ പുതുമുഖമായ ബ്രാത്വെയ്റ്റ് വരെ എല്ലാവരും വേണ്ട സമയത്ത് അവസരത്തിനൊത്ത് ഉയര്‍ന്നു. ക്യാപ്റ്റന്‍ സമി പറഞ്ഞതു പോലെ 15 മാച്ച് വിന്നര്‍മാരാണ് വെസ്റ്റ് ഇന്‍ഡീസിനുണ്ടായിരുന്നത്. എന്നാല്‍ വിരാട് കോഹ്ലിയെ മാത്രം മുന്നില്‍ക്കണ്ട് നിര്‍ണായക പോരാട്ടത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു. ലോകകപ്പ് പരാജയത്തിന്റെ നാണക്കേട് കഴുകിക്കളയാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. മികച്ച ഫോമിലുള്ള വെസ്റ്റിഡീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യ കഠിന പ്രയത്‌നം നടത്തേണ്ടി വരുമെന്ന് ഉറപ്പ്.

ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിച്ചത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും. ഹോള്‍ഡറുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന കരീബിയന്‍ പട പൊരുതുമെന്ന കാര്യം ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍